പിഎസ്സിയുടെ മൂല്യനിർണയ പിഴവിൽ അട്ടിമറി സംശയിക്കുന്നതായി മന്ത്രി ഒ.ജെ.ജെനീഷ്. ആസൂത്രിത ശ്രമമുണ്ടായെന്ന് പൊതുജനം സംശയിച്ചാൽ തെറ്റ് പറയാൻ പറ്റില്ല. കഴിഞ്ഞ 10 വര്‍ഷമായി രാഷ്ട്രീയമായി പി. എസ്.സിയെ ദുരുപയോഗം ചെയ്തുവെന്നാണ് സംശയമെന്നും മന്ത്രി ആരോപിച്ചു. പിഴവുണ്ടായ പട്ടികയിലെ നിയമനം റദ്ദ് ചെയ്യണം. ആഭ്യന്തര വിജിലൻസ് അന്വേഷണം കൊണ്ട് കാര്യമില്ല. ഡി.ജി.പി, ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും ജെനീഷ് തിരുവനന്തപുരത്ത് പറഞ്ഞു.
ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളം ലഭിക്കുന്ന സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പെഴ്സ്പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോഓർഡിനേഷൻ ഡിവിഷൻ ചീഫ് എന്നീ തസ്തികകളിലേക്കാണ് 2023 ജൂലൈ 13ന് പൊതു പ്രാഥമിക പരീക്ഷ നടന്നത്. 2025 മേയ് 31ന് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പിറ്റേമാസം തന്നെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ് തസ്തികയിലേക്ക് ഇടതു സർവീസ് സംഘടനയുടെ സജീവ പ്രവർത്തകനായിരുന്ന ഒന്നാം റാങ്കുകാരനു നിയമനം നൽകി. മാർക്കിൽ സംശയം തോന്നിയ മറ്റ് ഉദ്യോഗാർഥികൾ ഉത്തരക്കടലാസിന്‍റെ പകർപ്പ് ആവശ്യപ്പെട്ടെങ്കിലും നൽകാത്തതാണ് ദുരൂഹത ഉയർത്തിയത്.
വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയും അപ്പീലും പിഎസ്‌സി തള്ളിയതിനെ തുടർന്ന് ഉദ്യോഗാർഥി വിവരാവകാശ കമ്മിഷനെ സമീപിച്ചു. കമ്മിഷൻ ഉത്തരക്കടലാസിന്‍റെ പകർപ്പ് നൽകാൻ ഉത്തരവിടുമെന്ന സാഹചര്യം വന്നതോടെയാണ് പിഎസ്‌സി തിരക്കിട്ട് പകർപ്പ് കൈമാറിയത്. ഇതിലൂടെയാണ് 10 ഉത്തരങ്ങൾ മൂല്യനിർണയം നടത്തിയിട്ടില്ലെന്നു വെളിപ്പെട്ടത്.
പത്തുചോദ്യങ്ങള്‍ക്ക് മാര്‍ക്കിടാതെ ഉയർന്ന ശമ്പള സ്കെയിലുള്ള 3 തസ്തികകളിലേക്കുള്ള പരീക്ഷയുടെ ഫലം പിഎസ്‌സി പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. ക്രമക്കേട് പുറത്തുവന്നതോടെ സംഭവത്തില്‍ ആഭ്യന്തര വിജിലൻസ് അന്വേണവും പിഎസ്‌സി പ്രഖ്യാപിച്ചു. ഉദ്യോഗാർഥികൾക്ക് ഉത്തരക്കടലാസിന്‍റെ പകർപ്പ് ലഭ്യമാക്കാൻ താമസം ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും ആഭ്യന്തര വിജിലൻസ് അന്വേഷിക്കും. പൊതുപരീക്ഷയുടെ ഒരു റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ ബാക്കിയുള്ളതിനാലാണ് മറ്റു 2 റാങ്ക് പട്ടികകളിൽ പരീക്ഷയുടെ മാർക്ക് ഉൾപ്പെടുത്താത്തതെന്നും പിഎസ്‌സി അറിയിച്ചു. മാർക്കിട്ട ഉത്തരക്കടലാസ് ഉദ്യോഗാർഥികൾക്ക് നൽകാതെ ഒളിച്ചുകളിച്ച പിഎസ്‌സി ക്രമക്കേട് പുറത്തായതോടെ മുഖം രക്ഷിക്കാന്‍ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
വിവരണാത്മക പരീക്ഷയുടെ ഉത്തരക്കടലാസുകൾ ഓൺസ്ക്രീൻ മാർക്കിങ് (ഒഎസ്എം) സംവിധാനത്തിലൂടെ മൂല്യനിർണയം നടത്തിയപ്പോൾ 10 ചോദ്യങ്ങൾ മാർക്കിടുന്നതിനായി പരിശോധകർക്ക് കൈമാറാൻ വിട്ടുപോയെന്ന് പിഎസ്‌സി പത്രക്കുറിപ്പിലൂടെ സമ്മതിക്കുകയും ചെയ്തു. 3 തസ്തികകളിലേക്കായി നടത്തിയ പൊതുപരീക്ഷയിൽ പങ്കെടുത്ത 228 പേരുടെയും 10 ഉത്തരങ്ങൾ പരിശോധിച്ചിട്ടില്ലെന്നും പിഎസ്‌സി അറിയിച്ചു.
ഈ ഉത്തരങ്ങൾ വീണ്ടും മൂല്യനിർണയം നടത്തി പുതിയ റാങ്ക് പട്ടിക തയാറാക്കും. ചില ഉദ്യോഗാർഥികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതിനാൽ ഇതിനകം നിയമനവും അഡ്വൈസ് മെമ്മോയും ലഭിച്ച 2 പേരുടെ കാര്യത്തിൽ തുടർനടപടി ട്രൈബ്യൂണലിന്റെ തീരുമാനം അനുസരിച്ചായിരിക്കുമെന്നറിയിച്ച് പിഎസ്‌സി കൈകഴുകി. ഇവരുടെ നിയമനം റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്കു പിഎസ്‌സിക്കു കടക്കേണ്ടി വരും.