കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ ഒന്‍പതിനാണ് പോളിങ്. തമിഴ്നാട്ടിലും പുതുച്ചേരിയിലും അന്നുതന്നെ തിരഞ്ഞെടുപ്പ് നടക്കും. അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ മേയ് നാലിന് നടക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നു.
കേരളത്തില്‍ തിങ്കളാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. മാര്‍ച്ച് 23 വരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. 24 നാണ് സൂക്ഷ്മ പരിശോധന. 26 വരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ട്. ഏപ്രില്‍ 9ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണല്‍ മേയ് നാലിനും നടത്തും. മേയ് ആറിനകം തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.
അഞ്ചു സംസ്ഥാനങ്ങളിലെ 824 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. 17.4 കോടി വോട്ടര്‍മാര്‍ക്കായി 2.19 ലക്ഷം പോളിങ് സ്റ്റേഷനുകളായി 25 ലക്ഷം ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കും. കേരളത്തില്‍ 140 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ്. തമിഴ്നാട്ടില്‍ 234 ബംഗാളില്‍ 294, അസമില്‍ 126, പുതുച്ചേരിയില്‍ 30 എന്നിങ്ങനെയാണ് സീറ്റെണ്ണം. കേരളത്തില്‍ ആകെ 2.70 കോടി വോട്ടര്‍മാരുണ്ട്. 1.38 കോടി സ്ത്രീ വോട്ടര്‍മാരും 1.31 കോടി പുരുഷ വോട്ടര്‍മാരും ഇതില്‍ ഉള്‍പ്പെടും. 4.24 ലക്ഷമാണ് പുതിയ വോട്ടര്‍മാര്‍. ഇവര്‍ക്കായി 30,471 പോളിങ് സ്റ്റേഷനുകള്‍ സജ്ജമാക്കും.
കമ്മിഷന്‍ എല്ലാ സംസ്ഥാനങ്ങളും സന്ദര്‍ശിച്ച് തയാറെടുപ്പുകള്‍ വിലയിരുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. എല്ലാ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തി അഭിപ്രായങ്ങള്‍ സ്വീകരിച്ചു. ഉദ്യോഗസ്ഥരുമായും നോഡല്‍ ഓഫിസര്‍മാരുമായും ചര്‍ച്ച നടത്തി. ചീഫ് ഇലക്ടറല്‍ ഓഫിസര്‍മാര്‍, ചീഫ് സെക്രട്ടറിമാര്‍, ഡിജിപിമാര്‍ എന്നിവരുമായും ചര്‍ച്ച നടത്തി. എസ്ഐആര്‍ നന്നായി പൂര്‍ത്തിയാക്കിയതില്‍ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബിഎല്‍ഒമാരെ അഭിനന്ദിച്ചു.