തൃശൂര്‍ വാടാനപ്പള്ളിയിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്നതിനായി ഭക്ഷ്യകിറ്റ് തയാറാക്കിയ സംഭവത്തില്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച് കോടതി. കിറ്റിന് ഓര്‍ഡര്‍ നല്‍കിയ വ്യക്തിയെ പ്രതിയാക്കി കേസ് റജിസ്റ്റര്‍ ചെയ്യാന്‍ ചാവക്കാട് മജിസ്ട്രേറ്റാണ് പൊലീസിന് അനുമതി നല്‍കിയത്. മണലൂര്‍ മണ്ഡലത്തില്‍ വിതരണം ചെയ്യുന്നതിനായി കിറ്റ് തയാറാക്കിയെന്നായിരുന്നു ടി.എന്‍.പ്രതാപന്‍റെ പരാതി. സ്ഥലത്ത് നിന്നും കിറ്റുകള്‍ ലഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ കിറ്റ് കിട്ടിയതായി വോട്ടര്‍മാരാരും പൊലീസില്‍ മൊഴി നല്‍കിയിട്ടില്ല. 

കിറ്റ് തയാറാക്കിയതിന് തെളിവുണ്ടെന്നും അത് പൊലീസിന് കൈമാറിയിട്ടുണ്ടെന്നും പ്രതാപന്‍ നേരത്തെ മനോരമന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. കിറ്റുകള്‍ പൊലീസ് കൊണ്ടുപോയതിന് നാട്ടുകാര്‍ സാക്ഷിയാണെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു.  എന്നാല്‍ കിറ്റ് പ്രതാപന്‍റെ നാടകമാണെന്നും ഒരെണ്ണം വിതരണം ചെയ്തതായി തെളിവ് പുറത്ത് വിടാന്‍ മണലൂരെ എന്‍ഡിഎ സ്ഥാനാര്‍ഥി വെല്ലുവിളി മുഴക്കുകയും ചെയ്തിരുന്നു. ചാമ്പ്യന്‍സ് ട്രേഡേഴ്സ് എന്ന ഗോഡൗണ്‍ കേന്ദ്രീകരിച്ച് ഭക്ഷ്യക്കിറ്റ് തയാറാക്കുന്നുവെന്ന വാര്‍ത്ത പരന്നതോടെയാണ് യുഡിഎഫ്–എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് എത്തിയത്. ബിജെപി പ്രവര്‍ത്തകരും സംഘടിച്ചതോടെ കേന്ദ്ര സേന ഇടപെടേണ്ടി വന്നു. സ്വകാര്യ വ്യക്തിയുടെ വീടിനോട് ചേര്‍ന്ന ഗോഡൗണാണ് വിവാദത്തിലായത്.

തൃശൂര്‍ ഒളരിക്കരയിലും കിറ്റ് വിതരണത്തിന് ശ്രമിച്ച ബിജെപി പ്രവര്‍ത്തകരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കയ്യോടെ പിടിച്ചിരുന്നു. ഈ സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പൊലീസ് കേസെടുത്തിരുന്നു. ബിജെപി പ്രാദേശിക നേതാവായ രാധാകൃഷ്ണനാണ് ഈ കേസിലെ പ്രതി.

അതിനിടെ ഭക്ഷ്യക്കിറ്റ് വിവാദം ബിജെപിയുമായി ചേര്‍ന്നുള്ള ടി.എന്‍.പ്രതാപന്‍റെ നാടകമാണെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു. നാട്ടികയിലെ കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഫിറോസാണ് പ്രതാപനെതിരെ സിപിഎമ്മിന്‍റെ ജില്ലാ കമ്മിറ്റി ഓഫിസിലെത്തി രൂക്ഷ വിമര്‍ശനം നടത്തിയത്. 

ENGLISH SUMMARY:

The Chavakkad Magistrate Court has directed the police to register a case regarding the alleged preparation of food kits for voters in Vadanappally, Thrissur. The person who placed the order for the kits has been named as the accused. While TN Prathapan claimed to have handed over evidence to the police, the NDA candidate in Manalur dismissed it as a political drama. Interestingly, a local Congress leader, Firoz, also criticized Prathapan, calling the incident a staged act. Meanwhile, a separate case has been registered in Olarikkara against a local BJP leader for similar allegations of kit distribution.