നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് തലേ ദിവസം പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ പണം കൈമാറിയെന്ന പരാതിയില്‍ കലക്ടര്‍ റിപ്പോര്‍ട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് കൈമാറി. പുറത്തുവന്ന ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധനാഫലവും കൈമാറി.
പാലക്കാട് തിരുവക്കുറിശിയിലാണ് ബിജെപി പ്രവര്‍ത്തകര്‍ വയോധികയ്ക്ക് പണം കൈമാറിയത്. ഇതിന്‍റെ ദൃശ്യങ്ങളടക്കം കോണ്‍ഗ്രസ് പുറത്തുവിടുകയും പരാതി നല്‍കുകയും ചെയ്തിരുന്നു. പണം കൈമാറിയത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതോടെ പണം നല്‍കിയത് കൂട്ടത്തിലുള്ള യുവതിയുടെ വല്യമ്മയ്ക്കാണെന്നായിരുന്നു ശോഭ സുരേന്ദ്രന്‍റെ മറുപടി. വിവാദമായതോടെ ഒപ്പമുണ്ടായിരുന്ന സ്ത്രീയെ അറിയില്ലെന്നും തനിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നുവെന്നും ആരോപിച്ചു.
പണം കൈപ്പറ്റിയ വയോധികയോട് മാധ്യമങ്ങള്‍ വിവരം തേടിയപ്പോള്‍ 'മരുന്നിന് പണം ചോദിച്ചെന്നായിരുന്നു' ആദ്യ മറുപടി. പിന്നാലെ ബന്ധുക്കള്‍ ഇടപെട്ടതോടെ ഇവര്‍ മാറ്റിപ്പറയുകയും ചെയ്തു.