സിഎംആര്‍എല്‍–എക്സാലോജിക് ഇടപാടിലെ റെയ്ഡിന് പിന്നാലെ 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ മരവിപ്പിച്ച് ഇഡി. പിണറായി വിജയന്‍റെ മകള്‍ വീണയുടെ എച്ച്ഡിഎഫ്സി ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെയാണിത്. കേസില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഇഡി വൈകാതെ സമന്‍സുകള്‍ അയയ്ക്കും. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഇഡി നിലപാട്. വിഷയം കോടതിയെ അറിയിക്കണോ എന്നതിൽ ഇന്ന് തീരുമാനം ഉണ്ടായേക്കും.
അതേസമയം, ഇഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട വിഷയത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റിനൊരുങ്ങുകയാണ് പൊലീസെന്ന സൂചനകള്‍ പുറത്തുവന്നു. അക്രമത്തിൽ നേരിട്ട് പങ്കെടുത്ത 12 പേരെ പോലീസ് തിരിച്ചറിഞ്ഞു. ഇതിൽ അഞ്ചുപേരുടെ അറസ്റ്റ് ആണ് ഇന്നലെ രാത്രി വരെ ഉണ്ടായത്. ബാക്കിയുള്ളവരെ കൂടി എത്രയും വേഗം പിടികൂടാനാണ് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലാണ് ഇത്. ഇതുകൂടാതെ പൊലീസുകാരന് പരുക്കേറ്റതിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യും. അറസ്റ്റിലായ എസ്എഫ്ഐ ഡിവൈഎഫ്ഐ നേതാക്കളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ ആണ് ഇവർക്കെതിരെ ചുമത്തിരിക്കുന്നത്. മൂന്നുലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചു എന്ന കുറ്റവും ചുമത്തിയിട്ടുണ്ട്.
ഇഡിയുടെ നടപടിയില്‍ പ്രതിഷേധം കടുപ്പിച്ച് രാഷ്ട്രീയ പ്രതിരോധം ശക്തമാക്കാൻ സിപിഎം. ഇടതുമുന്നണിയെ വിശ്വാസത്തിലെടുത്ത് പ്രതിഷേധം സംഘടിപ്പിക്കാൻ ആണ് തീരുമാനം. പ്രതിഷേധം എൽഡിഎഫിന്റെ രൂപത്തിലാക്കാൻ സിപിഎം – സിപിഐ നേതൃത്വത്തിൽ ധാരണയായി. ഇന്ന് വൈകിട്ട് തിരുവനന്തപുരത്ത് സംയുക്ത പ്രതിഷേധ മാർച്ച് ഇടതുമുന്നണി നടത്തും. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ നീക്കം പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള നീക്കം ആയിട്ടാണ് ഇടതുമുന്നണിയും വിലയിരുത്തുന്നത്. ഇന്ന് സംസ്ഥാന വ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ ഇടതുമുന്നണിയുടെ പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകും. എന്നാൽ തിരുവനന്തപുരത്ത് റെയ്ഡ് നടത്തിയ ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ നടന്ന ആക്രമണം സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്. തുടരന്വേഷണത്തിന് വീണാ വിജയനെ കേരളത്തിന് പുറത്ത് ചോദ്യം ചെയ്യാൻ വിളിക്കാനുള്ള സാധ്യതയും സിപിഎം നേതാക്കൾ തള്ളിക്കളയുന്നില്ല.
അതിനിടെ, പിണറായിക്കെതിരായ ഇഡി നടപടില്‍ കോണ്‍ഗ്രസ് പുലര്‍ത്തുന്ന മൗനം ഇന്ത്യ സഖ്യത്തിലും വിള്ളല്‍ വീഴ്ത്തുന്നു. ഡിഎംകെയും ആം ആദ്മി പാര്‍ട്ടിയും പിണറായി വിജയന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കോണ്‍ഗ്രസിനെ വിമര്‍ശിച്ചുകൊണ്ടാണ് എം.കെ.സ്റ്റാലിനും അരവിന്ദ് കേജ്‍രിവാളും പിണറായി വിജയന് പിന്തുണ പ്രഖ്യാപിച്ചത്. പിണറായി വിജയനെ എന്തുകൊണ്ട് ബിജെപി ഇതുവരെയും ലക്ഷ്യം വയ്ക്കുന്നില്ല എന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവര്‍ത്തിച്ച് ചോദിച്ചതിനെയാണ് സ്റ്റാലിന്‍ വിമര്‍ശിക്കുന്നത്. രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ടാണ് ഈ വിമര്‍ശനം. കോണ്‍ഗ്രസ് – ബിജെപി ബന്ധമാണ് പിണറായി വിജയനെതിരായ ഇഡി നടപടിക്ക് കാരണമെന്നാണ് അരവിന്ദ് കേജ്‍രിവാള്‍ കടന്നാക്രമിച്ചത്.