തീരാതെ ഫ്ലെക്സ് പോര്. കെ.സിയുടെ ഫ്ലെക്സില്‍ കരി ഓയിൽ ഒഴിച്ച് പ്രതിഷേധം. കെപിസിസി ഓഫിസിന് മുന്നിലെ ഫ്ലെക്സിലാണ് കരി ഓയിൽ ഒഴിച്ചത്. തലസ്ഥാനത്ത് വി.ഡി. സതീശനായും ഫ്ലെക്സ് ബോര്‍ഡുകളുണ്ട്. നാച്ചുറല്‍ ചോയിസ് എന്ന വാചകത്തിലാണ് ഫ്ലെക്സ്.
അതേസമയം, ആരാവണം കേരളത്തിന്റെ മുഖ്യമന്ത്രി എന്നതിൽ എംഎൽഎമാരുടെ അഭിപ്രായമടങ്ങിയ റിപ്പോർട്ട് എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് സമർപ്പിക്കും.
ഘടകകക്ഷി നേതാക്കളുടെ അഭിപ്രായവും നേതൃത്വത്തെ ധരിപ്പിക്കും. റിപ്പോർട്ട് പരിശോധിക്കുന്ന അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ഉടൻ കേരള നേതാക്കളെ സമവായ ചർച്ചയ്ക്കായി ഡൽഹിക്ക് വിളിപ്പിക്കും.കെ സി വേണുഗോപാൽ ഡൽഹിയിൽ തന്നെ തുടരുകയാണ്. ഞായറാഴ്ച പ്രഖ്യാപനം നടത്താനാണ് ശ്രമം.
കെപിസിസി ഓഫിസിന് മുന്നിലെ കെ.സി.വേണുഗോപാലിന്‍റെ ഫ്ളെക്സില്‍ കരി ഓയില്‍ ഒഴിച്ച നിലയില്‍
അതിനിടെ, ഹൈക്കമാൻഡിന് മേൽ സമ്മർദ്ദം ശക്തമാക്കുകയാണ് മൂന്നു നേതാക്കളെയും പിന്തുണയ്ക്കുന്നവർ. പ്രശ്നം തെരുവിലെത്തിച്ചതിൽ കടുത്ത അതൃപ്തിയിലാണ് രാഹുൽ ഗാന്ധി. കെ.സി വേണുഗോപാൽ പിൻമാറിയാൽ അദ്ദേഹം നിർദേശിക്കുന്ന പേരാവും മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുക. തുടർന്ന് മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കാനുള്ള ചർച്ച തുടങ്ങും.
കമന്‍റ് ബോക്സില്‍ നിറഞ്ഞ് വി.ഡി സതീശൻ
തലസ്ഥാനത്ത് വി.ഡി. സതീശനായും ഫ്ലെക്സ് ബോര്‍ഡുകള്‍. ‘നാച്ചുറല്‍ ചോയിസ്’ എന്ന വാചകത്തിലാണ് ഫ്ലെക്സ്
രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ കമൻ്റ് ബോക്സില്‍ നിറഞ്ഞ് വി.ഡി സതീശൻ. കേരളത്തിലെ യുഡിഎഫ് തരംഗ വിജയത്തിൽ അഭിനന്ദനം അറിയിച്ചു മേയ് 4ന് ഇട്ട പോസ്റ്റിൽ വി.ഡി. സതീശനെ മുഖ്യമന്ത്രി ആക്കണം എന്നാവശ്യപ്പെട്ടുള്ള കമന്‍റുകളുടെ പ്രവാഹം. ഒന്നര ലക്ഷത്തോളം കമന്‍റുകൾ ആണ് ഇതുവരെ വന്നത്.
രാഹുൽ ഗാന്ധിയുടെ ഒരു സാമൂഹ്യ മാധ്യമ പോസ്റ്റിന് ലഭിക്കുന്ന ഏറ്റവും വലിയ പ്രതികരണങ്ങൾ ആയിരിക്കും ഇത്. വി.ഡി സതീശൻ മാത്രമാണ് മുഖ്യമന്ത്രിയാകാൻ അർഹൻ, ജനം അർപ്പിച്ച വിശ്വാസത്തെ നിരാശപ്പെടുത്തരുത്, മുഖ്യന്ത്രിയായി ജനം ആഗ്രഹിക്കുന്നത് വി.ഡി സതീശനെ, വർഗീയ ശക്തികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് നെഹ്രുവിയൻ സോഷ്യലിസ്റ്റ് ദർശനം ഉയർത്തിപ്പിടിച്ച നേതാവാണ് വി.ഡി സതീശൻ തുടങ്ങി ആയിരക്കണക്കിന് കമന്‍റുകൾ ആണ് പോസ്റ്റിന് താഴെ പ്രവഹിക്കുന്നത്.
പ്രകടനങ്ങളും ശക്തം
കെപിസിസി ഓഫിസിന് മുന്നില്‍ വി.ഡി.സതീശനും കെ.സി. വേണുഗോപാലിനും വേണ്ടി ഫ്ളെക്സുകള്‍.
കോഴിക്കോട് വിവിധ ഭാഗങ്ങളിൽ വിഡി സതീശനെ അനുകൂലിച്ച് ഒരു വിഭാഗം യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. കുറ്റ്യാടി, മുക്കം, അത്തോളി, പേരാമ്പ്ര എന്നിവിടങ്ങളിൽ ആണ് രാത്രിയിൽ പ്രകടനം നടത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശനെ അല്ലാതെ മറ്റാരെയെങ്കിലും പരിഗണിച്ചാൽ തുടർ പ്രതിഷേധങ്ങൾ നടത്തുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകി. അത്തോളിയിൽ യുഡിഎഫ് യുവജന സംഘടന പ്രവർത്തകരാണ് പ്രതിഷേധിച്ചത്.
കെ.സി വേണുഗോപാലിനായി കെ. സുധാകരനും എംപിമാരും
കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി നിരീക്ഷകരെ കണ്ട് കെ സുധാകരനും എംപിമാരും. നിരീക്ഷകരായ അജയ് മാക്കനെ മുകുൾ വാസ്‌നിക്കിനെയും നേരിട്ട് കണ്ട കെ. സുധാകരൻ, ഇക്കാര്യം ആവശ്യപ്പെട്ട് രേഖാമൂലം കത്തും നൽകി. പാര്‍ട്ടിയില്‍ ഒരുപാട് സതീശന്‍മാരുണ്ടെന്ന പരസ്യപ്രഖ്യാപനവും കെ.സുധാകരന്‍ നടത്തി.
ബെന്നി ബഹ്നാൻ, എം. കെ. രാഘവൻ, കൊടുക്കുന്ന സുരേഷ് എന്നിവരും കെ.സി വേണുഗോപാലിന് പിന്തുണയുമായി നിരീക്ഷകരെ കണ്ടു. അതേ സമയം എംപിമാരുടെയും എംഎൽഎമാരുടെയും മാത്രം അഭിപ്രായം തേടിയാൽ പേരെന്നും ഘടകകക്ഷികളുടെ അഭിപ്രായം മാനിക്കണമെന്നും പൊതുവികാരം കണക്കിലെടുക്കണമെന്നും സതീശൻ നിരീക്ഷകരെ കണ്ട് ആവശ്യപ്പെട്ടു. സതീശനെ പരോക്ഷ പിന്തുണ പ്രഖ്യാപിച്ച ലീഗിനെതിരെ രൂക്ഷ വിമർശനവുമായി കെ സി ക്യാമ്പിലെ പ്രധാനിയായ മാത്യു കുഴൽനാടൻ രംഗത്തുവന്നു.
'കുഴലൂത്ത് ലീഗിനെതിരെ വേണ്ട' എന്ന വാചകവുമായി മാത്യു കുഴല്‍നാടനെതിരെ യൂത്ത് ലീഗ്ഇരിക്കൂറില്‍ ഫ്ലക്സ് സ്ഥാപിച്ചു. കെപിസിസി ഓഫീസ് മുൻപിൽ സുധാകരൻ അനുകൂലികൾ കേസിക്കായി ഫ്ലക്സ് സ്ഥാപിച്ചപ്പോൾ, കളമശ്ശേരിയിൽ കെസി അനുകൂലം ഫ്ലക്സ് നശിപ്പിച്ച നിലയിൽ കണ്ടെത്തി.