binoy-balagopal-pinarayi-2

പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലി സിപിഎമ്മും സിപിഐയും ഇടഞ്ഞുനില്‍ക്കെ നിയമസഭ സമ്മേളനം നാളെ പുനരാരംഭിക്കുന്നു. വെള്ളിയാഴ്ച മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിന്‍മേലുള്ള ചര്‍ച്ചയാണ് ആരംഭിക്കുന്നത്. ഭരണപക്ഷത്തെ കടന്നാക്രമിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഇടതുമുന്നണി. അധികാരം നഷ്ടമായതിന്‍റെ ക്ഷീണം ഇനിയു മാറിയില്ലെങ്കിലും കഴിയാവുന്ന തരത്തില്‍ യുഡിഎഫിനെ കടന്നാക്രമിക്കുന്നുണ്ട് എല്‍ഡിഎഫ്. എന്നാല്‍ പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലിയുള്ള ഭിന്നത എല്‍ഡിഎഫിന്‍റെ വീര്യം ചോര്‍ത്തിയിട്ടുണ്ട്. പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചപ്പോള്‍ തന്നെ കെ.എന്‍.ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവായി തത്വത്തില്‍ സിപിഎം നിശ്ചയിച്ചിരുന്നു. എന്നാല്‍ സിപിഐ ഉടക്കിനില്‍ക്കുന്നതിനാല്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. സിപിഐയാകട്ടെ കിട്ടില്ലെന്ന് അറിഞ്ഞിട്ടും വാശി പിടിച്ച് നാണക്കേടിലായിരിക്കുകയാണ്.

സിപിഎം വഴങ്ങുമോ ?

​നാളെ നിയമസഭയില്‍ ബജറ്റ് ചര്‍ച്ച തുടങ്ങാനിരിക്കെ പ്രതിപക്ഷ ഉപനേതാവിന്‍റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന നിലപാടിലാണ്  സിപിഎം. പിഎം ശ്രീ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരില്‍ നിന്നുകൊണ്ട് സിപിഐ ഉയര്‍ത്തിയ കലാപങ്ങള്‍ സര്‍ക്കാരിനെ വീഴ്ചത്തിയതില്‍ നിര്‍ണായക ഘടകമായിട്ടുണ്ടെന്നാണ് സിപിഎം കരുതുന്നത്. അതുകൊണ്ട് തന്നെ സിപിഐയുടെ ഒരു വാശിക്കും സിപിഎം തല്‍ക്കാലം വഴങ്ങില്ല. പ്രതിപക്ഷ ഉപനേതാവ് എന്നൊരു പദവി ഭരണഘടനാപരമായി ഇല്ലെന്നാണ് സിപിഎം പറയുന്നത്. പ്രതിപക്ഷ ഉപനേതാവിന് ക്യാബിനറ്റ് റാങ്കോ, പ്രത്യേകം സ്റ്റാഫുകളോ ഇല്ല. അതിനാല്‍ ഇല്ലാത്ത പദവിക്ക് വേണ്ടിയാണ് സിപിഐ അനാവശ്യ വാശി കാണിക്കുന്നത് എന്നാണ് സിപിഎം നിലപാട്.

കെ.എന്‍.ബാലഗോപാല്‍ ഉപനേതാവ് 

കെ.എന്‍.ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവ് എന്നാവും ഭരണപക്ഷം വിളിക്കുക. ഇത് സിപിഐയെ ചൊടിപ്പിക്കാനാവും. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന ഒരു പരിപാടിയില്‍ സിപിഐ ജില്ലാസെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ തന്നെ കെ.എന്‍.ബാലഗോപാലിനെ പ്രതിപക്ഷ ഉപനേതാവ് എന്നാണ് വിളിച്ചത്. ഇത് സിപിഐക്കുള്ളില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്. പ്രതിപക്ഷ ഉപനേതാവിനെ നിശ്ചയിക്കാതെ എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടിയോഗം ചേര്‍ന്നാല്‍ പങ്കെടുക്കില്ല എന്നതാണ് സിപിഐ – സിപിഎമ്മിനെ അറിയിച്ചിരിക്കുന്നത്. അതും സിപിഎം ഗൗനിച്ചിട്ടില്ല. 

പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ വിട്ടുവീഴ്ച വേണ്ടെന്നും സിപിഎമ്മിന് മുന്നില്‍ അഭിമാനം പണയം വെയ്ക്കേണ്ടതില്ലെന്നും സിപിഐ തീരമാനം. നിലപാടില്‍ പിന്നോട്ട് പോകേണ്ടെന്നാണ് പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചത്. മുന്നണി ഒരു പാര്‍ട്ടിയുടെ മാത്രമല്ലെന്ന് സിപിഐ സംസ്ഥാന സെക്രടറി ബിനോയ് വിശ്വം ഇടയ്ക്ക് സിപിഎമ്മിനെ ഓര്‍മപ്പെടുത്തുകയും ചെയ്തിരുന്നു. പാര്‍ട്ടിക്ക് അപമാനകരമാവുന്ന രീതിയില്‍  പദവി എന്ന ആവശ്യം കൈകാര്യം ചെയ്തത് തിരിച്ചടിയായെന്ന്  സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ  പാര്‍ട്ടിക്കുള്ളില്‍ വികാരമുണ്ട്. സിപിഎമ്മുമായി ധാരണയാവും മുന്‍പ് ആവശ്യം  ബിനോയ് വിശ്വം പരസ്യമായി ഉന്നയിക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ചില സിപിഐ നേതാക്കള്‍ കരുതുന്നുണ്ട്. എന്തായാലും നാണം കെട്ടു, ഇനി പരാമാവധി ശ്രമിക്കാം എന്നാണ് സിപിഐയുടെ പ്ലാന്‍. പക്ഷെ സിപിഐ  എത്ര ശ്രമിച്ചാലും പ്രതിപക്ഷ ഉപനേതാവ് പദവി എന്ന മോഹം നടക്കാന്‍ സാധ്യതയില്ല.

ENGLISH SUMMARY:

The dispute between CPI and CPI(M) over the Deputy Leader of the Opposition post continues to create tensions within the Left Democratic Front. With the Kerala Assembly session resuming and budget discussions set to begin, the unresolved issue threatens to weaken LDF unity. Here's a detailed look at the political standoff, CPI's demands, CPI(M)'s response, and the role of K. N. Balagopal in the ongoing controversy.