പാലക്കാടിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ ദീർഘകാലം നിറഞ്ഞുനിന്ന കോൺഗ്രസ് നേതാവ് കെ. അച്യുതൻ (76) അന്തരിച്ചു. തുടർച്ചയായി നാല് തിരഞ്ഞെടുപ്പുകളിൽ ചിറ്റൂരിൽനിന്ന് നിയമസഭയിലേക്ക് വിജയിച്ച അച്യുതൻ, പാലക്കാട്ട് കോൺഗ്രസ് പ്രതിസന്ധി നേരിട്ട കാലത്തും നിയമസഭയില്‍ പാർട്ടിയുടെ കരുത്തുറ്റ സാന്നിധ്യമായി. തദ്ദേശഭരണ രംഗത്തും സഹകരണ മേഖലയിലും കെട്ടിപ്പടുത്ത രാഷ്ട്രീയ അടിത്തറയാണ് അദ്ദേഹത്തെ ചിറ്റൂരിന്റെ ജനപ്രതിനിധിത്വത്തിലേക്ക് എത്തിച്ചത്.
1950 ഫെബ്രുവരി 24ന് തത്തമംഗലത്തെ കാർഷിക കുടുംബത്തിൽ ജനിച്ച അച്യുതൻ തദ്ദേശ രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനത്തിന്റെ മുൻനിരയിലെത്തിയത്. 1979-84, 1988-95, 1995-98 കാലഘട്ടങ്ങളിലായി ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായി പ്രവർത്തിച്ചു. തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചു. ചിറ്റൂർ പ്രൈമറി കോ-ഓപ്പറേറ്റീവ് അഗ്രികൾച്ചർ ഡെവലപ്‌മെന്റ് ബാങ്കിന്റെ പ്രസിഡന്റും ഡയറക്ടറുമായിരുന്നു. ജില്ലാ കൗൺസിൽ അംഗം, ജില്ലാ പ്ലാനിങ് കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
കൃഷിയുമായും സഹകരണ സ്ഥാപനങ്ങളുമായുമുള്ള അടുത്ത ബന്ധമാണ് പ്രാദേശിക തലത്തിൽ അദ്ദേഹത്തിന് ശക്തമായ ജനകീയപിന്തുണയുണ്ടാക്കിയത്. തദ്ദേശ രാഷ്ട്രീയത്തിലെ അനുഭവസമ്പത്തുമായാണ് അച്യുതൻ നിയമസഭയിലേക്ക് മല്‍സരിക്കുന്നത്. 1996ൽ ചിറ്റൂരിൽനിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2001, 2006, 2011 തിരഞ്ഞെടുപ്പുകളിലും വിജയം ആവർത്തിച്ചു. നാല് തവണ തുടർച്ചയായി മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം രണ്ട് പതിറ്റാണ്ടോളം ചിറ്റൂരിന്റെ രാഷ്ട്രീയ മുഖമായി തുടർന്നു. 2016ലെ തിരഞ്ഞെടുപ്പോടെയാണ് അദ്ദേഹത്തിന്റെ നിയമസഭാ സാന്നിധ്യത്തിന് വിരാമമായത്. ആ തിരഞ്ഞെടുപ്പിൽ ജനതാദൾ നേതാവ് കെ. കൃഷ്ണൻകുട്ടിയാണ് ചിറ്റൂരിൽനിന്ന് വിജയിച്ചത്.
തൊഴിലാളി സംഘടനാ രംഗത്തും അച്യുതൻ സജീവമായിരുന്നു. മലബാർ സിമന്റ്സ് ഐഎൻടിയുസി യൂണിയൻ പ്രസിഡന്റ്, ചിറ്റൂർ കയർ ക്ലസ്റ്റർ പ്രസിഡന്റ്, പള്ളത്തേരി ഇൻഡസ്ട്രീസ് ഐഎൻടിയുസി യൂണിയൻ പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചു. തദ്ദേശഭരണം, സഹകരണം, കൃഷി, തൊഴിലാളി സംഘടനാ പ്രവർത്തനം എന്നിവയിലൂടെ രൂപപ്പെട്ട വിശാലമായ ബന്ധങ്ങളാണ് ചിറ്റൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ അച്യുതന്റെ സ്വാധീനത്തിന് അടിത്തറയായത്. മണ്ഡലത്തിന്റെ പ്രാദേശിക രാഷ്ട്രീയ സമവാക്യങ്ങളിലും സംഘടനാ പ്രവർത്തനങ്ങളിലും അദ്ദേഹം ദീർഘകാലം സജീവമായി ഇടപെട്ടു.
അച്യുതന്റെ രാഷ്ട്രീയ ജീവിതത്തിന് തുടർച്ചയായാണ് മകൻ അഡ്വ. സുമേഷ് അച്യുതന്റെ നിയമസഭാ പ്രവേശനവും. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ചിറ്റൂരിൽനിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച സുമേഷ് 65,325 വോട്ട് നേടി വിജയിച്ചു. തത്തമംഗലത്തെ തദ്ദേശ രാഷ്ട്രീയത്തിൽനിന്ന് ചിറ്റൂരിന്റെ നിയമസഭാ പ്രതിനിധിത്വത്തിലേക്കുള്ള അച്യുതന്റെ യാത്ര പതിറ്റാണ്ടുകൾ നീണ്ട പൊതുപ്രവർത്തനത്തിന്റെ ചരിത്രം കൂടിയാണ്. അദ്ദേഹത്തിന്റെ വിയോഗത്തോടെ ചിറ്റൂരിലെ കോൺഗ്രസിന് നഷ്ടമാകുന്നത് മണ്ഡലത്തിന്റെ രാഷ്ട്രീയ വളർച്ചയ്ക്കൊപ്പം ദീർഘകാലം സഞ്ചരിച്ച മുതിർന്ന നേതാവിനെയാണ്.