രമേശ് ചെന്നിത്തല (വലത്ത്) കെ.സി.വേണുഗോപാല്‍, വി.ഡി.സതീശന്‍ എന്നിവരുമായി ചര്‍ച്ചയില്‍
നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകുമെന്ന് മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പി.ജെ. കുര്യൻ. തിരുവല്ലയിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷനിലാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. പി.ജെ. കുര്യന്റെ പരാമർശത്തിൽ തെറ്റില്ലെന്നും കോൺഗ്രസിൽ എല്ലാവർക്കും അഭിപ്രായസ്വാതന്ത്ര്യമുണ്ടെന്നും എ.ഐ.സി.സി സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. എന്നാൽ, ഇപ്പോൾ ചർച്ച ചെയ്യേണ്ടത് മുഖ്യമന്ത്രി പദത്തെക്കുറിച്ചല്ലെന്നും സംസ്ഥാനത്തെ ബാർ അഴിമതിയും എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ സ്വത്ത് വിവരം മറച്ചുവെച്ചതുമാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് എം.എൽ.എമാരുടെ അഭിപ്രായം തേടി ഹൈക്കമാൻഡ് ആണ് മുഖ്യമന്ത്രിയെ നിശ്ചയിക്കുകയെന്നും ആ നടപടിക്രമങ്ങളിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ചർച്ച ഇപ്പോൾ അനാവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുക എന്നതിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രമേശ് ചെന്നിത്തലയും സമാനമായ നിലപാടാണ് സ്വീകരിച്ചത്. ഇത്തരം ചർച്ചകൾ വോട്ടർമാർക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നും പ്രചാരണത്തിന്റെ ആവേശം കുറയ്ക്കുമെന്നും നേതാക്കൾ വിലയിരുത്തുന്നു.