അതിജീവനത്തിന്‍റെ ദൂരങ്ങൾ താണ്ടി അവർ വീണ്ടും മലകയറുന്നു. ദുരന്തത്തിൽ സർവ്വവും നഷ്ടപ്പെട്ട മുണ്ടക്കൈ ചൂരൽമല നിവാസികളുടെ ആ യാത്രയിലേക്ക്.
കാലം മായ്ക്കാത്ത മുറിവുകളുമായി മലയിറങ്ങിയവർ വീണ്ടും ആ മണ്ണിലേക്ക് മടങ്ങി. തങ്ങളുടെ തകർന്നുപോയ കൂരകൾ തേടിയല്ല, മറിച്ച് ജനാധിപത്യപരമായ അവകാശം വിനിയോഗിക്കാനായിരുന്നു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട്, മുണ്ടക്കൈയിലെയും ചൂരൽമലയിലെയും സ്വന്തം മണ്ണിൽ നിന്ന് പറിച്ചെറിയപ്പെട്ട വോട്ടർമാർ ഇന്ന് പലയിടത്തായി ചിതറിക്കിടക്കുകയാണ്. മേപ്പാടിയുടെ വിവിധ കോണുകളിൽ വാടകവീടുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നവർ വോട്ട് ചെയ്യാനായി പോകുമ്പോൾ ഒപ്പം കൂടാത്ത പ്രിയപ്പെട്ടവരുടെ ഓർമകൾ കൂടെയുണ്ട്.