ആശങ്കകൾക്ക് വിരാമമിട്ട് കണ്ണൂരിൽ പ്രചാരണത്തിന് ഇറങ്ങാൻ കെ സുധാകരൻ. നാളെ കണ്ണൂരിലും മട്ടന്നൂരിലും സുധാകരൻ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കണ്ണൂരിലെയും മട്ടന്നൂരിലെയും യു ഡി എഫ് സ്ഥാനാർഥികളായ ടി ഒ മോഹനനും, ചന്ദ്രൻ തില്ലങ്കേരിയും കെ സുധാകരനെ വീട്ടിൽ എത്തി സന്ദർശിച്ചു. 

എന്റെ വാക്ക് ഞാൻ പാലിച്ചുവെന്ന് കെ സുധാകരൻ പറയുമ്പോൾ കോൺഗ്രസിനുള്ളിൽ ഇരുണ്ടു കൂടിയ കാർമേഘങ്ങൾ ഒഴിയുകയാണ്. വീട്ടിൽ എത്തിയ ടി ഒ മോഹനനെ ഷാൾ അണിയിച്ചു സ്വീകരിച്ച കെ സുധാകരൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഒപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നൽകി. കോൺഗ്രസിനെ വിജയിപ്പിക്കാൻ മുന്നിൽ നിന്ന് പ്രവർത്തിക്കും എന്ന വാക്കാണ് അദ്ദേഹം പറഞ്ഞതെന്ന് കൂടിക്കാഴ്ചക്ക് ശേഷം ടി ഒ മോഹനൻ പ്രതികരിച്ചു. 

നാളെ മട്ടന്നൂരിലും കണ്ണൂരിലും കെ സുധാകരൻ പ്രചാരണത്തിനായി ഇറങ്ങും. മട്ടന്നൂരിലെ തിരഞ്ഞെടുപ്പ് കണ്വെന്ഷനിലും റോഡ് ഷോ യിലും സുധാകരൻ പങ്കെടുക്കും. മട്ടന്നൂരിലെ udf സ്ഥാനാർഥി ചന്ദ്രൻ തില്ലങ്കേരിയും സുധാകരനെ വീട്ടിൽ എത്തി സന്ദർശിച്ചു. അതിനിടെ കണ്ണൂരിൽ കോൺഗ്രസിനുള്ളിൽ കലഹം തുടരുകയാണ്. സിപിഎം വിമതർക്ക് പിന്തുണ നൽകാനുള്ള udf തീരുമാനത്തിനെതിരെ തളിപ്പറമ്പിലും പയ്യന്നൂരിലും യൂത്ത്‌ കോൺഗ്രസ് മത്സരത്തിന് ഒരുങ്ങുകയാണ്. തളിപ്പറമ്പിൽ യൂത്ത്‌ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനും, പയ്യന്നൂരിൽ ജില്ലാ വൈസ് പ്രസിഡന്റ് ഫാർസിൻ മജീദും മത്സരിക്കാനാണ് നീക്കം. 

ENGLISH SUMMARY:

K Sudhakaran will begin his election campaign in Kannur, putting an end to concerns. He will attend election conventions in Kannur and Mattannur, assuring UDF candidates of his full support.