• തിരഞ്ഞെടുപ്പ് തോല്‍വിയില്‍ അണികളെ പഴിച്ച പിണറായി വിജയന്‍റെ നിലപാട് തള്ളിയ പ്രസ്താവനയില്‍ ഉറച്ച് നിന്ന് തോമസ് ഐസക്. പാര്‍ട്ടി കേന്ദ്ര കമ്മറ്റിയുടെ അവലോകനത്തില്‍ പറയുന്ന കാര്യമാണ് പ്രസംഗിച്ചതെന്ന് തോമസ് ഐസക്

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ അണികളെ പഴിച്ച പിണറായി വിജയന്‍റെ നിലപാട് തള്ളിയ പ്രസ്താവനയില്‍ ഉറച്ച് നിന്ന് തോമസ് ഐസക്.  പാര്‍ട്ടി കേന്ദ്ര കമ്മറ്റിയുടെ അവലോകനത്തില്‍ പറയുന്ന കാര്യമാണ് പ്രസംഗിച്ചതെന്ന് തോമസ് ഐസക് വ്യക്തമാക്കി. തോല്‍വിയുടെ ഉത്തരവാദിത്തം ജനങ്ങള്‍ക്കാണോ എന്ന ചോദ്യത്തിന് പറയേണ്ട കാര്യങ്ങള്‍ വൃത്തിയായി പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഐസക്കിന്‍റെ മറുപടി. വിശാല പ്രവര്‍ത്തകസമിതി യോഗത്തിനുള്ള രേഖയില്‍ തോല്‍വിക്ക് കാരണമായ സംഘടന വീഴ്ചകള്‍ ഉള്‍പ്പെടുത്തും. നേതൃത്വത്തിന് വീഴ്ചയില്ലെന്ന നിലപാട് പിണറായി വിജയന്‍ ആവര്‍ത്തിക്കുന്നതിനിടെയാണിത്. 

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പിഴച്ചത് നേതൃത്വത്തിനല്ല, അണികള്‍ക്കും അനുഭാവികള്‍ക്കുമാണെന്ന പിണറായി വിജയന്‍റെ നിലപാടിനെ പരസ്യമായി തള്ളുന്ന ഈ പ്രസംഗത്തില്‍ നിന്ന് ഒരടി പിന്നോട്ട് പോകാതെയാണ് തോമസ് ഐസക് ഇന്ന് മാധ്യമങ്ങളെ കണ്ടത്. പറഞ്ഞത് പാര്‍ട്ടി കേന്ദ്ര കമ്മറ്റിയുടെ അവലോകനത്തിലുള്ള കാര്യങ്ങളാണെന്നും അതിത്ര ചര്‍ച്ചയാകുന്നത് എന്തിനെന്നും ഐസക് അദ്ഭുതം കൂറുന്നു . Also Read: സഹായമല്ല, ദുരന്തത്തിന് ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് നേപ്പാള്‍

പയ്യന്നൂരും, തളിപ്പറമ്പും നടന്ന രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ തെരഞ്ഞെടുപ്പ് തോല്‍വികളില്‍ പാര്‍ട്ടി അണികളെയും അനുഭാവികളെയും പഴിച്ച് പിണറായി വിജയന്‍ സംസാരിച്ചിരുന്നു. ഇതില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് വിവരം. സംസ്ഥാന നേതാക്കളില്‍ ഒരു വിഭാഗത്തിനും വിയോജിപ്പുണ്ട്. ഇത് പരസ്യമാക്കുന്നതാണ് തോമസ് ഐസകിന്‍റെ പ്രസംഗവും വിശദീകരണവും. 

തിരഞ്ഞെടുപ്പ് തോല്‍വിയുടെ കാരണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഈ മാസം 7,8 തിയ്യതികളില്‍ ചേരുന്ന വിശാല സംസ്ഥാന കമ്മറ്റി യോഗത്തിലേക്ക് തയ്യാറാക്കുന്ന രേഖയുടെ ഉള്ളടക്കത്തിലും ഈ കാര്യങ്ങളുണ്ടാകും. നേതൃത്വത്തിനുള്‍പ്പെടേ സംഘടന തലത്തിലുണ്ടായ വീഴ്ചകള്‍, അവ പരിഹരിക്കുന്നതിനുള്ള നടപടികള്‍ എന്നിവ രേഖയിലുണ്ടെന്നാണ് വിവരം. പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയിലും കേഡര്‍ സംവിധാനത്തിലും കാതലായ മാറ്റങ്ങള്‍ രേഖ നിര്‍ദേശിക്കും. താഴെത്തട്ടില്‍ നിര്‍ജീവമായ കമ്മറ്റികള്‍ പുന:സംഘടിപ്പിക്കാനും തീരുമാനമുണ്ടായേക്കും. 

ENGLISH SUMMARY:

Thomas Isaac has stood firm on his statement rejecting Pinarayi Vijayan’s stance of blaming party workers for the electoral defeat. Thomas Isaac clarified that he had spoken about matters mentioned in the Communist Party of India (Marxist) central committee’s review. Asked whether the responsibility for the defeat lies with the people, Isaac replied that the issues that needed to be stated had been clearly articulated. The document being prepared for the extended state committee meeting will include organisational failures that contributed to the defeat. This comes as Pinarayi Vijayan continues to maintain that there were no lapses on the part of the leadership.