കേന്ദ്രസർക്കാരിന്റെ വികസന നയങ്ങൾ ഗുജറാത്തിനെ മാത്രം കേന്ദ്രീകരിച്ചുള്ളതാണെന്നുള്ള തമിഴ്‌നാട് മുൻ ബി.ജെ.പി അധ്യക്ഷൻ കെ.അണ്ണാമലൈയുടെ വിമർശനത്തെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും തൃക്കരിപ്പൂര്‍ എംഎല്‍എയുമായ സന്ദീപ് വാര്യര്‍. രാജ്യത്തെ നികുതിപ്പണം ഉപയോഗിച്ചുള്ള പ്രധാന നിക്ഷേപങ്ങളും സാങ്കേതിക പദ്ധതികളും വമ്പൻ വ്യവസായങ്ങളും ഒരു സംസ്ഥാനത്തേക്ക് മാത്രമായി മാറ്റുന്നത് ഫെഡറലിസത്തിന് വെല്ലുവിളിയാണെന്നായിരുന്നു അണ്ണാമലൈയുടെ വിമര്‍ശനം. പിന്നാലെ, രാഷ്ട്രീയമായി അദ്ദേഹത്തോട് എല്ലാ കാര്യങ്ങളിലും യോജിപ്പില്ലെങ്കിലും, ബിജെപിക്കെതിരെ അദ്ദേഹം ഇപ്പോൾ ഉയർത്തുന്ന വിമർശനങ്ങൾ തികച്ചും വസ്തുതാപരവും ഗൗരവമായി ചർച്ച ചെയ്യപ്പെടേണ്ടതുമാണെന്ന് താൻ വിശ്വസിക്കുന്നെന്ന് സന്ദീപ് വാര്യര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഇന്ത്യ ടുഡേ സംഘടിപ്പിച്ച പരിപാടിയിലാണ് അണ്ണാമലൈ ബിജെപിക്കെതിരെ വിമര്‍ശനം അഴിച്ചുവിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സംസ്ഥാനമായ ഗുജറാത്തിലേക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനികളും ചിപ്പ് നിർമാണ പ്ലാന്റുകളും ബുള്ളറ്റ് ട്രെയിൻ പദ്ധതിയും കേന്ദ്രം മാറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2030-ലെ കോമൺവെൽത്ത് ഗെയിംസ്, പൊലീസ് ഗെയിംസ്, 2036-ലെ ഒളിമ്പിക്സ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ കായിക മത്സരങ്ങൾ അഹമ്മദാബാദിൽ സംഘടിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അണ്ണാമലൈ ചൂണ്ടിക്കാട്ടി. ഈ ഗുജറാത്ത് മോഡൽ അംഗീകരിക്കാൻ കഴിയില്ലെന്നും, ഒരു സംസ്ഥാനത്ത് മാത്രമായി അവസരങ്ങൾ കേന്ദ്രീകരിക്കുന്നത് ഇന്ത്യയുടെ വികസന മാതൃകയല്ലെന്നും അത് മാറണമെന്നും അണ്ണാമലൈ പറഞ്ഞു.
പിന്നാലെയാണ് രാഷ്ട്രീയമായി വിയോജിപ്പുകളുണ്ടെങ്കിലും അണ്ണാമലൈയുടെ വാദങ്ങൾ ഗൗരവമേറിയതാണെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയത്. അണ്ണാമലൈയുടെ ഈ തുറന്നുപറച്ചിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ കാലങ്ങളായുള്ള പരാതികളെ ശരിവെക്കുന്നതെന്ന് സന്ദീപ് വാര്യർ ഫെയ്‌സ്ബുക്കിൽ കുറിച്ചു. വാജ്‌പേയിയുടെ കാലത്തെ ബിജെപിയിൽ നിന്നും വ്യത്യസ്തമായി, ഇന്ന് ബിജെപി കേവലം ഉത്തരേന്ത്യൻ പാർട്ടിയായി ചുരുങ്ങിയിരിക്കുന്നു. കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, ഒരു 'ഗുജറാത്തി പാർട്ടി’, ഒരു 'ഗുജറാത്തി കമ്പനി' ആയി മാറിയിരിക്കുന്നു എന്നതാണ് യാഥാർഥ്യമെന്നും സന്ദീപ് പറയുന്നു.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് അങ്ങേയറ്റത്തെ രാഷ്ട്രീയ വിവേചനമാണ് ബിജെപി കാണിക്കുന്നത്. പാർട്ടിയിലെ ഉന്നത നേതാക്കൾക്ക് ദക്ഷിണേന്ത്യക്കാരോട് പുച്ഛമാണ്. കേന്ദ്ര പദ്ധതികളുടെ പേരുകളിൽ ഹിന്ദി മാത്രം ഉപയോഗിച്ച് ദക്ഷിണേന്ത്യൻ ഭാഷകളെ തഴയുന്നതായും അദ്ദേഹം ആരോപിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള വ്യവസ്ഥാപിതമായ ശ്രമങ്ങളുടെ ഭാഗം കൂടിയാണിത്. ബിജെപിയുടെ ദേശീയ ഭാരവാഹി ലിസ്റ്റിൽ പോലും ദക്ഷിണേന്ത്യക്കാരോടുള്ള ഈ അവഗണന വളരെ പ്രകടമാണെന്നും സന്ദീപ് കുറിച്ചു. രാജ്യത്തിന്റെ മൊത്തം സമ്പത്തും വികസനവും ഒരു സംസ്ഥാനത്തേക്ക് മാത്രമായി ഒഴുകുകയാണെന്നും ഫെഡറലിസത്തെയും തുല്യനീതിയെയും കുറിച്ചുള്ള ഈ ചർച്ചകൾ ഇനിയും സജീവമാകേണ്ടതുണ്ടെന്നും സന്ദീപ് പറഞ്ഞു.