ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ കാസര്‍കോടും മലപ്പുറം ജില്ലയിലെ താനൂർ വള്ളിക്കുന്ന് മണ്ഡലങ്ങളിലും എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഷാനവാസ് പാദൂര്‍ ആണ് കാസര്‍കോട‌് എല്‍ഡിഎഫിനായി മല്‍സരിക്കുന്നത്. വ്യവസായിയായ മുഹമ്മദ് സമീർ ആണ് താനൂരിലെ സിപിഎം സ്ഥാനാർഥി. മുഹമ്മദ് സമീറിന്റെ സാമുദായിക നേതൃത്വവുമായുള്ള ബന്ധം കൂട്ടായി മാറുമെന്ന് പ്രതീക്ഷയിലാണ് എൽഡിഎഫ്. അഭിഭാഷകനായ സി.പി.മുസ്തഫയാണ് വള്ളിക്കുന്നിലെ സ്ഥാനാർഥി.
കോൺഗ്രസ് നേതാവ് റിയാസ് മുക്കോളിയെ സ്ഥാനാർഥിയായി പരിഗണിച്ചെങ്കിലും അവസാനം നിമിഷം പിന്മാറുകയായിരുന്നു. അതേസമയം സിപിഎമ്മിന്‍റെ പ്രധാന നേതൃത്വം തന്നോട് സംസാരിച്ചിട്ടില്ലെന്നും തന്‍റെ സഹപാഠികളായ സിപിഎം സുഹൃത്തുക്കളാണ് സ്ഥാനാർഥിയാവാൻ ക്ഷണിച്ചതെന്നും റിയാസ് മുക്കോളി പറഞ്ഞു.
അതേസമയം, മഞ്ഞളാംകുഴി അലിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചതിൽ പേരിൽ സ്ഥാനത്തുനിന്നും നീക്കിയ മുസ്‌ലിം ലീഗ് മുൻ നിയോജകമണ്ഡലം പ്രസിഡന്‍റ് കുന്നത്ത് മുഹമ്മദ് മങ്കട മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ചു. എൽഡിഎഫ് അടക്കം എല്ലാ കക്ഷികളുടെയും പിന്തുണ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കുന്നത്ത് മുഹമ്മദ് പറഞ്ഞു. സിപിഎം പ്രഖ്യാപിച്ച സ്ഥാനാർത്ഥി എം.പി.അലവിയെ പിൻവലിച്ച് പകരം ഇടതുപക്ഷം പിന്തുണ നൽകുമെന്ന പ്രതീക്ഷയിലാണ് കുന്നത്ത് മുഹമ്മദ്.