ed-case

ഇ.ഡി ആക്രമണ കേസില്‍ 58 പ്രാദേശിക സി.പി.എം നേതാക്കള്‍ കൂടി നിരീക്ഷണത്തില്‍. കേസിലെ പ്രതികളുമായി നിരന്തരം ബന്ധപ്പെട്ട ഇവര്‍ക്ക് ഗൂഡാലോചനയില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടങ്ങി. ഇവരുടെ മൊഴിയെടുത്ത ശേഷം എം.വി. ഗോവിന്ദന്‍, വി. ശിവന്‍കുട്ടി ഉള്‍പ്പടെയുള്ള പ്രധാന നേതാക്കളെയും ചോദ്യം ചെയ്യും.

പിണറായി വിജയന്‍റെ വീട്ടില്‍ പരിശോധനക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചവര്‍ ആരൊക്കെയെന്ന ആദ്യ ഘട്ട അന്വേഷണം പൂര്‍ത്തിയായി. 27 പ്രതികള്‍ പിടിയിലായി. ഇനി ഗൂഡാലോചന കേന്ദ്രീകരിച്ചുള്ള രണ്ടാം ഘട്ട അന്വേഷണമാണ്. അതില്‍ ആദ്യപട്ടികയില്‍ 58 പ്രാദേശിക നേതാക്കളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 

അറസ്റ്റിലായ പ്രതികളുടെ ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിച്ചാണ് പട്ടിക തയാറാക്കിയത്. ആക്രമണം നടന്ന ദിവസം പ്രതികളുമായി അഞ്ചിലേറെ തവണ ഫോണ്‍ വിളിച്ചവരാണ് പട്ടികയിലുള്ളത്. സി.പി.എം നേതാക്കള്‍ക്ക് പുറമേ എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കളും പട്ടികയിലുണ്ട്. ഇവരെ നോട്ടീസ് നല്‍കി ചോദ്യം ചെയ്തുവരികയാണ്. രണ്ടാഴ്ചക്കുള്ളില്‍ ഇവരുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കും. ഇതിന് ശേഷം പ്രധാന നേതാക്കളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. 

ആക്രമണം നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന എം.വി.ഗോവിന്ദന്‍, വി.ശിവന്‍കുട്ടി, വി.ജോയ്, വി.കെ. പ്രശാന്ത് തുടങ്ങി പ്രധാനപ്പെട്ട നേതാക്കളെയും ചോദ്യം ചെയ്യാനാണ് തീരുമാനം. ഇവരുടെ നിര്‍ദേശപ്രകാരമാണ് പ്രതിഷേധമെന്ന് കണ്ടെത്തിയാല്‍ പ്രതിയാക്കാനും തീരുമാനമുണ്ട്.

ENGLISH SUMMARY:

The ED attack case has put 58 local CPM leaders under scrutiny as the police investigate their potential involvement in the conspiracy. Their statements will be recorded before key leaders like M.V. Govindan and V. Sivankutty are questioned.