tg-mohandas-bail

വിദ്വേഷ പ്രസ്താവനയില്‍ ആര്‍.എസ്.എസ് ആശയപ്രചാരകന്‍ ടി.ജി. മോഹന്‍ദാസിനെ അറസ്റ്റ് ചെയ്തതില്‍ പൊലീസിന് വീഴ്ചയെന്ന് കോടതി. നോട്ടീസ് നല്‍കാതെ അറസ്റ്റ് ചെയ്തതിനെയാണ് ജാമ്യ ഉത്തരവില്‍ കോടതി വിമര്‍ശിച്ചത്. എസ്.ഡി.പി.ഐ നേതാവിന്‍റെ പരാതിയില്‍ കേസെടുത്തതിനും പൊലീസിന് വിമര്‍ശനം. അതിനിടെ ജാമ്യ ഉപാധിപ്രകാരം മോഹന്‍ദാസ് ചോദ്യം ചെയ്യലിന് ഹാജരായി.

ടി.ജി. മോഹന്‍ദാസിന്‍റെ അറസ്റ്റില്‍ പൊലീസിന് നാട്ടുകാരില്‍ നിന്ന് കയ്യടി കിട്ടിയെങ്കിലും കോടതിയില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണുണ്ടായത്. നടപടി ക്രമങ്ങളിലെ വീഴ്ച പറഞ്ഞാണ് തിരുവനന്തപുരം എ.സി.ജെ.എം കോടതി സൈബര്‍ ക്രൈം പൊലീസിനെ കുടഞ്ഞത്. കേസെടുത്ത് 11 ദിവസമായിട്ടും നോട്ടീസ് നല്‍കാത്തത് എന്തെന്നായിരുന്നു കോടതിയുടെ ചോദ്യം. നോട്ടീസ് നല്‍കിയാല്‍ പ്രതി ഒളിവില്‍ പോകുമെന്ന് ഭയന്നിട്ടാണ് നോട്ടീസ് നല്‍കാത്തതെന്ന പ്രോസിക്യൂഷന്‍റെ മറുപടി കോടതി തള്ളി. 

ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ കിട്ടുന്ന കേസില്‍ നോട്ടീസ് നിര്‍ബന്ധമാണ്.  കോടതി നിര്‍ദേശം പാലിക്കാത്ത ഇത്തരം  അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ഉത്തരവില്‍ രേഖാമൂലം എഴുതി. ഇതുകൂടാതെ എസ്.ഡി.പി.ഐയുമായി ബന്ധമുള്ള യംങ് ഡെമോക്രാറ്റ് എന്ന സംഘടനയുടെ നേതാവിന്‍റെ പരാതിയില്‍ കേസെടുത്തതിനെയും വിമര്‍ശിച്ചു. പരാതിക്കാരന് കേസുമായി ബന്ധമില്ലെന്നും രാഷ്ട്രീയ വൈരാഗ്യമാവാം പരാതിക്ക് കാരണമെന്നും കോടതി നിരീക്ഷിച്ചു. 

വനിതകള്‍ നല്‍കിയ പരാതിയില്‍ കേസെടുക്കാത്ത പൊലീസ് നീക്കത്തെയും വിമര്‍ശിച്ചു. ഈ വീഴ്ചകള്‍ കൂടാതെ മോഹന്‍ദാസിന്‍റെ പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കേസുമായി സഹകരിക്കുന്ന രീതിയും പരിഗണിച്ചാണ് ജാമ്യം നല്‍കിയത്. അതിനിടെ ജാമ്യോപാധി പ്രകാരം സൈബര്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായ മോഹന്‍ദാസിനെ വ്യാഴാഴ്ച വരെ ചോദ്യം ചെയ്യും.

ENGLISH SUMMARY:

TG Mohandas arrest faced severe criticism from the court for procedural lapses by the police, highlighting a failure to issue a notice before the arrest. This legal scrutiny comes amidst the RSS ideologue's bail conditions and ongoing questioning.