ഈ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിയുടെ അമരക്കാരന്‍ പിണറായി വിജയന്‍ ആയിരിക്കുമെന്ന കാര്യത്തില്‍ ഇടതുമുന്നണിയില്‍ എതിരഭിപ്രായങ്ങളില്ല. പ്രതിപക്ഷ ആക്ഷേപങ്ങളെ ചെറുക്കാന്‍ മുഖ്യമന്ത്രിയെ മുന്‍നിര്‍ത്തിയുള്ള പ്രചാരണം കൊണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഭരണപക്ഷം. കേരളം ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ പ്രകടനത്തെ എങ്ങനെ വിലയിരുത്തുന്നു എന്നതായിരുന്നു മനോരമ ന്യൂസ് ഇലക്ഷന്‍ പള്‍സ് സര്‍വേ ജനങ്ങള്‍ക്ക് മുന്നില്‍ വച്ച ചോദ്യം.

 

മുഖ്യമന്ത്രിയുടെ പ്രകടനത്തോട് യോജിക്കാത്തവരാണ് ഫെബ്രുവരി രണ്ടാംവാരം സര്‍വേയില്‍ പങ്കെടുത്ത 54.6ശതമാനം പേരും. 26.2ശതമാനം പേര്‍ മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചത് എന്ന് അഭിപ്രായപ്പെട്ടു. ശരാശരിയെന്ന് അഭിപ്രായപ്പെട്ടത് 15.3 ശതമാനമാണ്. അഭിപ്രായമില്ലെന്ന് 3.9ശതമാനം ആളുകള്‍ രേഖപ്പെടുത്തി.

 

ഫെബ്രുവരി ആദ്യവാരത്തെ സര്‍വേ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രകടനം നല്ലതെന്ന് അഭിപ്രായപ്പെട്ടവരില്‍ നേരിയ കുറവുണ്ടായിട്ടുണ്ട്. ആദ്യവാരം 27ശതമാനം പേര്‍ നല്ലതെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഈവാരം അതില്‍ 0.8ശതമാനത്തിന്‍റെ കുറവുണ്ടായി. അതേസമയം മുഖ്യന്ത്രിയുടെ പ്രകടനം മോശം എന്ന് അഭിപ്രായപ്പെട്ടവരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തി.53.1 ശതമാനമായിരുന്നത് 54.6ശതമാനമായി ഉയര്‍ന്നു.

 

ഇടതുസര്‍ക്കാര്‍ മാറണമെന്ന് ഫെബ്രുവരി രണ്ടാംവാരം സര്‍വേയില്‍ പങ്കെടുത്ത 58 ശതമാനം ആളുകളും അഭിപ്രായപ്പെട്ടു. തുടരണമെന്ന് അഭിപ്രായപ്പെട്ടത് 38.8 ശതമാനമാണ്. ആദ്യവാരത്തിലെ സര്‍വേയില്‍ പങ്കെടുത്ത 53.7ശതമാനം പേരാണ് സര്‍ക്കാര്‍ മാറണമെന്ന് അഭിപ്രായപ്പെട്ടത്. ഈ റേറ്റിങ് ഉയരുന്ന കാഴ്ചയാണ് രണ്ടാം വാരത്തില്‍ ദൃശ്യമായത്. മാത്രമല്ല സര്‍ക്കാര്‍ തുടരണമെന്ന് അഭിപ്രായപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവുമുണ്ടായി. ആദ്യവാരത്തില്‍ ഇത് 40.3 ശതമാനമായിരുന്നെങ്കില്‍ രണ്ടാംവാരം അത് 38.8 ശതമാനമായി കുറഞ്ഞു.

ENGLISH SUMMARY:

How many people support the Chief Minister’s performance? What does the second-week result of the Manorama News Election Pulse survey show? Within the Left Front, there is no disagreement that Pinarayi Vijayan will be the prime contender this election as well. The ruling front strongly believes that presenting the Chief Minister at the forefront of the campaign will counter opposition criticisms effectively. The Manorama News Election Pulse survey asked the public: How does Kerala rate the Chief Minister’s performance at this stage?