മല്‍സരിച്ചത് 19 സീറ്റില്‍. 6 സീറ്റ് വിജയിക്കുമെന്ന അവകാശ വാദം. വോട്ടെണ്ണി കഴിയുമ്പോള്‍ സംപൂജ്യരാണ് ട്വന്‍റി 20. മുന്നണിയായി മത്സരിച്ചെങ്കിലും ട്വന്‍റി 20ക്ക് കാര്യമായ വോട്ടുയര്‍ത്താന്‍ സാധിച്ചില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയം. ബിജെപിക്ക് സ്വാധീനമുള്ള തൃപ്പൂണിത്തുറ അടക്കം ട്വന്‍റി 20ക്ക് കൈമാറിയുള്ള പരീക്ഷണം വന്‍ പരാജയം.
സ്വാധീനമുണ്ടെന്ന് സ്വയം പറയുന്ന കുന്നത്തുനാട്ടില്‍ കഴിഞ്ഞതവണ ഒറ്റയ്ക്ക് നേടിയ വോട്ട് പോലും ഇത്തവണ ബിജെപിക്കൊപ്പം നിന്നിട്ടുപോലും നേടാന്‍ കഴിഞ്ഞില്ല. ട്വന്‍റി ട്വന്‍റിക്ക് ലഭിച്ചിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടി. സീറ്റ് വിഭജനത്തില്‍ അര്‍ഹമായതില്‍ കൂടുതല്‍ പരിഗണന ട്വന്‍റി ട്വന്‍റിക്ക് നല്‍കിയെന്ന ബിജെപിയ്ക്കുള്ളിലെ അതൃപ്തിയും തിരിച്ചടിയായി.
താരങ്ങളെ സ്ഥാനാര്‍ഥികളാക്കി ഇറക്കിയുള്ള പരീക്ഷണം ജനം ഏറ്റെടുത്തില്ല. ഇതിന് ഉദാഹരണം തൃക്കാക്കരയും തൃപ്പൂണിത്തുറയും.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്‍റി 20യും ബിജെപിയും വെവ്വേറെ മത്സരിച്ച തൃക്കാക്കര മണ്ഡലത്തില്‍ ഇരുവര്‍ക്കും മുപ്പതിനായിരിത്തിന് അടുത്ത് വോട്ടുണ്ടായിരുന്നു. എന്നാല്‍ ട്വന്‍റി 20യില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി എത്തിയ അഖില്‍ മാരാര്‍ക്ക് ലഭിച്ചത് വെറും 21424 വോട്ട്. ടെലിവിഷന്‍ റിയാലിറ്റി ഷോയിലെ താരപരിചയവും സോഷ്യല്‍ മീഡിയയിലെ വര്‍ത്തമാനങ്ങളും അഖിലിന് വോട്ടാക്കി മാറ്റാന്‍ സാധിച്ചില്ലെന്ന് വ്യക്തം. 50211 വോട്ടിനാണ് തൃക്കാക്കരയില്‍ ഉമ തോമസ് ജയിച്ചത്.
2021 ല്‍ തൃപ്പൂണിത്തുറയില്‍ മത്സരിച്ചത് ബിജെപി നേതാവ് ഡോ. കെ.എസ് രാധാകൃഷ്ണനായിരുന്നു. 23756 വോട്ടു ബിജെപി ഒറ്റയ്ക്ക് നേടിയ ഇടത്ത് എന്‍ഡിയയില്‍ ട്വന്‍റി 20 സ്ഥാനാര്‍ഥിയായി മത്സരിച്ച അഞ്ജലി നായര്‍ക്ക് ലഭിച്ചത് 29471 വോട്ടു മാത്രം. സ്റ്റാര്‍ കാന്‍ഡിഡേറ്റായി എത്തിയ അഞ്ജലിക്ക് അധികം നേടാനായത് 5,715 വോട്ടു മാത്രം. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആതിരയ്ക്ക് ലഭിച്ചത് 12975 വോട്ട്. ബിജെപി 2021 ല്‍ 13746 വോട്ട് നേടിയിടത്താണിത്.