prd-officer-suspended-kannur-election-violation

പിആര്‍ഡി വാർത്താക്കുറിപ്പും, അഴീക്കോട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷും

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി വാർത്താക്കുറിപ്പ് ഇറക്കിയ സംഭവത്തിൽ കണ്ണൂർ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് (പി.ആർ.ഡി) ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ജില്ലാ കളക്ടറുടേതാണ് നടപടി. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്ന പ്രാഥമിക കണ്ടെത്തലിനെത്തുടർന്നാണ് അടിയന്തര നടപടി സ്വീകരിച്ചത്.

അഴീക്കോട് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.വി. സുമേഷിനെതിരെ യു.ഡി.എഫ് വ്യക്തിഹത്യ നടത്തുന്നു എന്നാരോപിച്ച് ഇടതുമുന്നണി നൽകിയ പരാതി ആധാരമാക്കിയാണ് പി.ആർ.ഡി വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. മണ്ഡലം സെക്രട്ടറി എം. പ്രകാശൻ യു.ഡി.എഫിനെതിരെ നടപടി ആവശ്യപ്പെട്ട വിവരവും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. സർക്കാർ സംവിധാനമായ പി.ആർ.ഡി ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണ ഉപകരണം പോലെ പ്രവർത്തിച്ചു എന്നതാണ് ആരോപണം. 

സംഭവം പുറത്തുവന്നതോടെ കടുത്ത പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. പി.ആർ.ഡി രാഷ്ട്രീയ പ്രചാരണം നടത്തുകയാണെന്നും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് കുറ്റപ്പെടുത്തി. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി പരാതി നൽകുമെന്നും യു.ഡി.എഫ് നേതൃത്വം അറിയിച്ചു. എന്നാൽ, കളക്ടർക്ക് ലഭിച്ച പരാതിയെക്കുറിച്ച് വിവരം നൽകുക മാത്രമാണ് ചെയ്തതെന്നായിരുന്നു പി.ആർ.ഡിയുടെ ആദ്യ വിശദീകരണം.

വിവാദം കൊഴുത്തതോടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സംഭവത്തിൽ ഇടപെടുകയും ജില്ലാ കളക്ടറോട് അടിയന്തര റിപ്പോർട്ട് തേടുകയും ചെയ്തു. മാധ്യമങ്ങളിൽ വാർത്ത വന്നതിന് ശേഷവും പി.ആർ.ഡി പ്രസ് റിലീസ് പിൻവലിക്കാൻ തയ്യാറാകാത്തത് വീഴ്ചയുടെ ആഴം വർധിപ്പിച്ചു. കളക്ടറുടെ പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ ചട്ടലംഘനം ഉണ്ടായതായി ബോധ്യപ്പെട്ടതിനെത്തുടർന്നാണ് സസ്പെൻഷൻ ഉത്തരവിട്ടത്.  

ENGLISH SUMMARY:

PRD officer suspended Kannur for election code of conduct violation. This action was taken by the District Collector following a preliminary finding of a breach of election rules, specifically concerning a news release favoring an LDF candidate.