women-mla

മൂന്ന് മുന്നണികളിലായി 48 വനിതകള്‍ മല്‍സരിച്ചപ്പോള്‍ പത്ത് വനിതകളെങ്കിലും ജയം ഉറപ്പിച്ചെന്ന പ്രതീക്ഷയില്‍ രാഷ്ട്രീയപാര്‍ട്ടികള്‍. പി.കെ.ശ്യാമള ഉള്‍പ്പടെ അഞ്ച് പേരുടെ വിജയം എല്‍.ഡി.എഫ് ഉറപ്പിക്കുമ്പോള്‍  ഷാനിമോള്‍ ഉസ്മാനും ബിന്ദു കൃഷ്ണയുമടക്കം അഞ്ച് പേര്‍ ഉറപ്പായും ജയിക്കുമെന്ന് യു.ഡി.എഫും കണക്ക് കൂട്ടുന്നു. ചില ഘടകങ്ങള്‍ അനുകൂലമായാല്‍ ജയിച്ച് കയറുന്ന വനിതകളുടെയെണ്ണം ഇരുപത് കടന്നേക്കും. അങ്ങിനെയെങ്കില്‍ സമീപകാല ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വനിത എം.എല്‍.എമാരുണ്ടാകുന്ന തിരഞ്ഞെടുപ്പായി ഇത് മാറും.

18 വനിതകളെ രംഗത്തിറക്കിയ എല്‍.ഡിഎഫ് ജയം ഉറപ്പിക്കുന്നത് അഞ്ച് പേരില്‍ മാത്രം. തളിപ്പറമ്പില്‍ പി.കെ.ശ്യാമള, കോങ്ങാട് കെ.ശാന്തകുമാരി, നാട്ടികയില്‍ ഗീതാ ഗോപി, ചടയമംഗലത്ത് ജെ.ചിഞ്ചുറാണി ആറ്റിങ്ങലില്‍ ഒ.എസ് അംബിക.

കടുത്ത മല്‍സരം നേരിടുന്ന കെ.കെ.ശൈലജയും വീണാ ജോര്‍ജും ആര്‍.ബിന്ദുവും എം.ബി.ഷൈനിയും, യു.പ്രതിഭയും, പ്രിജി കണ്ണനും 60 ശതമാനം വിജയസാധ്യത കാണുന്നുണ്ടെങ്കിലും ഉറപ്പിക്കാന്‍ പാര്‍ട്ടിക്ക് ധൈര്യം വന്നിട്ടില്ല.

12 വനിതകളാണ് യു.ഡി.എഫിന് വേണ്ടി മാറ്റുരച്ചത്. എം.എല്‍.എമാരായ കെ.കെ.രമയ്ക്കും ഉമാ തോമസിനുമൊപ്പം  അരൂരില്‍ നിന്ന് ഷാനിമോള്‍ ഉസ്മാനും കൊല്ലം വഴി ബിന്ദു കൃഷ്ണയും മാനന്തവാടിയില്‍ മന്ത്രി ഒ.ആര്‍.കേളുവിനെ അട്ടിമറിച്ച് ഉഷ വിജയനും  നിയമസഭയിലെത്തുമെന്നാണ് യു.ഡി.എഫിന്‍റെ ഉറപ്പ്. തരംഗമുണ്ടായാല്‍ ഇടത് വന്‍മരങ്ങളെ കടപുഴക്കിയെറിഞ്ഞ് ഫാത്തിമ തെഹലിയ, വിദ്യാ ബാലകൃഷ്ണന്‍, അയിഷ പോറ്റി, രമ്യ ഹരിദാസ്, ജയന്തി രാജന്‍ എന്നിവരും വിജയപ്പട്ടികയിലെത്തുമെന്നും പ്രതീക്ഷിക്കുന്നു. 18 വനിതകളെ എന്‍.ഡി.എ കളത്തിലിറക്കിയെങ്കിലും ഉറച്ച വിജയസാധ്യത കണക്കാക്കുന്നത് ശോഭ സുരേന്ദ്രന് മാത്രം. കാറ്റ് അനുകൂലമായാല്‍ പത്മജ വേണുഗോപാലും ആര്‍.ശ്രീലേഖയും എം.എല്‍.അശ്വിനിയും ജയിച്ചുവരുമെന്നും പ്രതീക്ഷിക്കുന്നു.

നിലവില്‍ 11 വനിത എം.എല്‍.എമാരാണുള്ളത്. 2016ല്‍ വെറും 8വും 2011ല്‍ 7വും വനിതകളേ ഉണ്ടായിരുന്നുള്ളു. നിലവിലെ മുന്നണികളുടെ പ്രതീക്ഷ കണക്ക് അനുസരിച്ച് ഈ നാണക്കേട്  ഇത്തവണ  വനിതകള്‍ തിരുത്തിക്കുറിച്ചേക്കുമോയെന്നറിയാന്‍ കാത്തിരിക്കാം.

ENGLISH SUMMARY:

increased number of women candidates in the Kerala elections, with political parties optimistic about at least ten women securing victory. This election could see the highest number of women MLAs in recent history if favorable factors lead to more than twenty women winning seats