പയ്യന്നൂരിൽ ധനരാജ് രക്തസാക്ഷി ഫണ്ട്‌ തട്ടിപ്പ് വിവാദം തിരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചയാകുന്നു. കുഞ്ഞികൃഷ്ണൻ വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്തിവിട്ടേക്കുമെന്നാണ് സൂചന . പാർട്ടിയെ പ്രതിരോധത്തിൽ നിർത്തുമ്പോഴും കണക്ക് പുറത്തുവിടാൻ സിപിഎം തയ്യാറല്ല. 

പയ്യന്നൂരിൽ അടുത്തിടെയൊന്നും അനുഭവിക്കാത്ത അത്ര വലിയ രാഷ്ട്രീയ പ്രതിസന്ധിയാണ് സിപിഎം നേരിടുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ ധനരാജ് രക്തസാക്ഷി ഫണ്ട്‌ തട്ടിപ്പ് ആരോപണത്തിൽ ദിനംപ്രതി കൂടുതൽ തെളിവുകൾ പുറത്തു വരുന്നു.

വി.കുഞ്ഞികൃഷ്‌ണൻ ഉന്നയിച്ച ആരോപണത്തിൽ ബാങ്ക് രേഖകളിലെ സാങ്കേതികത്വം ചൂടികാട്ടിയാണ് സിപിഎം മറുപടി. കുഞ്ഞികൃഷ്ണൻ പുറത്തുവിട്ട രേഖയിൽ പറയുന്നത് തന്‍റെ സ്വകാര്യ അക്കൗണ്ട് അല്ലെന്ന് അന്നത്തെ ഏരിയ സെക്രട്ടറി കെ.പി.മധു പ്രതികരിച്ചു. എന്നാൽ രക്തസാക്ഷി ഫണ്ട്‌ വകമാറ്റിയോ എന്ന ചോദ്യത്തിന് പാർട്ടിയ്ക്ക്  കൃത്യമായ ഉത്തരമില്ല. കുഞ്ഞികൃഷ്ണൻ യുഡിഎഫിന്‍റെ കോടാലി കയ്യെന്ന വിമർശനമുയർത്തിയാണ് സിപിഎം പ്രതിരോധം. 

എന്നും ഇടതുപക്ഷത്തോട് ചേർന്നുള്ള രാഷ്ട്രീയമാണ് പയ്യന്നൂരിനുള്ളത്.  മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ നിയമസഭയിലേക്ക് അയച്ച പാരമ്പര്യവുമില്ല . പാർട്ടിയുടെ ഏറ്റവും വലിയ ശക്തി കേന്ദ്രത്തിൽ ഇത്തവണ കുഞ്ഞികൃഷ്ണൻ ഉയർത്തിവിട്ട ആരോപണങ്ങളാണ് മുഖ്യ ചർച്ചവിഷയം.

ENGLISH SUMMARY:

The Payyanur Dhanraj fund scam is heating up political discussions in the upcoming elections. With V. Kunhikrishnan hinting at more evidence, the CPM faces a significant political crisis in Payyanur.