സർക്കാരിൻ്റെ നിർണായകമായ പല ചർച്ചകൾക്കും തീരുമാനങ്ങൾക്കും സാക്ഷിയായ അതിഥിമന്ദിരം മന്ത്രി മന്ദിരമെന്ന മോടിയിലേക്ക് താൽക്കാലികമായി മാറി. മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ പൂർണമായും താമസ യോഗ്യമാവാത്ത സാഹചര്യത്തിലാണ് തിരുവനന്തപുരം തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസ് ജനപ്രതിനിധികളെയും സാധാരണക്കാരെയും കൊണ്ട് നിറഞ്ഞത്. ചെലവ് ചുരുക്കി മാത്രം നവീകരണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശമുള്ളതിനാൽ ഔദ്യോഗിക വസതികളിലേക്ക് എന്ന് മാറാനാവുമെന്ന കാര്യത്തിൽ മന്ത്രിമാർക്കും വ്യക്തതയില്ല.മൂന്ന്പത്ത് പതിനാല് അങ്ങനെ ഔദ്യോഗിക വാഹനങ്ങളുടെ നിര നീളുകയാണ്.
എം.പിയും എം.എൽ.എയും പഞ്ചായത്ത് പ്രസിഡൻ്റും തുടങ്ങിയ ജനപ്രതിനിധികളുടെ വാഹനവും. സെക്രട്ടേറിയറ്റ് പരിസരമല്ല. ഔദ്യോഗിക പരിപാടി നടക്കുന്ന ഇടവുമല്ല. പക്ഷേ അതിനെക്കാൾ പവർഫുള്ളായ വി.ഐ പികളായ താമസക്കാർ ഇവിടെയുണ്ട്. പത്തിലേറെ മന്ത്രിമാരും കുടുംബവും. ഔദ്യോഗിക വസതിയിലേക്ക് ഉടൻ താമസം മാറ്റാനാവില്ലെന്ന് ഉറപ്പുള്ളതിനാൽ മന്ത്രിമാർക്കും തൽക്കാലം സർക്കാർ അതിഥി മന്ദിരം തന്നെയാണ് സകലരുടെയും ആവലാതി കേൾക്കാനുള്ള ഇടം.ഇവിടെയും മുഖം മിനുക്കൽ നടപടികൾ തുടരുകയാണ്. അറ്റകുറ്റപ്പണികളും ചായം തേയ്ക്കലുമെല്ലാം തകൃതി. മന്ത്രി മന്ദിരങ്ങൾ പോലെ വൈകാതെ സർക്കാർ ഗസ്റ്റ് ഹൗസും തിളങ്ങും. നിലവിലെ പൊലീസ് സുരക്ഷയിൽ ചെറിയൊരു മാറ്റം വരും. പിന്നീട് നിലവിലെ താൽക്കാലിക മന്ത്രി മന്ദിരം ചൂടേറിയ ചർച്ചയുടെയും പ്രശ്‌ന പരിഹാര വഴികൾ തെളിയുന്നതിൻ്റെയും പതിവ് ഇടമായി മാറും.