kozhikode-polling

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍പേര്‍ വോട്ട് രേഖപ്പെടുത്തിയ കോഴിക്കോട് ജില്ലയിലെ 13 മണ്ഡലങ്ങളില്‍ പത്തിടത്തും പോളിങ് ശതമാനം എണ്‍പത് കടന്നു. ന്യൂനപക്ഷ മേഖലകളില്‍ വോട്ടുകള്‍ ഗണ്യമായി കൂടിയത് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്... പോളിങ് ശതമാനത്തിലെ വര്‍ധന നേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫ്.

ഹോട്ട് സീറ്റുകളുടെ പട്ടികയിലൊന്നും ഇടം പിടിക്കാതിരുന്ന കോഴിക്കോട് സൗത്ത്, നോര്‍ത്ത് മണ്ഡലങ്ങളില്‍ കഴിഞ്ഞതവണത്തേക്കാള്‍  അഞ്ചുമുതല്‍  ഏഴുശതമാനം വരെയാണ് പോളിങ് ഉയര്‍ന്നത്. മന്ത്രി മുഹമ്മദ് റിയാസും പി വി അന്‍വറും നേര്‍ക്കുനേര്‍ ഏറ്റമുട്ടിയ ബേപ്പൂരില്‍ കഴി‍ഞ്ഞതവണ 79 ശതമാനമായിരുന്നു പോളിങ്ങെങ്കില്‍ ഇത്തവണയത് 84 ന് അടുത്തെത്തി.പ്രചാരണ രംഗത്ത് യുഡി എഫ് വലിയ ഒാളം സൃഷ്ടിച്ച പേരാമ്പ്ര, ബാലുശേരി മണ്ഡലങ്ങളില്‍ 81 ശതമാനത്തോളം ആളുകളും വോട്ടുചെയ്യാനെത്തി. ന്യൂനപക്ഷ വോട്ടുകള്‍ വിധി നിര്‍ണയിക്കുന്ന കുന്നമംഗലം, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലെ  വോട്ട് ശതമാനത്തിലെ വര്‍ധന യു.ഡിഎഫിന്റ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.മന്ത്രി എ കെ ശശീന്ദ്രന്‍ നാലാം തവണയും മല്‍സരിക്കാനിറങ്ങിയ എലത്തൂരില്‍ കഴി‍ഞ്ഞതവണ പോള്‍ ചെയ്തതിനേക്കാള്‍  മൂന്നുശതമാനം വോട്ട്  കൂടുതലാണ്. ‌‌ലീഗ് തിരിച്ചുപിടിക്കാമെന്ന് പ്രതീക്ഷ വയ്ക്കുന്ന കുറ്റ്യാടിയിലുമുണ്ട് എണ്‍പതിന് മുകളില്‍ പോളിങ്. വടകര, നാദാപുരം, കൊയിലാണ്ടി മേഖലകളിലും വോട്ടുചെയ്യാനാതെത്തിയവരുടെ എണ്ണം കഴിഞ്ഞതവണത്തേക്കാള്‍ കൂടി. രണ്ട് പതിറ്റാണ്ടായി ഒരു സീറ്റുപോലും ഇല്ലാത്ത കോണ്‍ഗ്രസിന് ഉയര്‍ന്ന പോളിങ് ശതമാനത്തിലാണ് പ്രതീക്ഷ. വോട്ടര്‍പട്ടികയിലെ പരിഷ്കരണവും പോളിങ് ശതമാനം ഉയരാന്‍ കാരണമായിട്ടുണ്ട്. 

ENGLISH SUMMARY:

Kozhikode district saw a significant increase in voter turnout in the recent Kerala Assembly Election, with polling percentages exceeding 80% in many of its 13 constituencies. This heightened participation is leading to varied hopes and calculations for both the UDF and LDF, especially in constituencies where minority votes are expected to play a crucial role.