cpm-ed

ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടത്തിയ സിപിഎം പ്രവര്‍ത്തകര്‍ പാഞ്ഞടുത്തത് കൊല്ലെടാ എന്ന് ആക്രോശിച്ചുകൊണ്ടെന്ന് എഫ്.ഐ.ആര്‍. അക്രമികള്‍ മൂന്നുവാഹനങ്ങള്‍ തകര്‍ത്തെന്നും മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. വടി, കല്ല്, ഇഷ്ടിക എന്നിവകൊണ്ടായിരുന്നു വാഹനം ആക്രമിച്ചത്. കണ്ടാലറിയാവുന്ന മുന്നൂറോളം പേരെ വധശ്രമക്കേസില്‍ പ്രതിചേര്‍ത്താണ് എഫ്.ഐ.ആര്‍. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ വി.സനത്ത റെഡ്ഡിയുടെ  പരാതിയിലാണ് നടപടി. 

സി.എം.ആര്‍.എല്‍ – എക്സാലോജിക് ഇടപാടിലെ റെയ്ഡിന് പിന്നാലെ വീണാ വിജയന്റേതടക്കം 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപയുടെ നിക്ഷേപം ഇ.ഡി മരവിപ്പിച്ച്.  കേരളത്തിലും ബെംഗളൂരുവിലും നടത്തിയ റെയ്ഡുകളുടെ തുടര്‍ച്ചയായാണ് നടപടി. വീണയുടെ പേരില്‍ എച്ച്.ഡി.എഫ്.സി ബാങ്കിലുള്ള അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണയുടെ സ്ഥിരനിക്ഷേപത്തിന്റെ രേഖകള്‍ പരിശോധനയ്ക്കിടെ ഇ.ഡി പിടിച്ചെടുത്തിരുന്നു. അന്വേഷണം തുടരുമെന്നും ഇ.ഡി വ്യക്തമാക്കി.  

അതേസമയം, പിണറായി വിജയന്‍റെ വീടുകളിലെ റെയ്ഡ് രാഷ്ട്രീയ പകപോക്കലെന്ന ആരോപണവുമായി സിപിഎം. പ്രതിപക്ഷനേതാവിനെ ലക്ഷ്യംവച്ചുള്ള ആക്രമണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ.ബേബി ആരോപിച്ചപ്പോള്‍ ഇഡിയെ ഉപയോഗിച്ച് പിണറായിയെയോ സിപിഎമ്മിനെയോ ദുര്‍ബലപ്പെടുത്താനാവില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു. ചിലര്‍ക്കൊക്കെ സന്തോഷമായി കാണുമെന്ന് രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനെയും ലക്ഷ്യംവച്ച് പിണറായി വിജയന്‍ പറഞ്ഞു. തലപോയാലും മരണംവരെ പോരാടുമെന്ന് മുന്‍മന്ത്രി മുഹമ്മദ് റിയാസും പ്രതികരിച്ചു. സംസ്ഥാന വ്യാപക പ്രതിഷേധത്തിനാണ് സിപിഎം ആഹ്വാനം ചെയ്തിരിക്കുന്നത്.  

ഇ.ഡി റെയ്ഡ് ആരംഭിച്ചതിന് തൊട്ടുപിന്നാലെ പ്രതിഷേധം പൊട്ടിപുറപ്പെട്ടത് പിണറായിയുടെ നാട്ടിൽ നിന്നു തന്നെയാണ്. പി.ജയരാജൻനും കെ.കെ.രാകേഷും എം.വി.ജയരാജനും 100 കണക്കിന് അണികളും പിണറായി വിജയന്‍റെ കണ്ണൂരെ വീടിനു മുൻപിലേക്ക് പാഞ്ഞെത്തി. മുഖ്യമന്ത്രി വി.ഡി.സതീശന്‍ പ്രധാനമന്ത്രിയെ കണ്ടതിന് ശേഷമാണ് റെയ്ഡെന്ന് ആദ്യം സമൂഹമാധ്യമത്തിലൂടെ ആരോപിച്ചത് ബിനീഷ് കോടിയേരിയാണ്. തൊട്ടുപിന്നാലെ ഈ ആരോപണം പ്രധാന നേതാക്കളെല്ലാം ഏറ്റെടുത്തു.  വീണയുടെ സാമ്പത്തിക ഇടപാടിലാണ് റെയ്ഡ് എന്ന് ഇ.ഡി വ്യക്തമാക്കുമ്പോഴും പിണറായിക്കെതിരായ രാഷ്ട്രീയ നീക്കമെന്ന് വരുത്താനാണ് സിപിഎം ശ്രമിച്ചത്.  

ഇ.ഡി റെയ്ഡ് കേരള പൊലീസിനെ അറിയിച്ചില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ അക്രമം ആസൂത്രിതമാണെന്നും അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇ.ഡി റെയ്ഡിനെക്കുറിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍ പ്രതികരിച്ചില്ല. കേന്ദ്രമന്ത്രിമാരെ കാണാന്‍ ഡല്‍ഹിയിലായിരുന്ന മുഖ്യമന്ത്രിയോട് മൂന്നുതവണ മാധ്യമങ്ങള്‍ പ്രതികരണം ആരാഞ്ഞെങ്കിലും മറുപടി നല്‍കിയില്ല. 

ENGLISH SUMMARY:

News reports on the attack on ED officials by CPM workers, who allegedly shouted 'kill them'. The FIR details that the attackers damaged three vehicles causing an estimated loss of ₹3 lakh, using sticks, stones, and bricks. The case has been registered against approximately 300 identifiable individuals for attempted murder.