തിരുവനന്തപുരത്ത് അപ്രതീക്ഷിത സ്ഥാനാര്‍ഥിയുമായി ഇടതുമുന്നണി. ചലച്ചിത്ര താരവും ഇടത് സഹയാത്രികനുമായ സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിക്കും. തൊണ്ടിമുതലിൽ മാറ്റം വരുത്തിയെന്ന കേസിൽ ശിക്ഷാവിധി തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിനെ സ്ഥാനാർഥിയാക്കാൻ കഴിയില്ലെന്ന് വ്യക്തമായിരുന്നു. തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കാണ് സുധീര്‍ കരമനയിലൂടെ ഇടതുമുന്നണി പരിഹാരം കണ്ടത്.
അതേസമയം തിരഞ്ഞെടുപ്പില്‍ ആത്മവിശ്വാസമുണ്ടന്ന് സുധീർ കരമന പ്രതികരിച്ചു. ചർച്ചകൾ എല്ലാം പെട്ടന്നായിരുന്നു. മൽസരിക്കാൻ സമ്മതം അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷം കൂടുതൽ പ്രതികരിക്കാമെന്നും സുധീർ കരമന പറഞ്ഞു.
സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ് സിപിഎം ഏറ്റെടുക്കുന്നതിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിന് താല്‍പര്യം ഇല്ലായിരുന്നു. പൊതുസ്വതന്ത്രനെ മല്‍സരിപ്പിക്കാമെന്ന് നിർദ്ദേശം സിപിഎം ആന്റണി രാജുവിന് മുൻപിൽ വച്ചെങ്കിലും ജനാധിപത്യ കേരള കോണ്‍ഗ്രസ് ടിക്കറ്റില്‍ തന്നെ സ്ഥാനാര്‍ഥി മല്‍സരിക്കണമെന്ന താല്‍പര്യത്തിലായിരുന്നു ആന്‍റണി രാജു. വി.സുരേന്ദ്രന്‍പിള്ളയെ ലക്ഷ്യം വച്ചുനിന്നിരുന്ന നീക്കം ആന്റണി രജുവിന്റെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഉപേക്ഷിക്കേണ്ടി വന്നത്.
എന്നാല്‍ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് സുധീർ കരമനയെ സ്ഥാനാർഥിയാക്കാനുള്ള തീരുമാനത്തിലേക്ക് സിപിഎമ്മും ജനാധിപത്യ കേരള കോൺഗ്രസും എത്തുന്നത്. തിരുവനന്തപുരത്തിന് സുപരിചിതനായ വ്യക്തിത്വമാണ് സുധീര്‍ എന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. അതേസമയം ഔദ്യോഗിക പ്രഖ്യാപനം ഇനിയും ആയിട്ടില്ല.
കീറാമുട്ടിയായി മൂന്ന് സീറ്റുകള്‍
തിരുവനന്തപുരത്തെ സീറ്റ് പ്രശ്നം പരിഹരിച്ചതോടെ ശേഷിക്കുന്ന മൂന്ന് സീറ്റുകളിലാണ് ഇടതുമുന്നണിക്ക് ഇനി സ്ഥാനാര്‍ഥികളെ കിട്ടാനുള്ളത്. താനൂര്‍, വള്ളിക്കുന്ന്, കാസര്‍കോട് സീറ്റുകളിലാണ് സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയായി തുടരുന്നത്. വി.അബ്ദുറഹിമാനെ താനൂരില്‍ നിന്ന് തിരൂരിലേക്ക് മാറ്റിയതോടെയാണ് താനൂരില്‍ സ്ഥാനാര്‍ഥിയെ കണ്ടത്തേണ്ട അവസ്ഥയിലേക്ക് എത്തിയത്. താനൂരിൽ ഉചിതമായ സ്ഥാനാർഥിയെ ഇന്ന് തന്നെ കണ്ടെത്തുമെന്ന് സിപിഎം നേതാക്കൾ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം, വള്ളിക്കുന്നും കാസര്‍ഗോഡും ഐഎന്‍എല്‍ പിളര്‍ന്നതാണ് എൽഡിഎഫിന് തലവേദനയാകുന്നത്. ഐഎൻഎൽ ബന്ധമുള്ളവരെ തന്നെ രണ്ടിടത്തും സ്ഥാനാർഥിയാക്കാനാണ് ആലോചന. ചില ലീഗ് നേതാക്കളെയും സിപിഎം ലക്ഷ്യമിടുന്നുണ്ട്.