കേരളത്തിൽ 10 വർഷം മുഖ്യമന്ത്രിയായിരുന്ന, ഇപ്പോള്‍ പ്രതിപക്ഷ നേതാവായ പിണറായി വിജയനെ ബന്ധിയാക്കിയിരുത്തി ഇഡി നടത്തിയ ഈ നാടകം ആർക്കുവേണ്ടിയാണെന്ന ചോദ്യവുമായി സിപിഎം നേതാവ് തോമസ് ഐസക്. പിണറായി വിജയൻ ഏതെങ്കിലും കേസിൽ പ്രതിയാണോ?,  ഇഡിക്ക് അധികാരം കിട്ടിയിട്ടുള്ള ഏതെങ്കിലും ഒരു കേസിനകത്ത് പ്രതിയായ ഒരാളെ ബന്ധിയാക്കി നിർത്തിയാണോ ഈ നാടകം അരങ്ങേറുന്നത്?. ഇതൊരു ബിസിനസ് സർവീസ് ഡീലിന്റെ ഭാഗമായിട്ട് നികുതി അടച്ചുകൊണ്ടു വാങ്ങിയ രൂപയുടെ കാര്യമാണ്. അതിനകത്ത് രേഖയുള്ള ഏക ട്രാൻസാക്ഷൻ വീണ തൈക്കണ്ടിന്റെ പേരിലാണ് എന്ന് ആരും മറക്കരുത്. മറിച്ച് രേഖയില്ലാതെ കൈമാറിയിട്ടുള്ള പണം കൈപ്പറ്റി എന്ന് അംഗീകരിച്ച ആളാണ് ഇന്ന് കേരളത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കേരളത്തിലെ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി. 

ആ കേസിനകത്ത് ഇൻവോൾവ്ഡ് ആയിട്ടുള്ള പണം, ആ പണം കള്ളപ്പണമാണ് എന്ന ആക്ഷേപമായിരിക്കാമല്ലോ ഇഡിക്ക് ഉണ്ടാവുക. അങ്ങനെയാണെങ്കിൽ ആ പണം കൈപ്പറ്റി എന്ന് അഡ്മിറ്റ് ചെയ്ത രമേശ് ചെന്നിത്തലയെയും കുഞ്ഞാലിക്കുട്ടിയെയും ചെറുവിരൽ കൊണ്ട് പോലും ഒന്ന് ചൂണ്ടാത്ത ഇഡി, ഏതെങ്കിലും തരത്തിൽ ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ബന്ധിയാക്കി നടത്തുന്ന ഈ നാടകം സതീശനും മോഡിയും തമ്മിലുള്ള ധാരണയുടെ ഫലമാണ് എന്ന് മനസ്സിലാകാത്ത ആരാണ് ഈ നാട്ടിലുള്ളതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

ഇതിനെതിരെ കേരളം നാളിതുവരെ കാണാത്ത പ്രതിഷേധം ഉയർത്തണം. പിണറായി വിജയൻ ഈ ട്രാൻസാക്ഷനിൽ ഏതെങ്കിലും ഘട്ടത്തിൽ എവിടെയെങ്കിലും വന്നിട്ടുള്ളതാണോ?.  മറിച്ച് ആ പണം വാങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർ ഏത് ലെജിറ്റിമേറ്റ് വഴിയിലൂടെയാണ് വാങ്ങിയത്?. അവരാണല്ലോ ഈ കേരളത്തിൽ ഇപ്പോൾ ഭരണാധികാരം കയ്യാളുന്നവർ. 

അപ്പോൾ പിണറായി വിജയനെ ബന്ധിയാക്കി നടത്തുന്ന ഈ നാടകത്തിനെതിരായിട്ടുള്ള വലിയ പ്രക്ഷോഭം കേരളത്തിൽ ഉയർന്നുവരും.

കേരളത്തെ സംഘപരിവാറിന് അടിയറവ് വെച്ചുകൊള്ളാം എന്നുള്ള സതീശന്റെയും മോഡിയുടെയും ധാരണ, അത് ചുരുട്ടിക്കൂട്ടി കയ്യിൽ വെച്ചാൽ മതി. കേരളം ഇതുവരെ കാണാത്ത പ്രതിഷേധമാണ് ഇനി കാണാൻ പോകുന്നത്. പിണറായി വിജയൻ കേരളം കണ്ട ഏറ്റവും മികച്ച അഡ്മിനിസ്ട്രേറ്ററും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയും, കേരളം നവകേരളത്തിലേക്ക് നയിച്ച രാഷ്ട്രീയ നേതാവുമാണ്. അദ്ദേഹത്തെ വേട്ടയാടാൻ കേരളം സമ്മതിക്കില്ല.– തോമസ് ഐസക് കുറിച്ചു. 

നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് സിഎംആർഎല്ലില്‍ നിന്ന് പണമായി (Liquid Cash) കൈപ്പറ്റിയ രണ്ടുപേർ ഇന്ന് സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപിയും പറഞ്ഞു. യഥാർത്ഥത്തിൽ ഇവിടെ ഏറ്റവും വലിയ കുറ്റകൃത്യം നടന്നത് കണക്കിൽപ്പെടാത്ത പണം വാങ്ങിയെന്ന് സിഎംആർഎൽ (CMRL) വ്യക്തമാക്കിയ ഈ രണ്ടുപേരുടെ കാര്യത്തിലല്ലേയെന്ന് അദ്ദേഹം ചോദിച്ചു. എന്നിട്ട് അവർക്കെതിരെ ഇഡിയോ ഇൻകംടാക്സോ ഒരു ചെറുവിരൽ പോലും അനക്കിയോ?. 

ഇന്ത്യയിൽ പണമിടപാടുകൾ നടത്തുന്നതിന് കൃത്യമായ നിയമങ്ങളുണ്ട്. ഇത്ര രൂപ വരെ മാത്രമേ പണമായി കൈമാറാവൂ എന്ന് പരിധിയുണ്ട്. അതിനു മുകളിലുള്ള തുകയാണെങ്കിൽ അത് ബാങ്ക് മുഖേനയോ കൃത്യമായ രേഖകളോടെയോ ആയിരിക്കണം. ഇവിടെ 15 ലക്ഷവും 20 ലക്ഷവും വാങ്ങിയെന്ന് വാങ്ങിയവരും കൊടുത്തവരും ഒരുപോലെ സമ്മതിക്കുന്നുണ്ട്. 

എന്നിട്ടും എന്തെങ്കിലും അന്വേഷണം ഇവർക്കെതിരെ നടന്നോ? അതേസമയം, നിയമാനുസൃതമായ ഒരു ബിസിനസിന്റെ ഭാഗമായി, കൃത്യമായി നികുതിയടച്ചാണ് പണം വാങ്ങിയതെന്ന് വീണ വിജയന്‍ വ്യക്തമാക്കിയല്ലോ. അതാണോ ഇവിടുത്തെ ഏറ്റവും വലിയ കുറ്റകൃത്യമെന്ന് പറയുന്നത്?– ജോണ്‍ ബ്രിട്ടാസ് ഫെയ്സ്ബുക്കില്‍ കുറിച്ചു. 

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി പിടിച്ചെടുത്ത ശശിധരൻ കർത്തയുടെ ഡയറിയിൽ ചുരുക്കെഴുത്തുകളായി ചില പേരുകളുണ്ടായിരുന്നു. പിവി, ആർസി, കെകെ എന്നിങ്ങനെ നീളുന്നു ആ പേരുകൾ. ഇതിൽ പിവി, പിണറായി വിജയൻ ആണെന്നും, ആർസി രമേശ് ചെന്നിത്തല ആണെന്നും, കെകെ കുഞ്ഞാലിക്കുട്ടി ആണെന്നും ആക്ഷേപമുയർന്നു. കർത്തയുടെ കൈയ്യിൽ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ട് എന്ന് തുറന്ന് സമ്മതിച്ചവരാണ് രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും. സതീശൻ മന്ത്രിസഭയിലെ രണ്ടാമനാണ് കുഞ്ഞാലിക്കുട്ടി, ആഭ്യന്തര വകുപ്പ് മന്ത്രിയാണ് രമേശ് ചെന്നിത്തല. കർത്തയുടെ കൈയ്യിൽ നിന്ന് പണം വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിയ നേതാവ് പിണറായി വിജയൻ ആയിരുന്നു. 

ENGLISH SUMMARY:

Pinarayi Vijayan's arrest by the ED is questioned by CPM leader Thomas Isaac, who alleges a politically motivated drama. The summary highlights the controversy surrounding financial transactions involving other political figures compared to Pinarayi Vijayan's situation.