satheesan-flex-puthupally-slip

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ 'നിയുക്ത മുഖ്യമന്ത്രി'യായി വിശേഷിപ്പിച്ചുകൊണ്ട് കൊച്ചിയിൽ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടപ്പോൾ, രമേശ് ചെന്നിത്തലയ്ക്കും സതീശനുമടക്കമുള്ള നേതാക്കളുടെ വിജയത്തിനായി പ്രമുഖ പള്ളികളിൽ പ്രത്യേക കുർബാനകളും വഴിപാടുകളും നടക്കുകയാണ്.

കൊച്ചി കളമശ്ശേരി മെഡിക്കൽ കോളജിന് സമീപമുള്ള കങ്ങരപ്പടി ജംഗ്ഷനിലാണ് വി.ഡി. സതീശനെ പിന്തുണച്ച് കൂറ്റൻ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. "പട നയിച്ചവൻ നാട് നയിക്കട്ടെ, നിലപാടിന്റെ രാജകുമാരന് അഭിവാദ്യങ്ങൾ" എന്ന വാചകത്തിനൊപ്പം "നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങൾ" എന്നും ബോർഡുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സതീശൻ അനുകൂലികളാണ് ഈ ഫെക്സിന് പിന്നിൽ.

അതേസമയം, ആലപ്പുഴ ഹരിപ്പാട് കരുവാറ്റയിൽ സതീശനെ അനുകൂലിച്ച് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി. 'ടീം യുഡിഎഫ് കരുവാറ്റ'യുടെ പേരിൽ കഴിഞ്ഞ ദിവസം രാത്രി സ്ഥാപിച്ച ബോർഡാണ് ഇന്ന് രാവിലെ നശിപ്പിക്കപ്പെട്ടത്. രമേശ് ചെന്നിത്തലയുടെ മണ്ഡലത്തിൽ തന്നെ സതീശന്റെ ബോർഡുകൾ നശിപ്പിക്കപ്പെട്ടത് ഗ്രൂപ്പ് പോരിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

നേതാക്കളുടെ വിജയത്തിനായി ആരാധനാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും സജീവമാണ്. പുതുപ്പള്ളി വലിയപള്ളിയിൽ വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, പി.വി. അൻവർ തുടങ്ങി 13 യുഡിഎഫ് നേതാക്കളുടെ പേരിൽ വിശുദ്ധ കുർബാനയിൽ സ്മരിക്കാനായി പേര് നൽകി. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റിജോ വള്ളംകുളമാണ് കുർബാനയ്ക്കായി ഈ പേരുകൾ സമർപ്പിച്ചത്.

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന പ്രാർത്ഥനയ്ക്കായി പരുമല പള്ളിയിലും പേര് നൽകി. യൂത്ത് കോൺഗ്രസ് പള്ളിപ്പാട് മണ്ഡലം പ്രസിഡന്റ് സിജോ കുഞ്ഞാണ്ടിയാണ് ചെന്നിത്തലയ്ക്കായി കുർബാന നേർന്നത്. തിരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ കാത്തുനിൽക്കാതെ പ്രവർത്തകർ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി നടത്തുന്ന ഇത്തരം നീക്കങ്ങൾ മുന്നണിക്കുള്ളിൽ അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

UDF Kerala CM debate is heating up as election results are awaited, with internal party politics spilling onto the streets and into places of worship. Supporters are actively campaigning for their preferred candidates, V.D. Satheesan and Ramesh Chennithala, for the Chief Minister post.