cong-delhi-sudha

സ്ഥാനാർഥി നിർണയം എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ മാരത്തൺ ചർച്ചയുമായി കോൺഗ്രസ്. തർക്ക മണ്ഡലങ്ങൾ അടങ്ങിയ 36 സീറ്റിലെ സ്ഥാനാർഥി ചർച്ചകൾ അർദ്ധരാത്രി വരെ നീണ്ടു. എറണാകുളം ജില്ലയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇറങ്ങിപ്പോയി. കൊച്ചിയിൽ മുഹമ്മദ് ഷിയാസിനെ തന്നെ സ്ഥാനാർഥിയാക്കണം എന്ന ശാഠ്യത്തിലായിരുന്നു ഇറങ്ങിപ്പോക്ക്. അൽപസമയത്തിനകം വീണ്ടും നേതൃയോഗത്തിലേക്ക് തിരിച്ചെത്തി. ദീപ്തി മേരി വർഗീസിന്റെ പേരും ചർച്ചയിൽ ഉയർന്നിരുന്നു. വൈപ്പിൻ, പെരുമ്പാവൂർ എന്നിവിടങ്ങളിലും തർക്കം തുടരുകയാണ്. വൈപ്പിനിൽ ടോണി ചമ്മിണിയും മനു പുളിക്കനുമാണ് പരിഗണനയിൽ. പതിനൊന്നരയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചേർന്ന് രണ്ടാമത്തെ പട്ടികക്ക് അംഗീകാരം നൽകും. ഉച്ചയ്ക്കു ശേഷമാകും പ്രഖ്യാപിക്കുക.

അതേസമയം സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെ നിലപാട് കടുപ്പിച്ച് കോൺഗ്രസ് MP കെ സുധാകരൻ. നിലപാട് വ്യക്തമാക്കാൻ ഇന്ന് ഡൽഹിയിൽ വാർത്താസമ്മേളനം നടത്തും. സീറ്റ് നിഷേധിച്ച് വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്തു. തളിപ്പറമ്പിൽ അടക്കം പാർട്ടി വിട്ടു വരുന്നവരെ പിന്തുണയ്ക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ല. പ്രവർത്തകസമിതി അംഗമായിട്ടും ചർച്ചകളുടെ ഭാഗമാക്കിയില്ല. അർഹമായ പരിഗണന ലഭിക്കാത്തതിനാൽ പ്രചാരണത്തിന് ഇറങ്ങില്ല എന്നതുമാണ് സുധാകരന്റെ നിലപാട്. അനുനയിപ്പിക്കാനും വാർത്താസമ്മേളനം പിൻവലിപ്പിക്കാനുമുള്ള നേതൃത്വത്തിന്റെ ശ്രമം ഫലം കണ്ടിട്ടില്ല. രമേശ് ചെന്നിത്തല സുധാകരനുമായി ആവർത്തിച്ച് ആശയവിനിമയം നടത്തിയെങ്കിലും പരാജയപ്പെട്ടു. കെ സുധാകരന്റെ രോഷം കണ്ണൂരിലെ മറ്റ് നിയമസഭാ മണ്ഡലങ്ങളിലും പ്രതിഫലിക്കുമോ എന്നാണ് കോൺഗ്രസ് ആശങ്ക.

കെ. സുധാകരന് സീറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം. സുധാകരനെ അനുകൂലിക്കുന്ന 20ഓളം പ്രവർത്തകരാണ് രാത്രി പന്തം കൊളുത്തി നഗരത്തിൽ പ്രകടനം നടത്തിയത്. ഡിസിസി പരിസരത്തുനിന്നാണ് പ്രകടനം ആരംഭിച്ചത്. കണ്ണൂരിലെ മറ്റു നേതാക്കളെക്കാൾ വലുതാണ് കെ.സുധാകരൻ എന്ന മുദ്രാവാക്യവുമായായിരുന്നു പ്രകടനം

ENGLISH SUMMARY:

Congress candidate selection is a critical process involving marathon discussions to finalize nominations. The party is facing internal conflicts and disagreements over various constituencies, impacting their election strategy and candidate announcements.