വയനാട് പുനരധിവാസമടക്കം ഇടത് സർക്കാർ ആവിഷ്കരിച്ച ഒട്ടേറെ ജനകീയ പദ്ധതികളുടെ ഉദ്ഘാടനങ്ങൾ നടന്നയാഴ്ചയാണ് കടന്നുപോയത്. പദ്ധതി നിർവഹണം സമയബന്ധിതമായി പൂർത്തീകരിച്ചത് മുഖ്യമന്ത്രിയുടെ ജനപ്രീതി ഉയരാൻ കാരണമായോ? ഒട്ടേറെ ആരോപണങ്ങൾ ഉയർന്ന ഘട്ടത്തിലും മുഖ്യമന്ത്രിയുടെ പ്രകടനത്തിന് ജനപിന്തുണ ഉയരുന്നതായാണ് പോയ ആഴ്ചകളിലെ സർവേയിൽ കണ്ടത്. ഈയാഴ്ച പക്ഷേ മുഖ്യമന്ത്രിയുടെ പ്രകടനം നല്ലതെന്ന് അഭിപ്രായപ്പെട്ടവരിൽ ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് സർവേഫലം വ്യക്തമാക്കുന്നു. കഴിഞ്ഞയാഴ്ചയിലേതുപോലെ 31.3 ശതമാനം പേർ പ്രകടനം നല്ലതെന്ന് വിലയിരുത്തുന്നു. മോശമെന്ന് വിലയിരുത്തിയവർ 49.1 ശതമാനമാണ്. കഴിഞ്ഞയാഴ്ച ഇത് 46.7 ശതമാനമായിരുന്നു. ശരാശരിയെന്ന് 16.2 ശതമാനം പേരും വിലയിരുത്തി.
മുഖ്യമന്ത്രിയുടെ പ്രകടനം മോശമാണെന്ന് കരുതുന്നവരാണ് ഇപ്പോഴും കൂടുതൽ. ഫെബ്രുവരി ആദ്യവാരത്തെ അപേക്ഷിച്ച് മുഖ്യമന്ത്രിയുടെ പ്രകടനം മോശമെന്ന് അഭിപ്രായപ്പെടുന്നവര്‍ കുറഞ്ഞുവന്നിരുന്നെങ്കിലും കഴിഞ്ഞയാഴ്ചയിൽ നേരിയ വർധനയുണ്ടായി. 53.1% പേരാണ് ഫെബ്രുവരി ആദ്യത്തെ ആഴ്ച മുഖ്യമന്ത്രിയുടെ പ്രകടനത്തിൽ അതൃപ്തി രേഖപ്പെടുത്തിയത്. രണ്ടാംവാരം അത് ഉയർന്ന് 54.6 ശതമാനമായി. എന്നാൽ മൂന്നാംവാരം മുതൽ മുഖ്യമന്ത്രിയെ എതിർക്കുന്നവരുടെ എണ്ണത്തിൽ ഇടിവുണ്ടായി. 48.5 ശതമാനം പേരാണ് മൂന്നാമത്തെ ആഴ്ചയിലെ ട്രാക്കർ സർവേയിൽ മുഖ്യമന്ത്രിയുടെ പ്രകടനം മോശമാണെന്ന് അഭിപ്രായപ്പെട്ടത്. ഫെബ്രുവരി നാലാം ആഴ്ച അത് വീണ്ടും ഇടിഞ്ഞ് 46.7 ശതമാനത്തിലെത്തി. മാർച്ച് ആദ്യവാരം അത് വീണ്ടും ഉയർന്ന് 49.1 ശതമാനമായി.
മാർച്ച് ആദ്യവാരത്തെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ വോട്ടർമാർ തിരഞ്ഞെടുപ്പ് കാലത്ത് ചർച്ച ചെയ്യുന്ന വിഷയങ്ങളും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സാധ്യതയുള്ള ഘടകങ്ങളുമാണ് സർവേയുടെ ഭാഗമാകുന്നത്. കഴിഞ്ഞയാഴ്ച എല്ലാ ജില്ലകളിൽ നിന്നുമായി സ്നാപ് പോളിൽ വിവരം ശേഖരിച്ചത് 1,759 പേരിൽ നിന്നാണ്. ട്രാക്കർ സർവേയിൽ 5,966 പേർ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ പ്രകടനമെങ്ങനെ ?
നല്ലത് 31.3 %
ശരാശരി 16.2 %
മോശം 49.1 %
അഭിപ്രായമില്ല 3.3 %
മുഖ്യമന്ത്രിയുടെ പ്രകടനം നല്ലത്
FEB WEEK 1 -27 %
FEB WEEK 2 -26.2 %
FEB WEEK 3 -29.6%
FEB WEEK 4- 31.3 %
MARCH WEEK 1- 31.3 %
മുഖ്യമന്ത്രിയുടെ പ്രകടനം മോശം
FEB WEEK 1 - 53.1%
FEB WEEK 2 -54.6 %
FEB WEEK 3 - 48.5 %
FEB WEEK 4- 46.7 %
MARCH WEEK 1- 49.1 %