തിരഞ്ഞെടുപ്പ് ചൂട് പാരമ്യത്തിലെത്തി നില്‍ക്കേ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പത്തുവര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് എല്‍ഡിഎഫ് പ്രകടനപത്രികയിലെ 95 ശതമാനവും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടത്. പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചവയില്‍ എത്രത്തോളം നടപ്പിലാക്കിയെന്നറിയുന്നത് ജനങ്ങളുടെ അവകാശമാണെന്നും അദ്ദേഹം പിണറായിയില്‍ പറഞ്ഞു. സര്‍ക്കാരെന്ന നിലയില്‍ ഇത്തമൊരു കണക്ക് നാട്ടുകാര്‍ക്ക് മുന്നില്‍ വയ്ക്കുന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് മുന്നില്‍ കണക്കുകള്‍ പറയുകയെന്ന വാഗ്ദാനം എല്‍ഡിഎഫ് ഉപേക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൂര്‍ണമായും പൂര്‍ത്തിയായതും പൂര്‍ത്തിയാകലിന്‍റെ അടുത്തെത്തിയതുമാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സാധാരണക്കാരന്‍റെ സ്വപ്നമാണ് ഭൂമിയും വീടും. ഇത് യാഥാര്‍ഥ്യമാക്കാനാണ് ലൈഫ് പദ്ധതി 2016ലെ സര്‍ക്കാര്‍ കൊണ്ടുവന്നത്. അതിന്‍റെ ഭാഗമായി അഞ്ചുലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഒരു വീട്ടില്‍ ശരാശരി നാലുപേരെന്ന കണക്കിലെടുത്താല്‍ 20 ലക്ഷം ആളുകള്‍ക്ക് സുരക്ഷിതമായ ഭവനം ഒരുക്കാന്‍ ഈ സര്‍ക്കാരിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മല്‍സ്യത്തൊഴിലാളികള്‍ക്കായി പുനര്‍ഗേഹം പദ്ധതി നടപ്പിലാക്കി. ഇതിന്‍റെ ഭാഗമായി 2789 വീടുകളും 738 ഫ്ലാറ്റുകളും കൈമാറി.
പട്ടയമില്ലാത്ത 4,56689 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കി. ഒടുവിലെ എസ്ഐആര്‍ നടപ്പിലാക്കുന്നതിന്‍റെ തിരക്കില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ആയിപ്പോയതിനാലാണ് അഞ്ചുലക്ഷത്തിലേക്ക് ഇതെത്താതിരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 3,13,202 PSC നിയമനങ്ങള്‍ നടത്തിയെന്നും വയനാട് പുനരധിവാസത്തില്‍ 178 വീടുകള്‍ പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനം അതിദാരിദ്ര്യമുക്തമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്ത് തന്നെ അപൂര്‍വം രാജ്യങ്ങള്‍ മാത്രമേ അതിദാരിദ്ര്യമുക്തമായിട്ടുള്ളൂവെന്നും ഇത് സംസ്ഥാനത്തിന്‍റെ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.