തമിഴ്നാട് തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. പട്ടികയിൽ മലയാളിയും. വിളവങ്കോട് ടി.ടി. പ്രവീൺ സ്ഥാനാർഥി. സിഎസ്ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ആണ്. സിഎസ്ഐ സഭയിൽ നിർണായക സ്വാധീനമുള്ള ഔദ്യോഗിക വിഭാഗത്തിൻ്റെ ശക്തനായ പ്രതിനിധി ആണ് പ്രവീൺ. സഭയുടെ പ്രധാനപ്പെട്ട മുഖമായ ഒരാളെ കന്യാകുമാരി ജില്ലയിൽ മത്സരിപ്പിക്കുന്നത് തിരുവനന്തപുരത്ത് കൂടി വലിയ മുന്നേറ്റം ലക്ഷ്യമിട്ടാണ്. 27 സീറ്റുകളിലേക്ക് ഉള്ള സ്ഥാനാർഥികളെ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ സെൽവ പെരുന്തഗൈ ശ്രീപെരുമ്പത്തുരിൽ മത്സരിക്കും
സിഎസ്ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ടി.ടി.പ്രവീണിന് തമിഴ്നാട്ടില്‍ സീറ്റ് നല്‍കുമ്പോള്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം തിരുവനന്തപുരം ജില്ലയിലെ നിര്‍ണായക വോട്ടുകള്‍. ജില്ലയിലെ ആറ് മണ്ഡലങ്ങളില്‍ പ്രബല വോട്ടുബാങ്കും മൂന്നു മണ്ഡലങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള സി.എസ്.ഐ സഭയെ ഒപ്പം ചേര്‍ത്തുനിര്‍ത്തുകയാണ് ലക്ഷ്യം. സഭയുടെ പിന്തുണ യുഡിഎഫിന് നല്‍കുമെന്ന് പ്രവീണ്‍ സൂചിപ്പിക്കുക കൂടി ചെയ്തു. കഴിഞ്ഞതവണ എല്‍ഡിഎഫിനായിരുന്നു പിന്തുണ.
കന്യാകുമാരി ജില്ലയിലെ സിറ്റിങ് സീറ്റായ വിളവങ്കോട് ആണ് ടി.ടി.പ്രവീണിന് കോണ്‍ഗ്രസ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞതവണയും പ്രവീണ്‍ ആഗ്രഹിച്ച സീറ്റ് നല്‍കുന്നതിലൂടെ കോണ്‍ഗ്രസിന്റെ ലക്ഷ്യം തിരുവനന്തപുരം ജില്ലയിലെ നിര്‍ണായക വോട്ടുബാങ്കായ സി.എസ്.ഐയുടെ പിന്തുണയാണ്. മൂന്നുതവണ തിരുവനന്തപുരം എം.പിയായിരുന്ന എ.ചാള്‍സിന് ശേഷം ഇതാദ്യമായിട്ടാണ് ഒരു സി.എസ്.ഐ മഹായിടവക സെക്രട്ടറിക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കുന്നതെന്ന പ്രത്യേകതയുമുണ്ട്. യുഡിഎഫിന് സി.എസ്.ഐ സഭയുടെ പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതില്‍ ഉടന്‍ തീരുമാനമെന്ന് പ്രവീണ്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഇതോടെ, നാടാര്‍ ക്രിസ്ത്യന്‍ വിഭാഗം നിര്‍ണായക ശക്തിയായ നെയ്യാറ്റിന്‍കര, പാറശാല, കാട്ടാക്കട, അരുവിക്കര, കോവളം മണ്ഡലങ്ങളില്‍ കൂടുതല്‍ കരുത്താകുമെന്നാണ് കണക്കുക്കൂട്ടല്‍. നേമം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിലും നിര്‍ണായക ശക്തിയാണ് സഭയ്ക്കുള്ളത്. സഭയ്ക്കുള്ളില്‍ രണ്ട് വിഭാഗമുണ്ടെങ്കിലും ഔദ്യോഗിക പക്ഷത്തിന്റെ പിന്തുണ ആര്‍ജ്ജിച്ചെടുക്കുന്നത് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് കണക്കുക്കൂട്ടുന്നു.
കഴിഞ്ഞതവണ എല്‍ഡിഎഫിനായിരുന്നു സി.എസ്.ഐ സഭയുടെ പിന്തുണ. അരുവിക്കര, നെയ്യാറ്റിന്‍കര മണ്ഡലങ്ങളിലെ സഭയിലെ അംഗങ്ങളെ ഇടതുപക്ഷം സ്ഥാനാര്‍ഥിയുമാക്കി. ഇത്തവണ രണ്ടിടത്തും യുഡിഎഫും ഇറക്കിയിട്ടുള്ളത് സി.എസ്.ഐ സഭാ പ്രതിനിധികള്‍ തന്നെയാണെന്നതും പ്രത്യേകതയാണ്. ചുരുക്കത്തില്‍ പ്രവീണിന്റെ സീറ്റ് തമിഴ്നാട്ടിലാണെങ്കിലും അതിന്റെ പ്രതിഫലനം കേരളത്തിലായിരിക്കും.