k-sudhakaran-01

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച ഹൈക്കമാന്റിനു മുന്നിലേക്ക്. കെ.സി.വേണുഗോപാലിനെ അനുകൂലിച്ചുള്ള സമൂഹമാധ്യമ പോസ്റ്റിലൂടെ മുഖ്യമന്ത്രി ചർച്ച സജീവമാക്കിയ കെ.സുധാകരൻ കെ.സി.വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ നേരിട്ട് കണ്ട് ആവശ്യപ്പെട്ടു. ചടുലമായ പ്രവർത്തനമാണ് ഇപ്പോൾ ആവശ്യമെന്നും കെ.സി.വേണുഗോപാലിന് അതിന് കഴിയുമെന്നും അഭിപ്രായം തുറന്നു പറയാൻ കഴിഞ്ഞില്ലെങ്കിൽ താനെന്തിനാണ് ജീവിക്കുന്നത് എന്നും കെ.സുധാകരന്‍ പറഞ്ഞു. 

മുന്‍പ് ഭരണപരമായ പ്രവർത്തി പരിചയം പരിഗണിച്ചാണ് രമേശ് ചെന്നിത്തലയുടെ പേര് പറഞ്ഞതെന്നാണ് കെ.സി വേണുഗോപാലിലേക്കുള്ള മാറ്റം സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടി. പാര്‍ലമെന്റില്‍ വച്ചായിരുന്നു മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായുള്ള കൂടിക്കാഴ്ച. മുഖ്യമന്ത്രി ആരാകണമെന്ന തന്റെ അഭിപ്രായം ഹൈക്കമാന്റിനെ അറിയിക്കുമെന്ന് സുധാകരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരും മുൻപുള്ള മുഖ്യമന്ത്രി ചർച്ചകളിൽ തെറ്റില്ല എന്നാണ് സുധാകരന്റെ വാദം.

ഫലം വരും മുൻപുള്ള മുഖ്യമന്ത്രി ചർച്ച അനാവശ്യമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഹൈക്കമാന്റും-സംസ്ഥാന നേതൃത്വവും പരസ്യ പ്രതികരണം വിലക്കിയിരിക്കെയാണ് സുധാകരന്റെ നീക്കം. ഇതിനിടെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തി. കെ.സുധാകരൻ മുഖ്യമന്ത്രി ചർച്ച തുടരുന്നതിൽ കടുത്ത അത്യപ്തിയിലാണ് വി.ഡി.സതീശനും രമേശ് ചെന്നിത്തലയും അടക്കമുള്ള നേതാക്കൾ.

ENGLISH SUMMARY:

K. Sudhakaran has escalated the chief ministerial debate within the Kerala Congress by meeting Mallikarjun Kharge to advocate for KC Venugopal. Sudhakaran emphasized that Venugopal’s dynamic leadership is essential for the state and clarified his shift from Ramesh Chennithala’s name. This move comes despite high command orders to avoid public statements on the leadership issue before election results. While General Secretary Deepa Das Munshi held talks with KC Venugopal, top leaders like VD Satheesan and Ramesh Chennithala have reportedly expressed strong displeasure over Sudhakaran’s open lobbying. Sudhakaran maintains that there is nothing wrong with discussing leadership early, even as the high command seeks to suppress the internal feud.