യുഡിഎഫിന്‍റെ പരമ്പരാഗത ശക്തികേന്ദ്രമായ എറണാകുളം ജില്ലയില്‍ കഴിഞ്ഞ തവണത്തെ നേട്ടം ആവര്‍ത്തിക്കാന്‍ ഇക്കുറി എല്‍ഡിഎഫിന് കഴിയില്ലെന്ന് മനോരമന്യൂസ് സി–വോട്ടര്‍ മെഗാ ഇലക്ഷന്‍ സര്‍വേ. 14 നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയില്‍ 2021ല്‍ 7 സീറ്റ് നേടിയ ഇടതുമുന്നണിക്ക് ഇക്കുറി പ്രവചിക്കുന്നത് പൂജ്യം മുതല്‍ രണ്ട് സീറ്റ് വരെയാണ്. 12 മുതല്‍ 14 സീറ്റ് വരെ ഐക്യജനാധിപത്യ മുന്നണിക്ക് ലഭിച്ചേക്കുമെന്നാണ് സി–വോട്ടര്‍ പ്രവചനം. എന്‍ഡിഎയ്ക്ക് ഒരിടത്തും ജയസാധ്യത ഇല്ല.
വോട്ട് വിഹിതത്തിലും യുഡിഎഫ് ബഹുദൂരം മുന്നിലാണ്. 42 ശതമാനമാണ് ജില്ലയില്‍ മുന്നണിയുടെ വോട്ട് ഷെയര്‍. എല്‍ഡിഎഫിന് പ്രവചിക്കുന്നത് 32 ശതമാനവും. എന്‍ഡിഎ 14 ശതമാനം വോട്ട് നേടുമ്പോള്‍ മറ്റ് കക്ഷികള്‍ക്ക് 12 ശതമാനം വോട്ട് ലഭിക്കുമെന്ന പ്രത്യേകത കൂടി എറണാകുളത്തിനുണ്ട്.
കളമശേരി, തൃപ്പൂണിത്തുറ, കുന്നത്തുനാട് എന്നിവയാണ് എറണാകുളം ജില്ലയിലെ ഹോട്ട് സീറ്റുകള്‍. ഇതില്‍ വ്യവസായ മന്ത്രി പി.രാജീവ് മല്‍സരിക്കുന്ന കളമശേരിയില്‍ കനത്ത പോരാട്ടമാണ്.മുസ്‍ലിം ലീഗിലെ വി.ഇ.അബ്ദുല്‍ ഗഫൂര്‍ ആണ് ഇവിടെ രാജീവിനെ നേരിടുന്നത്. എന്‍ഡിഎയ്ക്കുവേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ഥി എം.ബി.ബിനുവും രംഗത്തുണ്ട്.
തൃപ്പൂണിത്തുറയില്‍ കെ.ബാബുവിന്‍റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസിന് തന്നെയാണ് മേല്‍ക്കൈ പ്രവചിക്കുന്നത്. കൊച്ചി കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ കൂടിയായ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ദീപക് ജോയ്ക്ക് വിജയസാധ്യത പ്രവചിക്കുന്നു. വൈപ്പീനിലെ സിറ്റിങ് എംഎല്‍എ കെ.എന്‍.ഉണ്ണികൃഷ്ണനെയാണ് സിപിഎം തൃപ്പൂണിത്തുറയില്‍ രംഗത്തിറക്കിയത്. എന്‍ഡിഎ ട്വന്‍റി ട്വന്‍റിക്ക് നല്‍കിയ മണ്ഡലത്തില്‍ സിനിമാതാരം അഞ്ജലി നായര്‍ സ്ഥാനാര്‍ഥിയായി.
ട്വന്‍റി ട്വന്‍റിയുടെ ശക്തികേന്ദ്രമായ കുന്നത്തുനാട് ഇക്കുറി യുഡിഎഫ് തിരിച്ചുപിടിക്കുമെന്നാണ് സര്‍വേ പ്രവചനം. മുന്‍ എംഎല്‍എ വി.പി.സജീന്ദ്രനാണ് സ്ഥാനാര്‍ഥി. മുഖ്യ എതിരാളി സിറ്റിങ് എംഎല്‍എ പി.വി ശ്രീനിജിനും. ട്വന്‍റി ട്വന്‍റിക്കുവേണ്ടി ബാബു ദിവാകരനും കളം നിറയുന്നു.
കേരളത്തില്‍ ഇതുവരെ നടന്ന ഇലക്ഷന്‍ സര്‍വേകളില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ പങ്കെടുത്ത പ്രീ പോള്‍ അഭിപ്രായ വോട്ടെടുപ്പാണ് മനോരമ ന്യൂസ് – സി വോട്ടര്‍ സര്‍വേ. 89,693 പേരാണ് സര്‍വേയുടെ ഭാഗമായത്. 140 നിയമസഭാ മണ്ഡലങ്ങളിലും എല്ലാ മേഖലകളിലും ജനവിഭാഗങ്ങളിലും പ്രാതിനിധ്യം ഉറപ്പാക്കി നടത്തിയ സര്‍വേയുടെ തുടര്‍ന്നുള്ള ഫലങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മനോരമന്യൂസ് സംപ്രേഷണം ചെയ്യും.
മാര്‍ച്ച് 14 മുതല്‍ 26 വരെയുള്ള ദിവസങ്ങളിലാണ് അഭിപ്രായസര്‍വേയുടെ സാംപിള്‍ ശേഖരിച്ചത്. ഒപ്പം ഡിസംബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 20 വരെ ട്രാക്കര്‍, സ്നാപ് പോള്‍ സര്‍വേകളും നടത്തിയിരുന്നു. വേള്‍ഡ് അസോസിയേഷന്‍ ഓഫ് പബ്ലിഷ് ഒപ്പീനിയന്‍ റിസര്‍ച്ചിന്‍റെ പെരുമാറ്റച്ചട്ടം (WAPOR) അനുസരിച്ചുള്ള നടപടിക്രമം പാലിച്ചാണ് സി വോട്ടര്‍ സര്‍വേ നടത്തിയത്. ഒപ്പം പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാര്‍ഗരേഖയും സര്‍വേ നടത്തുന്നതിനും ഫലം പുറത്തുവിടുന്നതിനും പാലിച്ചിട്ടുണ്ട്.