ഈ തിരഞ്ഞെടുപ്പില്‍ ഏറ്റവും ചര്‍ച്ചയായ ഒരു വാക്കാണ് 'വിസ്മയം'. എതിര്‍ പാര്‍ട്ടികളില്‍ നിന്ന് സുപ്രധാന നേതാക്കള്‍ യു.ഡി.എഫിലേക്കെത്തുമെന്ന സൂചനയുമായി പ്രതിപക്ഷ നേതാവിന്‍റെ ഈ പ്രയോഗം അന്വര്‍ത്ഥമാകുന്നതാണ് പിന്നീട് കേരളം കണ്ടത്. എന്നാല്‍ യു.ഡി.എഫിലേക്ക് മാത്രമല്ല, യു.ഡി.എഫില്‍ നിന്ന് എതിര്‍ പാര്‍ട്ടികളിലേക്കും വിസ്മയം സംഭവിച്ചു. അങ്ങനെ വിസ്മയമായവരില്‍ എത്രപേര്‍ നാളെ വോട്ടെണ്ണുമ്പോള്‍ വിസ്മയമാകും. എത്രപേര്‍ പരാജയത്തിന്‍റെ വിസ്മൃതിയിലേക്ക് പോകും....?
പ്രതിപക്ഷ നേതാവിന്‍റെ ഈ പ്രതികരണമാണ് എല്ലാത്തിന്‍റെയും തുടക്കം. തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ നോക്കളുടെ പതിവ് വാപോചാടമെന്ന് കരുതിയെങ്കിലും പിന്നീട് കണ്ടത് രാഷ്ട്രീയ കേരള ചരിത്രത്തിലെ അത്യൂപൂര്‍വ്വ സംഭവികാസങ്ങള്‍. ഉരുക്ക് പോലുള്ള സി.പി.എമ്മിന്‍റെ സംഘടന ചട്ടക്കൂട് പൊളിച്ച് സുപ്രധാന നേതാക്കള്‍ യു.ഡി.എഫിലേക്ക്.
കൊട്ടാരക്കരയില്‍ അയിഷ പോറ്റിയില്‍ നിന്ന് തുടങ്ങി, അമ്പലപ്പുഴയിലെ ജി സുധാകരനും, കണ്ണൂരിലെ പാര്‍ട്ടി കോട്ടകളായ തളിപ്പറമ്പില്‍ നിന്ന് ടികെ ഗോവിന്ദനും, പയ്യന്നൂരില്‍ വി കുഞ്ഞിക്കൃഷ്ണനും. പാര്‍ട്ടിയുമായി ഇടഞ്ഞ് നിന്ന പി.കെ ശശി ഒറ്റപ്പാലത്തും മലമ്പുഴയില്‍ വി.എസിന്‍റെ വിശ്വസ്തനായിരുന്നു കെ സുരേഷ്കുമാറും യു.ഡി.എഫിന്‍റെ സ്ഥാനാര്‍ഥികളായി വന്നതോടെ പ്രതിപക്ഷ നേതാവിന്‍റെ വിസ്മയം പ്രയോഗം അന്വര്‍ത്ഥമായി. ഇവരില്‍ അമ്പലപ്പുഴയില്‍ ജി സുധാകരന്‍റെ ജയം ഉറപ്പാണെന്നാണ് യു.ഡി.എഫ് കണക്ക് കൂട്ടല്‍. കൊട്ടാരക്കയിലും, തളിപ്പറമ്പും, പയ്യന്നൂരും അട്ടിമറി ജയം യു.ഡി.എഫ് സ്വപ്നം കാണുന്നു. ഒറ്റപ്പാലത്ത് പി.കെ ശശി കടുത്ത മത്സരം കാഴ്ചവയ്ക്കുമെങ്കിലും ജയത്തിലെത്തില്ലെന്നാണ് കണക്ക് കൂട്ടല്‍ . മലമ്പുഴയിലും വിജയ പ്രതീക്ഷയില്ല.
പ്രതിപക്ഷ നേതാവ് അഴിച്ചുവിട്ട വിസ്മയ ഭൂതം യു.ഡി.എഫിനെയും വെറുതെ വിട്ടില്ല. ആ ഒഴുക്ക് ഇടത് മുന്നണിയിലേക്കായിരുന്നില്ല, എന്‍.ഡി.എയിലേക്കായിരുന്നു പ്രധാനമായും സംഭവിച്ചത്. സിറ്റിങ് എം.എല്‍.എ ഉള്‍പ്പെടെ ഇടത് മുന്നണിയില്‍ നിന്ന് എന്‍.ഡി.എയിലെത്തി വിസമയമായവരും നിരവധി. തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഇടത് മുന്നണിയില്‍ നിന്നും യു.ഡി.എഫില്‍ നിന്നും വിസ്മയമായ പത്ത് പേരാണ് എന്‍.ഡി.എ ടിക്കറ്റില്‍ ജനവിധി തേടിയത്. നാട്ടികയില്‍ സിറ്റിംഗ് എം.എല്‍.എ സി.സി മുകുന്ദന്‍, ദേവികുളത്തും വൈക്കത്തും മുന്‍ എം.എല്‍.എമാരായ എസ് രാജേന്ദ്രനും കെ അജിത്തുമാണ് ഇടത് മുന്നണിയില്‍ നിന്നുള്ള പ്രധാന വിസ്മയങ്ങള്‍. ഇവരില്‍ നാട്ടികയില്‍ മാത്രമാണ് എന്‍.ഡി.എയ്ക്ക് വിജയ പ്രതീക്ഷ. കൊട്ടാരക്കരയില്‍ ആര്‍ രശ്മിയും ചിറിയിന്‍കീഴില്‍ ബി.എസ് അനൂപും ഉള്‍പ്പെടേ യു.ഡി.എഫില്‍ നിന്ന് എന്‍.ഡി.എയിലേക്ക് പോയി വിസ്മയമായ ആര്‍ക്കും വലിയ പ്രതീക്ഷയില്ല. കോണ്‍ഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്ന് ഇടത് സ്ഥാന്ഥാര്‍ത്ഥികളായ മൂന്ന് പേരും വിധി ദിനം വിസ്മയമാകില്ലെന്നാണ് വിലയിരുത്തല്‍.