A K Antony
Former Minister of Defence of India
Arackaparambil Kurien Antony, better known as A. K. Antony is an Indian politician and attorney who was the 23rd Defence Minister of India. Photo By : J Suresh

.

  • ആറുമണിക്ക് പിണറായി സര്‍ക്കാര്‍ അസ്തമിക്കും:A.K.ആന്റണി
  • ‘തുടര്‍ന്നുള്ളത് കെയര്‍ടേക്കര്‍ മുഖ്യമന്ത്രി മാത്രം’
  • ‘സര്‍ക്കാരിനോട് കണക്ക് ചോദിക്കാന്‍ ജനംമുന്നോട്ട്’

ഇടതുപക്ഷത്തെയും സിപിഎമ്മിനെയും സിപിഐയെയും സ്നേഹിക്കുന്നവരാണ് ഇക്കുറി യുഡിഎഫിന് വോട്ട് ചെയ്യുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെയും ഇടതുപക്ഷത്തെയും സ്നേഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ തുടര്‍ഭരണത്തിന് എതിരാണ്. തുടര്‍ഭരണം കേരളത്തില്‍ ഇടതുപക്ഷത്തിന്‍റെ ശവക്കുഴി തോണ്ടുമെന്ന് അവര്‍ക്കറിയാം. ബംഗാളിലെ പരമദയനീയമായ സ്ഥിതിയിലേക്ക് കേരളത്തിലെ ഇടതുപക്ഷം എത്തരുതെന്ന് അവര്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ അവര്‍ ചരിത്രത്തിലാദ്യമായി എല്ലാ ജില്ലകളിലും യുഡിഎഫിന് വോട്ട് ചെയ്യുകയാണെന്ന് ആന്‍റണി തിരുവനന്തപുരത്ത് പറഞ്ഞു.

 

പിണറായി സര്‍ക്കാരിനെ എതിര്‍ക്കുന്നവരും യുഡിഎഫിനെ സ്നേഹിക്കുന്നവരും കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവരും ഇടതുപക്ഷം നശിക്കരുതെന്ന് ആഗ്രഹിക്കുന്നവരും ചേര്‍ന്നുള്ള ഒരുമുന്നണി ഈ തിരഞ്ഞെടുപ്പില്‍ രംഗത്തുണ്ട്. അതുകൊണ്ട് യുഡിഎഫ് ചരിത്രവിജയം നേടുമെന്ന് ആന്‍റണി പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ കേരളത്തിലുടനീളം ശക്തമായ ഭരണവിരുദ്ധവികാരം പ്രകടമായിരുന്നു. അവസാനത്തെ മൂന്നുനാലുദിവസം ആ വികാരം ജനരോഷമായി കൊടുങ്കാറ്റായി രൂപപ്പെട്ടു. പത്തുവര്‍ഷത്തെ ജനദ്രോഹനടപടികള്‍ക്ക് ജനാധിപത്യത്തില്‍ കൊടുക്കാവുന്ന ഏറ്റവും കടുത്ത ശിക്ഷ ഈ സര്‍ക്കാരിന് നല്‍കുമെന്നും ആന്‍റണി പറഞ്ഞു.

 

‘ഒരുതരം, രണ്ടുതരം, മുന്നൂതരം’

‘യുഡിഎഫ് വിജയം കട്ടായം, ഒരുതരം ഒരുതരം, രണ്ടുതരം, മുന്നൂതരം. യുഡിഎഫ് ഭരണം ഉറപ്പിച്ചു. എല്‍ഡിഎഫ് ഇനി പ്രതിപക്ഷത്ത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്ക് ഇനി പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാം. ഇലക്ഷന്‍ കഴിയുമ്പോള്‍ യുഡിഎഫുകാര്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും.’ – ആന്‍റണി പതിവുവിട്ട് ആവേശം കൊണ്ടു. ‘ഇന്ന് ആറുമണിക്ക് പോളിങ് കഴിയും. അതിനര്‍ഥം, ആറുമണി കഴിയുമ്പോള്‍ പിണറായി സര്‍ക്കാര്‍ അസ്തമിച്ച് കഴിഞ്ഞിരിക്കും. പിന്നെയുള്ളത് കെയര്‍ടേക്കര്‍ ഗവണ്‍മെന്‍റാണ്. മേയ് നാലിന് വോട്ടെണ്ണല്‍ കഴിഞ്ഞാല്‍ യുഡിഎഫ് ഭരണം ഉണ്ടാകും. ഇടതുപക്ഷത്തിന് പ്രതിപക്ഷത്തിരുന്നുകൊണ്ട് തെറ്റുതിരുത്തല്‍ പ്രക്രിയ ആരംഭിക്കാം.’ – ആന്‍റണി പരിഹസിച്ചു.

 

ബിജെപി കേരളത്തിന് ചേര്‍ന്ന പാര്‍ട്ടിയല്ലെന്ന് ആന്‍റണി പറഞ്ഞു. കേരളത്തിന്‍റെ മണ്ണില്‍ അവര്‍ക്ക് വേരോട്ടം കിട്ടാന്‍ പ്രയാസമാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്തൊക്കെയോ കാരണത്താല്‍ ഒരു സീറ്റ് കിട്ടിയെന്നതൊഴിച്ചാല്‍ മറ്റൊന്നുമില്ല. ഒ.രാജഗോപാല്‍ മല്‍സരിച്ചപ്പോള്‍ അദ്ദേഹത്തോടുള്ള വ്യക്തിപരമായ സ്നേഹം കൊണ്ട് അദ്ദേഹം ജയിച്ചതൊഴിച്ചാല്‍ കേരളത്തില്‍ ബിജെപി പച്ചപിടിക്കാന്‍ സാധ്യതയില്ലെന്നും കോണ്‍ഗ്രസിന്‍റെ ഏറ്റവും മുതിര്‍ന്ന നേതാവ് അഭിപ്രായപ്പെട്ടു.

 

ENGLISH SUMMARY:

Senior Congress leader A.K. Antony has claimed that even traditional Left supporters are voting for the UDF in the Kerala Assembly Elections 2026 to prevent the decline of Left politics. He argued that continued LDF rule could weaken the Left, prompting a shift in voter sentiment across districts. Antony predicted a historic UDF victory, citing strong anti-incumbency and growing public anger against the Pinarayi government. He also reiterated that BJP has limited scope in Kerala’s political landscape.