തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നേതൃത്വത്തിന്‍റെ വീഴ്ചകള്‍ സമ്മതിക്കാതെയുള്ള പിണറായിയുടെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ വിശാല സംസ്ഥാന സമിതിയുടെ ചര്‍ച്ചകളെ സ്വാധീനിക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കമെന്ന് പാര്‍ട്ടിക്കുള്ളില്‍ വികാരം ശക്തമാവുന്നു . പാര്‍ട്ടി നിലപാട് വിശദീകരിക്കേണ്ടത് സംസ്ഥാന സെക്രട്ടറിയാണെന്നിരിക്കെ പിണറായി വിജയന്‍ തന്നെ നേരിട്ട് പാര്‍ട്ടി കോട്ടകളിലെത്തിയത് വിശാല സംസ്ഥാന സമിതിയുടെ വിമര്‍ശങ്ങള്‍ക്ക് തടയിടാനാണെന്ന് ചര്‍ച്ച പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. തോല്‍വിയില്‍ നേതൃത്വത്തിന്‍റെ വീഴ്ചകള്‍ ഉള്‍പ്പടെ കേന്ദ്രകമ്മിറ്റി പരസ്യമാക്കിയിട്ടും അതിനെ ഗൗനിക്കാതെയാണ് പിണറായി വിജയന്‍ ന്യായീകരണങ്ങള്‍ നിരത്തുന്നത്
തിരഞ്ഞെടുപ്പില്‍ തോറ്റതിനപ്പുറത്തേക്ക് ഉറച്ച കോട്ടകളായ പയ്യന്നൂരും തളിപ്പറമ്പിലും കാല്‍ചുവട്ടിലെ മണ്ണ് ഒലിച്ചു പോയതില്‍ പിണറായി നല്‍കുന്ന വിശദീകരണം, തെറ്റായ പ്രചാരണങ്ങള്‍ ജനങ്ങള്‍ക്ക് ആശയകുഴപ്പമുണ്ടാക്കി എന്നതാണ്. അതായത് നേതൃത്വത്തിന് ഒരു വീഴ്ചയുമുണ്ടായില്ല. എല്‍ഡിഎഫിന്‍റെ തോല്‍വിക്ക് നേതാക്കളുടെ വീഴ്ചകളും പാര്‍ട്ടിയുടെ സംഘടനാ ദൗര്‍ബല്യവും കേന്ദ്രകമ്മിറ്റി പരസ്യമാക്കിയിട്ടും വീഴ്ചകള്‍ സമ്മതിക്കാന്‍ പിണറായി തയ്യാറല്ലെന്ന് വ്യക്തമാവുകയാണ്. പി കെ ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതും കെ കെ ശൈലജയെ മണ്ഡലം മാറ്റിയതും നേതൃത്വത്തിന്‍റെ വീഴ്ചയെന്ന് കേന്ദ്രകമ്മിറ്റി വ്യക്തമാക്കിയിരുന്നു. ഇതൊന്നും രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ പിണറായി പരാമര്‍ശിക്കുന്നതേയില്ല .
തെറ്റുതിരുത്തി തിരിച്ചുവരാന്‍ ലക്ഷ്യമിടുന്ന വിശാല സംസ്ഥാന സമിതിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെയും പ്രതിപക്ഷനേതാവിനെതിരെയും വിമര്‍ശനങ്ങള്‍ കടുക്കാനുള്ള സാധ്യതയുണ്ട്. ഇതിനെ തടയിടാനുള്ള അജന്‍ഡ സെറ്റു ചെയ്യുകയാണ് രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലൂടെ പിണറായി വിജയനും സംസ്ഥാന നേതൃത്വവും. കോഴിക്കോട് ചേരുന്ന വിശാല സംസ്ഥാന സമിതിയില്‍ നേതൃമാറ്റത്തിനുള്‍പ്പടെ ആവശ്യമുയരുന്നത് തള്ളിക്കളയാനാവില്ലെന്ന് സിപിഎമ്മിലെ ഒരു വിഭാഗം സൂചിപ്പിക്കുന്നു. ഇതിനെ തടയിടാന്‍ വേണ്ടി കൂടിയാണ് സംസ്ഥാന സെക്രട്ടറി വിളിക്കേണ്ട രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ പിണറായി വിജയന്‍ തന്നെ നേരിട്ടെത്തി സംസാരിക്കുന്നത്. ഇപ്പോഴും താനാണ് കരുത്തന്‍ എന്ന സ്ഥാപിക്കാന്‍ രാഷ്ട്രീയ വിശദീകരണ യോഗങ്ങളിലൂടെ പിണറായി വിജയന്‍ നടത്തുന്ന നീക്കം എത്രത്തോളം ഫലം കാണുമെന്ന് കണ്ടറിയണം.