Image: Kerala High Court, Manorama

Image: Kerala High Court, Manorama

തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞ വിവാദത്തിൽ ബിജെപിക്ക് വൻ തിരിച്ചടി. ദൈവങ്ങളുടെയും, ബലിദാനികളുടെയും പേരിൽ 20 ബിജെപി കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത് ഹൈക്കോടതി റദ്ദാക്കി. ഇവർ നാലാഴ്ചക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. 

 

കേരള മുനിസിപ്പാലിറ്റി നിയമവും, കേരള പഞ്ചായത്ത് രാജ് നിയമവും പ്രകാരം ജനപ്രതിനിധികൾ "ദൈവത്തിന്റെ നാമത്തിലോ അല്ലെങ്കിൽ സഗൗരവമോ ആണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത്. നിയമം നിശ്ചയിച്ച മാതൃകയിൽ നിന്ന് വ്യതിചലിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കിയത്. കോർപറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് നൽകിയ ഹർജിയിലാണ് ജസറ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. പാലക്കാട് വടക്കഞ്ചേരി പഞ്ചായത്തിലെ കോൺഗ്രസ് അംഗം ഉമ്മൻ ചാണ്ടിയുടെ പേരിൽ ചെയ്ത സത്യപ്രതിജ്ഞയും ഇതോടൊപ്പം റദ്ദാക്കി. ഇവർ നാലാഴ്ചക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. 

 

വ്യത്യസ്ത മതസ്ഥർ ദൈവത്തെ പല പേരിൽ വിളിക്കുന്നുണ്ട്. എന്നാൽ ഭരണഘടനയും നിയമവും വിഭാവനം ചെയ്യുന്ന 'ദൈവം' എന്ന വാക്കിനെ സ്വന്തം താല്‍പര്യപ്രകാരം വിപുലീകരിക്കാൻ ജനപ്രതിനിധികൾക്ക് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ്, കാപ്പ കേസിൽ അറസ്റ്റിലായ ആർ.സുഗതൻ തുടങ്ങി 19 പേർ വിവിധ ദൈവങ്ങളുടെ പേരിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ബലിദാനികളുടെ പേരിലായിരുന്നു പൂങ്കുളം കൗൺസിലറായ വയൽക്കര രതീഷിന്‍റെ സത്യപ്രതിജ്ഞ. മുനിസിപ്പാലിറ്റി നിയമത്തിലെ സെക്ഷൻ 531 പ്രകാരം കൗൺസിലർമാർ ഇതുവരെ പങ്കെടുത്ത നടപടികൾക്ക് സംരക്ഷണം ലഭിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.

 

ഹൈക്കോടതി അനുവദിച്ച സമയത്തിനകം അംഗങ്ങള്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്ന് മേയര്‍ വിവി രാജേഷ് പറഞ്ഞു. വിധി അംഗീകരിക്കുന്നുവെന്നും മേയര്‍ പറഞ്ഞു. കോടതിവിധി വി.വി. രാജേഷിന്‍റെ മുഖത്തേറ്റ അടിയെന്ന് ഹര്‍ജിക്കാരന്‍ എസ്.പി. ദീപക് പറഞ്ഞു

 

 

 

ENGLISH SUMMARY:

The Kerala High Court has invalidated the oath-taking of 20 BJP councillors in the Thiruvananthapuram Corporation for deviating from the format prescribed under the Kerala Municipality Act. The court ruled that elected representatives must take their oath either in the name of God or through a solemn affirmation as specified by law. The councillors have been directed to retake the oath within four weeks.