cherian-premkumar

നടന്‍ പ്രേംകുമാര്‍ കഴക്കൂട്ടത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ നിറയുന്നതിനിടെ ചെറിയാന്‍ ഫിലിപ്പിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. പ്രേംകുമാറിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണ് ചെറിയാന്‍ ഫിലിപ്പ്. പ്രേംകുമാർ കെ.എസ്.യു പ്രവർത്തകനായിരുന്നപ്പോഴും പിന്നീട് ഇടതുപക്ഷ സഹയാത്രികനായിരുന്നപ്പോഴും എക്കാലവും തന്‍റെ സുഹൃത്തായിരുന്നെന്നും സഖാവ് കൃഷ്ണപിള്ളയെക്കുറിച്ച് പഠിക്കാന്‍ നിര്‍ബന്ധിതനായപ്പോഴാണ് പ്രേംകുമാര്‍ ഇടതുപക്ഷ സഹയാത്രികനായതെന്നും പറയുന്നു ചെറിയാന്‍ ഫിലിപ്പ്.

കോടിയേരി ബാലകൃഷ്ണനാണ് പ്രേംകുമാറിനെ ക്ഷണിച്ചു വരുത്തി ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനാക്കിയത്. പിന്നീട് ചെയർമാനാക്കി. അകാരണമായാണ് പ്രേംകുമാറിനെ തൽസ്ഥാനത്തുനിന്നും നീക്കിയതെന്നും പോസ്റ്റില്‍ പറയുന്നു. തന്‍റെ അറിവില്‍ പ്രേംകുമാര്‍ രാഷ്ട്രീയ സ്വഭാവമില്ലാത്ത തികഞ്ഞ കലാകാരനാണെന്നും അധികാര മോഹിയോ ഭാഗ്യാന്വേഷിയോ അല്ലെന്നും ചെറിയാന്‍ പറയുന്നു.

ഏതു കാര്യത്തിലും നിലപാടും അഭിപ്രായവുമുള്ള അദ്ദേഹത്തെ സിപിഎം അധിക്ഷേപിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്തെന്നും പോസ്റ്റില്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് കുടുംബത്തിലേക്ക് ഹൃദയപൂര്‍വം സ്വാഗതം ചെയ്യുന്നുവെന്നും ചെറിയാന്‍ ഫിലിപ്പിന്‍റെ പോസ്റ്റില്‍ പറയുന്നു. പ്രേംകുമാറിന്‍റെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി സൂചനകള്‍ വന്നെങ്കിലും കോണ്‍ഗ്രസ് പ്രവേശനത്തിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവൂയെന്നാണ് ലഭിക്കുന്ന വിവരം.

സർക്കാരിനെ തുറന്നതിർത്തുകൊണ്ടാണ് സിപിഎം ബന്ധം പ്രേംകുമാർ അവസാനിപ്പിച്ചിരിക്കുന്നത്. സാമാന്യമര്യാദ പോലും തന്നോട് സര്‍ക്കാര്‍ കാണിച്ചില്ലെന്നും അനീതി നേരിട്ടെന്നും പ്രേംകുമാര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വളരെ പോസിറ്റീവായെടുക്കേണ്ട ഒരു അഭിപ്രായം പറഞ്ഞതിനാണ് തന്നെ പുറത്താക്കിയതെന്നും അതിന്‍റെ കാരണങ്ങള്‍ മാധ്യമങ്ങളിലൂടെ മാത്രമാണ് താന്‍ അറിഞ്ഞതെന്നും സഹപ്രവര്‍ത്തകരോട് മാന്യമായി യാത്ര പറയാന്‍ പോലും അവസരം നല്‍കിയില്ലെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.

 
​ Cherian Philip welcoming facebook post to actor Prem Kumar:

Prem Kumar UDF candidate rumors are intensifying as Cheriyan Philip's Facebook post welcoming the actor to Congress gains attention. The post details Prem Kumar's past associations, his departure from the CPM, and highlights his artistic nature, suggesting he faced injustice.