മുഖ്യമന്ത്രി vs പ്രതിപക്ഷ നേതാവ്, പ്രകടനം അടിസ്ഥാനമാക്കിയാല്‍ ആരാകും മുന്നില്‍. മനോരമന്യൂസ് – സി വോട്ടര്‍ ‘ഇലക്ഷന്‍ പള്‍സ്’ സര്‍വേയിലെ ട്രാക്കര്‍ ചോദ്യങ്ങളിലൊന്നാണ് മുഖ്യമന്ത്രിയുടെ പ്രകടനം എങ്ങനെ എന്നത്. കേരളത്തിൽ വന്ന ഫാറൂഖ് അബ്ദുള്ളയുടെവൈകാരികമായ പ്രസംഗത്തിനു ശേഷം പിണറായി വിജയനെ പുണരുന്നു ചിത്രം കേരളം കണ്ടത് കഴിഞ്ഞാഴ്ചയാണ്. ആലൻ ഷെറിന്റെ വീട്ടിൽ അദ്ദേഹം പോയതും കുടുംബാംഗങ്ങളോട് സംസാരിക്കുന്ന ചിത്രത്തിനും വലിയ പ്രചാരണം ലഭിച്ചു. മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങളിലും പിണറായി വിജയന്‍റെ മുഖ്യം. ഇതൊക്കെ പിണറായി വിജയന് കേരളത്തില്‍ ജനപ്രീതി വര്‍ധിപ്പിക്കുകയാണോ? ‘ഇലക്ഷന്‍ പള്‍സ്’ സര്‍വേയിലെ ചോദ്യത്തോട് വോട്ടര്‍മാരുടെ പ്രതികരണം എങ്ങനെ എന്ന് നോക്കാം.
മുഖ്യമന്ത്രിയുടെ പ്രകടനം നല്ലത് എന്ന് പറയുന്നവര്‍ 29.6% ആണ്. ആദ്യ ആഴ്ച 27 ശതമാനം പേരും രണ്ടാം ആഴ്ച 26.2 ശതമാനം പേരും മാത്രമായിരുന്നു നല്ലതെന്ന് അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രിയുടെ പ്രകടനം നല്ലത് എന്ന് അഭിപ്രായപ്പെടുന്നവരില്‍ രണ്ട് ശതമാനത്തിലധികം വര്‍ധനയുണ്ടായി.
പിണറായി വിജയന്‍റെ ഭരണം മോശം എന്ന് അഭിപ്രായപ്പെട്ടവരുടെ എണ്ണത്തില്‍ കുറവുണ്ടായി. കഴിഞ്ഞ രണ്ട് ആഴ്ചകളിലും പകുതിയിലധികം പേര്‍ക്കും (53.1%, 54.6 %) ഭരണത്തെ പറ്റി മോശം അഭിപ്രായമായിരുന്നു. ഇത് 48.5 ശതമാനമായി കുറഞ്ഞു. ഈ ആഴ്ചയില്‍ ശരാശരി എന്നഭിപ്രായപ്പെടുന്നവര്‍ 18.4 %, അഭിപ്രായമില്ലെന്ന് പറഞ്ഞവര്‍ 3.5%.
ഈ ആഴ്ച ട്രാക്കറിലേക്ക് എത്തിയ പുതിയ ചോദ്യമാണ് പ്രതിപക്ഷ നേതാവിന്‍റെ പ്രകടനം. മോശം എന്നഭിപ്രായപ്പെടുന്നവരാണ് കൂടുതല്‍, 35.6%. നല്ലത് എന്ന് അഭിപ്രായപ്പെടുന്നവര്‍ 33.2 ശതമാനവും. വിഡി സതീശന്‍റെ പ്രകടനം ശരാശരി എന്ന് പറയുന്നവര്‍ 24.2 ശതമാനമാണ്. 7% പേര്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല.
ഇടതു സര്‍ക്കാര്‍ തുടരണമോ? എന്നുള്ളതാണ് മനോരമന്യൂസ് – സി വോട്ടര്‍ സര്‍വേയിലെ അനുബന്ധമായ മറ്റൊരു ചോദ്യം. സര്‍വേയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും മാറണം എന്ന അഭിപ്രായത്തിലാണ്. 50.4 ശതമാനം. എന്നാല്‍ ആദ്യ രണ്ടു ആഴ്ചകളെക്കള്‍ മാറണം എന്ന അഭിപ്രായത്തിന് വോട്ട് കുറഞ്ഞു. ആദ്യ ആഴ്ചയില്‍ മാറണം എന്ന് അഭിപ്രായപ്പെട്ടവര്‍ 53.7 ശതമാനാമായിരുന്നു. രണ്ടാം ആഴ്ചയില്‍ 58 ശതമാനം പേര്‍ മാറണം എന്ന് അഭിപ്രായപ്പെട്ടു. ഇതാണ് കുറയുന്നത്.
ഇടതുസര്‍ക്കാര്‍ തുടരണമെന്നതിന് 44.7 % പേര്‍ വോട്ടു ചെയ്തു. ഇതില്‍ 19.9 ശതമാനത്തിന് സര്‍ക്കാരിനോട് വിയോജിപ്പാണ് പക്ഷേ, തുടരണം എന്ന് അഭിപ്രായപ്പെടുന്നു. നിലവിലെ സര്‍ക്കാര്‍ നയങ്ങളോട് യോജിപ്പാണെന്നും സര്‍ക്കാര്‍ തുടരണം എന്നും അഭിപ്രായപ്പെട്ടവര്‍ 24.8 % ആണ്. ആദ്യ ആഴ്ച 40.3% , രണ്ടാം ആഴ്ച 38.8 % എന്നിങ്ങനെയായിരുന്നു വോട്ടിങ്.