നേമത്ത് വിജയ പ്രതീക്ഷ അവകാശപ്പെട്ട് യു.ഡി.എഫ്. 4,500 ലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ കെ.എസ്.ശബരീനാഥന്‍ ജയിക്കുമെന്നാണ് ബൂത്ത് തല കണക്കിലെ പ്രതീക്ഷ. വി.ശിവന്‍കുട്ടി മൂന്നാമതാകുമെന്നും യു.ഡി.എഫ് കണക്ക് കൂട്ടുന്നു. 2011 മുതല്‍ മൂന്നാം സ്ഥാനത്തൊതുങ്ങിയ യു.ഡി.എഫ് ഇത്തവണ ഒന്നാമതെത്തുമെന്ന് ബൂത്ത് തല വോട്ടുകള്‍ കണക്ക്കൂട്ടി യു.ഡി.എഫ് അവകാശപ്പെടുന്നത്.
4500നും 5300നും ഇടയിലുള്ള ഭൂരിപക്ഷമാണ് മണ്ഡലം കമ്മിറ്റിയുടെ അവകാശവാദം. 49,500 വോട്ട് ശബരീനാഥന്‍ നേടും. രാജീവ് ചന്ദ്രശേഖര്‍ 45,000 ല്‍ പിടിക്കുമ്പോള്‍ വി.ശിവന്‍കുട്ടി നാല്‍പതിനായിരത്തില്‍ ഒതുങ്ങുമെന്നുമാണ് യു.ഡി.എഫിന്‍റെ വിലയിരുത്തല്‍. ഭരണവിരുദ്ധ വികാരം, ബി.ജെ.പി വോട്ടുകളിലെ വിള്ളല്‍, ശബരീനാഥന്‍റെ വ്യക്തിപ്രഭാവം എന്നിവയാണ് അട്ടിമറി വിജയത്തിന് അടിസ്ഥാനമായി യു.ഡി.എഫ് പറയുന്നത്.
30,000 ത്തോളം വരുന്ന മുസ്‍ലിം വോട്ടുകളില്‍ 70 ശതമാനം ലഭിക്കും. ക്രിസ്ത്യന്‍, നാടാര്‍ വോട്ടുകള്‍ പൂര്‍ണമായി അനുകൂലമായി. ഇതുകൂടാതെ മുന്‍വര്‍ഷങ്ങളില്‍ ബി.ജെ.പിയിലേക്ക് പോയ ഒരു വിഭാഗം ഹിന്ദുവോട്ടുകളും ലഭിക്കുമെന്നാണ് കണക്ക് കൂട്ടല്‍. ഒപ്പം സ്ത്രീ, യുവ വോട്ടര്‍മാരില്‍ ശബരി ചെലുത്തിയ സ്വാധീനം കൂടിയാകുമ്പോഴാണ് യു.ഡി.എഫ് വിജയം സ്വപ്നം കാണുന്നത്.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.മുരളീധരന്‍ നേടിയത് 36,524 വോട്ടായിരുന്നു. അതിലും പതിനാലായിരത്തോളം വോട്ടുകള്‍ ശബരി അധികം പിടിക്കണം യു.ഡി.എഫിന്‍റെ കണക്കുകള്‍ ശരിയാകാന്‍. ആറായിരത്തിനും പതിനായിരത്തിനും ഇടയിലുള്ള ലീഡില്‍ ജയിക്കുമെന്നാണ് ബി.ജെ.പിയുടെ കണക്ക്. മൂവായിരം വോട്ടായിരുന്നു എല്‍.ഡി.എഫിന്‍റെ ലീഡ് കണക്ക്. ചുരുക്കത്തില്‍ വോട്ടെടുപ്പിന് ശേഷവും വിട്ടുകൊടുക്കാന്‍ ആരും തയാറല്ല.