തന്നെ ഇ.ഡി ചോദ്യംചെയ്തിട്ടില്ലെന്ന് പിണറായി വിജയന്‍ വെളിപ്പെടുത്തിയതോടെ ഇ.ഡിക്കെതിരെ സിപിഎം നടത്തിയ ആക്രമണം മകള്‍ വീണയ്ക്ക് വേണ്ടിയായിരുന്നോ എന്ന ചോദ്യം ഉയരുകയാണ്. പിണറായിയെ രാഷ്ട്രീയമായി തകര്‍ക്കാനാണ് റെയ്ഡ് എന്ന് ആഹ്വാനം ചെയ്ത് അണികളെ തെരുവിലിറക്കിയ നേതൃത്വത്തിന്‍റെ നിലപാടിനെതിരെ പാര്‍ട്ടി അണികള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നുണ്ട്. ഇഡിയെ ആക്രമിച്ച കേസില്‍ 25 പേര്‍ ജയിലിലായത് പിണറായിക്ക് വേണ്ടിയല്ല മകള്‍ വീണയ്ക്ക് വേണ്ടിയാണെന്ന യഥാര്‍ത്ഥ്യം പാര്‍ട്ടിക്കുള്ളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കും.
എല്ലാവരും തേടിയ വലിയ ചോദ്യത്തിന് ഉത്തരമാണ് പിണറായി വിജയന്‍ തന്നെ നല്‍കിയത്. ഇഡി തന്നോട് ഒന്നും ചോദിച്ചിട്ടില്ല. അതായത് ഈ കേസ് മുഖ്യമന്ത്രിയായിരുന്ന താനുമായി ബന്ധപ്പെടുന്നതല്ല. പിണറായി തന്നെ നല്‍കിയ ഈ ഉത്തരം സിപിഎം നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുകയാണ്. ഇഡിയെ ആക്രമിക്കാന്‍ പാര്‍ട്ടി അണികളെ സിപിഎം നേതാക്കള്‍ തെരുവിലിറക്കിയത് പിണറായിയെ ഇതാ ഇ.ഡി വേട്ടയാടാന്‍ എത്തിയിരിക്കുന്നു എന്ന് വിശ്വസിപ്പിച്ചായിരുന്നു. എന്നാല്‍ എട്ടുമണിക്കൂറിലേറെ വാടക വീട്ടില്‍ പരിശോധന നടത്തിയിട്ടും തന്നോട് ഒന്നു ചോദിച്ചില്ലെന്ന പിണറായിയുടെ വെളിപ്പെടുത്തലിലൂടെ പിന്നെ ആര്‍ക്കു വേണ്ടിയായിരുന്നു ഈ അതിക്രമമെന്ന ചോദ്യമാണ് ഉയരുന്നത്.
ഇഡി ചോദ്യം ചെയ്തതും അക്കൗണ്ട് മരവിപ്പിച്ചതും വീണയുടേതാണെന്ന് വ്യക്തമായതോടെ അക്രമവും തെരുവിലെ നാടകവും വീണയ്ക്ക് വേണ്ടി സിപിഎം ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാവുകയാണ്. റെയ്ഡ് ദിവസം വൈകിട്ട് ഇ.ഡിയിറക്കിയ വാര്‍ത്താകുറിപ്പില്‍ തന്നെ വീണ വിജയന്‍റെ വസതി റെയ്ഡ് ചെയ്തുവെന്നും ആ സമയം മുന്‍മുഖ്യമന്ത്രി പിണറായി വിജയനുണ്ടായിരുന്നുവെന്നും വ്യക്തമാക്കിയിരുന്നു. പിണറായിയെ ചോദ്യം ചെയ്തതായി ഇ.ഡി എവിടെയും പറഞ്ഞിരുന്നില്ല. എന്നിട്ടും പിണറായിയെ തകര്‍ക്കാന്‍ ഇ ഡി റെയ്ഡ് നടത്തിയെന്ന വികാരം ആളികത്തിക്കാനാണ് സിപിഎം ശ്രമിച്ചത് .
ഇതെല്ലാം മറച്ചുവെച്ചാണ് തൊടുത്ത ദിവസം എല്‍ഡിഎഫ് തിരുവനന്തപരുത്ത് പ്രതിഷേധം നടത്തിയതും ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ട എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വെല്ലുവിളിച്ചതും. തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് പിണറായി തന്നെ വ്യക്തമാക്കിയിരിക്കെ നേതാക്കളുടെ മക്കള്‍ക്കെതിരായ കേസുകള്‍ അവര്‍ സ്വയം നോക്കണമോ അതോ പാര്‍ട്ടി അണികളെ ഉപയോഗിച്ച് തെരുവില്‍ നേരിടുമോ എന്ന് ഇനിയെങ്കിലും സിപിഎം വ്യക്തമാക്കേണ്ടി വരും.