pathanamthitta-udf-aranmula-exit-poll

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മത്സരിക്കുന്ന ആറന്മുളയിലെ ഫലം പത്തനംതിട്ട മാത്രമല്ല, കേരളം മുഴുവന്‍ ഉറ്റുനോക്കുന്നു. യുഡിഎഫ് പ്രസ്റ്റീജ് മത്സരമായെടുത്ത ആറന്മുളയില്‍ എല്‍ഡിഎഫ്–യുഡിഎഫ് ബലാബലമെന്നാണ് മനോരമ ന്യൂസ് സി–വോട്ടര്‍ മെഗാ എക്സിറ്റ് പോള്‍ ഫലം. യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി എത്തിയതോടെ മത്സരം കടുത്ത ആറന്മുളയിലേത് കോണ്‍ഗ്രസിനും അഭിമാനപ്പോരാട്ടമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 19,003 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വീണാ ജോര്‍ജ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. കെ. ശിവദാസന്‍ നായരെ വീഴ്ത്തിയത്. 2016ലും വീണാ ജോര്‍ജ് ശിവദാസന്‍ നായരെ തോല്‍പ്പിച്ചിരുന്നു.

പത്തനംതിട്ട ജില്ലയിലെ അഞ്ച് നിയമസഭാമണ്ഡലങ്ങളിലും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനൊപ്പമായിരുന്നു വിജയം. ആ ആധിപത്യം ഇക്കുറി എല്‍ഡിഎഫിന് നിലനിര്‍ത്താനാവില്ലെന്നാണ് എക്സിറ്റ് പോള്‍ ഫലം സൂചിപ്പിക്കുന്നത്. എക്സിറ്റ് പോള്‍ പ്രകാരം പത്തനംതിട്ടയില്‍ 2 മുതല്‍ 4 വരെ സീറ്റുകള്‍ യുഡിഎഫ് നേടും. ഒന്നുമുതല്‍ മൂന്ന് വരെ സീറ്റുകളില്‍ എല്‍ഡിഎഫിന് സാധ്യതയുണ്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തിനാണ് അടൂര്‍ മണ്ഡലം യുഡിഎഫിന് നഷ്ടമായത്. സിറ്റിങ് എംഎല്‍എ ചിറ്റയം ഗോപകുമാറിന്റെ ഭൂരിപക്ഷം 2919 മാത്രമായിരുന്നു. ഇക്കുറി മണ്ഡലത്തില്‍ യുഡിഎഫിന് വിജയസാധ്യതയെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. കോണ്‍ഗ്രസിലെ അഡ്വ. സി.വി. ശാന്തകുമാറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഐയുടെ യുവമുഖം പ്രിജി കണ്ണനാണ് അടൂര്‍ നിലനിര്‍ത്താന്‍ കളത്തിലുള്ളത്. പന്തളം പ്രതാപനാണ് ബിജെപി സ്ഥാനാര്‍ഥി.

പത്തനംതിട്ട ജില്ലയില്‍ ഇക്കുറി 40ശതമാനം വോട്ടുകള്‍ യു.ഡി.എഫ് നേടുമെന്നാണ് എക്സിറ്റ് പോള്‍ പറയുന്നത്. എല്‍ഡിഎഫിന് 37ശതമാനം വോട്ട് ലഭിക്കും. 17 ശതമാനാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്.

ENGLISH SUMMARY:

The Manorama News C-Voter Exit Poll predicts a significant shift in Pathanamthitta district, with the UDF expected to win 2 to 4 seats. A high-voltage "balabalam" (neck-and-neck) contest is projected in Aranmula between Health Minister Veena George and UDF's Abin Varkey. The survey also favors UDF in Adoor, while the front holds a 40% overall vote share in the district compared to LDF's 37%.