ns-madhavan-file

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്ന പ്രവചനവുമായി എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. 75 സീറ്റുകൾ നേടി എൽഡിഎഫ് വീണ്ടും അധികാരത്തിലെത്തുമെന്നാണ് പ്രവചനം. യുഡിഎഫിന് 65 സീറ്റുകിട്ടുമെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും എന്‍.എസ് മാധവന്‍ പറയുന്നു. എക്സിലൂടെയാണ് അദ്ദേഹത്തിന്‍റെ പ്രവചനം.

പശ്ചിമ ബംഗാളിന്റെ രണ്ടാം ഘട്ടത്തിന് ശേഷം എക്സിറ്റ് പോളുകൾ പുറത്തുവരുമെന്നും അതിനുമുന്‍പ് ഇതാ എന്‍റെ പ്രവചനം എന്നും കുറിച്ചുമാണ് അദ്ദേഹം തന്‍റെ പ്രവചനം പുറത്തുവിടുന്നത്. ജില്ല തിരിച്ചുള്ള പ്രവചനമാണ് വന്നിരിക്കുന്നത്. മലപ്പുറവും എറണാകുളവും യുഡിഎഫ് കോട്ടകളായി തുടരും. കണ്ണൂർ, തൃശൂർ, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ എല്‍ഡിഎഫ് മുന്നേറ്റമുണ്ടാക്കും. വയനാട് യുഡിഎഫ് തൂത്തുവാരും. കോട്ടയം, ആലപ്പുഴ, കാസർകോട് ജില്ലകളിൽ ഇഞ്ചോടിഞ്ച് മത്സരം, എന്നിങ്ങനെയാണ് പ്രവചനം. ബിജെപിയാകട്ടെ അദ്ദേഹത്തിന്‍റെ പ്രവചന ചിത്രത്തിലേ ഇല്ല. മാത്രമല്ല, മൂന്ന് സീറ്റുകള്‍ അങ്ങോട്ടോ ഇങ്ങോട്ടോ മാറാമെന്നും പറയുന്നു.

എന്‍.എസ്.മാധവന്‍റെ പ്രവചനം: കാസര്‍കോട്– യുഡിഎഫ് 2, എല്‍ഡിഎഫ് 3, കണ്ണൂര്‍– യുഡിഎഫ് 3, എല്‍ഡിഎഫ് 8, വയനാട്– യുഡിഎഫ് 3, എല്‍ഡിഎഫ് 0, കോഴിക്കോട്– യുഡിഎഫ് 7, എല്‍ഡിഎഫ് 6, മലപ്പുറം– യുഡിഎഫ് 15, എല്‍ഡിഎഫ് 1, പാലക്കാട്– യുഡിഎഫ് 3, എല്‍ഡിഎഫ് 9, തൃശൂര്‍– യുഡിഎഫ് 2, എല്‍ഡിഎഫ് 11, എറണാകുളം– യുഡിഎഫ് 11, എല്‍ഡിഎഫ് 3, ഇടുക്കി– യുഡിഎഫ് 3, എല്‍ഡിഎഫ് 2, കോട്ടയം– യുഡിഎഫ് 4, എല്‍ഡിഎഫ് 5, ആലപ്പുഴ– യുഡിഎഫ് 5, എല്‍ഡിഎഫ് 4, പത്തനംതിട്ട– യുഡിഎഫ് 1, എല്‍ഡിഎഫ് 4, കൊല്ലം– യുഡിഎഫ് 4, എല്‍ഡിഎഫ് 7, തിരുവനന്തപുരം– യുഡിഎഫ് 2, എല്‍ഡിഎഫ് 12.

2021 നിയമസഭാ തിരഞ്ഞെടുപ്പിലും പ്രവചനവുമായി എന്‍.എസ്.മാധവന്‍ രംഗത്തെത്തിയിരുന്നു. ‌‌കേരളത്തിൽ 80 സീറ്റുകളുമായി എൽ.ഡി.എഫ്​ വീണ്ടും അധികാരത്തിൽ വരുമെന്നായിരുന്നു പ്രവചനം. യു.ഡി.എഫിന്​ 59 സീറ്റും ട്വന്‍റി 20ക്ക്​ ഒരു സീറ്റും പ്രവചിച്ചിരുന്നു. അന്നും ബിജെപിക്ക്​ സീറ്റുകളൊന്നും എന്‍.എസ്.മാധവന്‍ പ്രവചിച്ചിരുന്നില്ല.

ENGLISH SUMMARY:

Renowned writer N.S. Madhavan predicts a historic third term for the Left Democratic Front (LDF) in the 2026 Kerala Assembly elections. In a detailed X (formerly Twitter) post, he projected 75 seats for the LDF and 65 for the UDF, while forecasting that the BJP would fail to open its account. His district-wise analysis suggests LDF dominance in districts like Kannur, Thrissur, and Thiruvananthapuram, while the UDF is expected to maintain its hold on Malappuram, Ernakulam, and Wayanad.