new-mla

ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് കേരളാ നിയമസഭയിലേക്കെത്തുന്ന വനിതകൾ ചില്ലറക്കാരല്ല. പല വമ്പന്മാരെയും അട്ടിമറിച്ചാണ് ഇടത്- വലത് മുന്നണികളിൽ നിന്നുള്ള വനിതാ സ്ഥാനാർത്ഥികൾ മികച്ച ഭൂരിപക്ഷത്തിൽ ജയിച്ചിരിക്കുന്നത്. യുഡിഎഫിലെ ഒമ്പത് പേരും എൽഡിഎഫിലെ രണ്ടുംപേരും ചേർന്ന് ആകെ പതിനൊന്ന് വനിതാ എംഎൽഎമാരാണ് നിയമസഭയിലേക്കെത്തുക.

എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണനെ അട്ടിമറിച്ച് ഫാത്തിമ തെഹിലിയ പേരാമ്പ്രയിൽ പച്ചക്കൊടി പാറിച്ചത് 5087 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. ഫാത്തിമയിലൂടെ മുസ്ലിം ലീഗിന്‍റെ ആദ്യ വനിതാ എംഎൽഎ എന്ന ചരിത്രവും പിറന്നു. എലത്തൂരിൽ മന്ത്രി എ.കെ.ശശീന്ദ്രനെ കോൺഗ്രസ് സ്ഥാനാർഥി വിദ്യ ബാലകൃഷ്ണൻ പരാജയപ്പെടുത്തിയത് 12162 വോട്ടുകൾക്കാണ്. മാനന്തവാടിയിൽ മന്ത്രി ഒ.ആര്‍.കേളുവിനെ തോൽപ്പിച്ച് കോൺഗ്രസിന്റെ ഉഷ വിജയന്‍ 10543 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.  

സിപിഎമ്മിലെ പുഷ്പ ദാസിനെയും സെലിബ്രിറ്റി അഖില്‍ മാരാരെയും തോല്‍പിച്ചാണ് 50211 എന്ന വമ്പൻ ഭൂരിപക്ഷത്തിൽ തൃക്കാക്കരയിൽ ഉമാ തോമസ് ജയിച്ചുകയറിയത്. 25016 ആയിരുന്നു ഉമാ തോമസിന്‍റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം. മുതിര്‍ന്ന സിപിഎം നേതാവ് എസ്.ജയമോഹനെ പരാജയപ്പെടുത്തിയാണ് കൊല്ലത്ത് കോൺഗ്രസ് സ്ഥാനാർഥി ബിന്ദു കൃഷ്ണ 16830 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.  

വടകരയിൽ ആര്‍ജെഡിയിലെ എം.കെ.ഭാസ്കരനെ തോല്‍പിച്ച് ആർഎംപി സ്ഥാനാർഥി കെ.കെ.രമ (14862 ) രണ്ടാം വട്ടവും നിയമസഭയിലേക്കെത്തി. കഴിഞ്ഞ തവണ 74491 ആയിരുന്നു രമയുടെ ഭൂരിപക്ഷം. സിറ്റിങ് എംഎല്‍എ കെ.ശാന്തകുമാരിയെ തോല്‍പിച്ചാണ്  കോൺഗ്രസിന്‍റെ  കെ.എ.തുളസി  (3706) കോങ്ങാട് വിജയിച്ചത്.  സിപിഎമ്മിലെ സിറ്റിങ് എംഎല്‍എ ദലീമ ജോജോയെ തോല്‍പിച്ചു ഷാനിമോള്‍ ഉസ്മാന്‍ അരൂരിൽ 9324 വോട്ടിന്‍റെ  ഭൂരിപക്ഷത്തിൽ വിജയിച്ചു. ചിറയിന്‍കീഴില്‍ സിപിഐയിലെ മനോജ് എടമനയെ   1422 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ തറപറ്റിച്ചാണ്  രമ്യ ഹരിദാസ്  ജയിച്ചു കയറിയത്.

ആറ്റിങ്ങലിൽ സിപിഎം സ്ഥാനാർഥി ഒ.എസ്.അംബിക ബിജെപിയിലെ പി.സുധീറിനെയും ആര്‍എസ്പിയിലെ സന്തോഷ് ഭദ്രനെയും പിന്നിലാക്കി. ഭൂരിപക്ഷ 13375 വോട്ട്. നാട്ടികയിൽ സിപിഐയുടെ ഗീത ഗോപി 7093 വോട്ടിന് കോണ്‍ഗ്രസിലെ സുനില്‍ ലാലൂരിനെ തോല്‍പിച്ചു. 

ENGLISH SUMMARY:

Kerala's latest assembly elections have seen a remarkable victory for women candidates, who have defeated several prominent politicians. A total of eleven women MLAs, including nine from UDF and two from LDF, will be entering the Kerala Legislative Assembly with significant vote margins.