തൃശൂരില്‍ നാലാം മല്‍സരത്തിന് ഒരുങ്ങി പത്മജ വേണുഗോപാല്‍. ഒരുതവണ ലോക്സഭയിലേയ്ക്കും രണ്ടു തവണ നിയമസഭയിലേയ്ക്കും മല്‍സരിച്ചിരുന്നു. കന്നി ജയമാണ് ലക്ഷ്യം.
കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലേയ്ക്കു കൂടുമാറിയതാണ് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസിന്‍റെ കാരണവരായ കെ. കരുണാകരന്‍റെ മകള്‍. ആദ്യം മല്‍സരിച്ച് മുകുന്ദപുരം ലോക്സഭാ മണ്ഡലത്തില്‍. തൃശൂര്‍ നിയമസഭാ സീറ്റില്‍ രണ്ടു തവണ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചു. ജയമാണ് ഇനി ലക്ഷ്യം. കഴിഞ്ഞ തവണ സുരേഷ് ഗോപിയായിരുന്ന എതിര്‍ സ്ഥാനാര്‍ഥികളില്‍ ഒരാള്‍. ഇന്ന് ബി.ജെ.പി. ടിക്കറ്റില്‍ മല്‍സരിക്കാനിറങ്ങുമ്പോള്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിയും തൃശൂരിന്‍റെ എം.പിയുമാണ്. പത്മജയ്ക്കു വേണ്ടി പ്രചാരണത്തിനിറങ്ങും. തൃശൂരിന്‍റെ വികസനമില്ലായ്മ പറഞ്ഞാണ് പത്മജ വോട്ടു തേടുന്നത്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയ്ക്കു തൃശൂര്‍ സീറ്റില്‍ പതിനയ്യായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി. തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ ബി.ജെ.പിയുടെ വോട്ട് കുത്തനെ കുറഞ്ഞു. കോണ്‍ഗ്രസ് നില ഭദ്രമാക്കുകയും ചെയ്തു. പത്മജ അനൗദ്യോഗികമായി പ്രചാരണം തുടങ്ങി.