നാദാപുരത്തിന്‍റെ നാദവും താളവും മാറ്റി കോണ്‍ഗ്രസ്. കെ.എം.അഭിജിത്തിലൂടെ കോഴിക്കോട്ടെ ഈ ചെങ്കോട്ട 23,600 വോട്ടിന്‍റെ ഗംഭീര ഭൂരിപക്ഷത്തില്‍ യുഡിഎഫ് പിടിച്ചെടുത്തു. കര്‍ഷകരുടേയും പ്രവാസികളുടേയും ശക്തി കേന്ദ്രമായ നാദാപുരത്തെ ഇനി നിയമസഭയില്‍ യൂത്ത് കോണ്‍ഗ്രസിന്‍റെ ദേശീയ സെക്രട്ടറി കെ.എം.അഭിജിത്ത് പ്രതിനിധീകരിക്കും. കേരള സംസ്ഥാന രൂപീകൃതമായതിനുശേഷം ആദ്യമായിട്ടാണ് നാദിപുരത്ത് നിന്ന് കോണ്‍ഗ്രസിന് ഒരു എംഎല്‍എ ഉണ്ടാകുന്നത്.
വിദ്യാര്‍ഥി യുവജന സമരപോരാട്ടങ്ങളിലൂടെയാണ് കെ.എം.അഭിജിത്തിനെ കേരളം അറിയുന്നത്. ഇത്രയധികം ലാത്തിച്ചാര്‍ജുകള്‍ നേരിടേണ്ടിവന്ന ഒരു വിദ്യാര്‍ഥി നേതാവ് സമീപകാലത്തുണ്ടായിട്ടില്ല. കെഎസ്‌യുവിനെ ഒരു സമരസംഘടനയാക്കി മാറ്റാന്‍ അതിന്‍റെ സംസ്ഥാന അധ്യക്ഷനായിരുന്ന കെ.എം.അഭിജിത്തിന് സാധിച്ചു. നാദാപുരത്തിന്‍റെ ചുവന്ന മണ്ണില്‍ അഭിജിത്തിനെ കോണ്‍ഗ്രസ് നിയോഗിച്ചതും അത്തരം ഒരു പോരാട്ടത്തിനായിരുന്നു. പാര്‍ട്ടിക്ക് തെറ്റിയില്ല, കഴിഞ്ഞ 2 തിരഞ്ഞെടുപ്പുകളിലും കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട സീറ്റ് കെ.എം പിടിച്ചെടുത്തു.
1960–ല്‍ മുസ്‍ലിം ലീഗിലെ ഹമീദലി ഷംനാട് വിജയിച്ചതൊഴിച്ചാൽ പിന്നീടിങ്ങോട്ട് നാദാപുരത്ത് ജയിച്ചവരൊക്കെ ചെങ്കൊടിയേന്തിയവർ. 1977–ൽ കാന്തലോട്ട് കുഞ്ഞമ്പു എന്ന സിപിഐ നേതാവ് യുഡിഎഫ് പക്ഷത്തു നിന്നു ജയിച്ചു വനം മന്ത്രിയായിട്ടുണ്ട്. സത്യൻ മൊകേരി 3 തവണ ജയിച്ച മണ്ഡലത്തിൽ ഇത്തവണ എല്‍ഡിഎഫിനായി പോരാടാനിറങ്ങിയത് മൊകേരിയുടെ ഭാര്യ പി.വസന്തം. ഇ.കെ.വിജയൻ 3 തവണയും, ബിനോയ് വിശ്വം 2 തവണയും നാദാപുരത്ത് ജയിച്ചുകയറി. 1967ൽ സിപിഎമ്മിലെ ഇ.വി.കുമാരനും, 1970ൽ സിപിഐയിലെ എം.കുമാരനും, 1980-82 തിരഞ്ഞെടുപ്പുകളില്‍ കെ.ടി.കണാരനുമായിരുന്നു നാദാപുരത്തിന്‍റെ കമ്യൂണിസ്റ്റ് കോട്ട കാത്തത്.
എന്നാല്‍ ഇത്തവണ ഇടതിന് വിജയ പരമ്പര തുടരാന്‍ സാധിച്ചില്ല. മഹിളാ സംഘത്തിന്‍റെ സംസ്ഥാന അധ്യക്ഷയെ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി തിരഞ്ഞെടുപ്പ് ഗോദയില്‍ വീഴ്ത്തി. ഇത്തവണ നാദാപുരം എന്‍ഡിഎ നേടുമെന്ന് പ്രഖ്യാപിച്ച് അങ്കത്തിനിറങ്ങിയ സി.പി.വിപിന്‍ ചന്ദ്രനും മണ്ഡലത്തില്‍ പ്രത്യേകിച്ച് ചലങ്ങളൊന്നും ഉണ്ടാക്കാനായില്ല. ഇക്കുറി നാദാപുരം യുഡിഎഫിനൊപ്പം. അഭിഭാഷകയായ പി.വസന്തത്തെ തോല്‍പ്പിച്ച് കെ.എം.അഭിജിത്ത് നിയമസഭയിലേക്ക്.