പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തി വി കുഞ്ഞികൃഷ്ണന്‍റെ പുസ്തകം. തെറ്റ് കണ്ടാല്‍ പാര്‍ട്ടിയില്‍ മുഖം നോക്കാതെ താന്‍ വിമര്‍ശിക്കുന്നതു കൊണ്ടാണ് മധുസൂദനന് തന്നോട് അനിഷ്ടമുണ്ടായത്. മധുസൂദനന്‍റെ പലനിലപാടുകളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന് യോജിച്ചതല്ലെന്നും കുഞ്ഞികൃഷ്ണന്‍ പറയുന്നു. അതേസമയം, സാമ്പത്തിക തട്ടിപ്പ് ആരോപണങ്ങളില്‍ പരസ്യസംവാദത്തിന് വെല്ലുവിളിച്ച കുഞ്ഞികൃഷ്ണനെ സിപിഎം നേതൃത്വം പുച്ഛിച്ചുതള്ളി.
നേതൃത്വത്തെ അണികള്‍ തിരുത്തണം എന്ന കുഞ്ഞികൃഷ്ണന്‍റെ പുസ്തകത്തില്‍ ഏറിയ പങ്കും പയ്യന്നൂരിലെ വിഭാഗീയതയും, സാമ്പത്തിക ക്രമക്കേടുകളും, ടിഐ മധുസൂദനന് എതിരായ ഭാഗങ്ങളുമാണ്. മധൂസൂദനന് ബൂര്‍ഷ്വാ രാഷ്ട്രീയത്തിന്‍റെ ശൈലിയെന്നും നേതൃത്വം എല്ലാ കാലത്തും അയാളെ സംരക്ഷിച്ചുവെന്നും പുസ്തകത്തില്‍ വിമര്‍ശനം. മധുസൂദനന് മേലെ ആരെയും വളരാന്‍ അനുവദിക്കാറില്ല. താന്‍ ഏരിയ സെക്രട്ടറിയായ ശേഷവും ഒരു പിന്തുണയും മധുസൂദനനില്‍ നിന്നുണ്ടായില്ല. ജില്ലാ സെക്രട്ടേറിയറ്റിലെ തീരുമാനങ്ങളില്‍ വേഗത്തില്‍ നടപ്പാക്കേണ്ടത് ഏരിയാ സെക്രട്ടറിയായിരുന്ന തന്നെ അറിയിക്കുമായിരുന്നില്ല. വിഭാഗീയതയ്ക്ക് കാരണം ആരാണെന്ന് പരിശോധിക്കാന്‍ നേതൃത്വം തയ്യാറായില്ലെന്നും തന്നെ ബലിയാടാക്കാന്‍ നീക്കം നടത്തിയെന്നും പുസ്തകത്തിലുണ്ട്.
അതിനിടെ കുഞ്ഞികൃഷ്ണന് ഓരോ ദിവസവും മറുപടി നല്‍കാന്‍ കഴിയില്ലെന്നും പ്രാദേശിക വിഷയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി. കുഞ്ഞികൃഷ്ണന്‍റെ പുസ്തകം പുറത്തിറങ്ങിയ പശ്ചാത്തലത്തില്‍ രക്തസാക്ഷി ഫണ്ട് ഉള്‍പ്പെടെയുള്ളവയില്‍ സിപിഎം കണക്ക് അവതരിപ്പിക്കുമോ എന്നത് ശ്രദ്ധേയമാണ്. നാളെ സിപിഎം പുസ്തകത്തിലെ ആരോപണങ്ങള്‍ക്ക് മറുപടി പറയും.