തിരുവനന്തപുരത്തെ പാര്‍ട്ടി പരിപാടിക്ക് ശേഷം പ്രധാനമന്ത്രിക്കടുത്തേക്ക് പോകാതിരുന്നതില്‍ വിശദീകരണവുമായി ശാസ്തമംഗലം കൗണ്‍സിലറും മുന്‍ ഡിജിപിയുമായ ആര്‍.ശ്രീലേഖ. പ്രധാനമന്ത്രിയുള്ള വേദിയില്‍ താന്‍ അച്ചടക്കം പാലിക്കുകയാണ് ചെയ്തതെന്നും നിശ്ചയിച്ച് നല്‍കിയ സ്ഥാനത്ത് നിന്നത് അതുകൊണ്ടാണെന്നും സമൂഹമാധ്യമങ്ങളിലൂടെ ശ്രീലേഖ വിശദീകരിച്ചു. ദീര്‍ഘകാലം പൊലീസ് ഉദ്യോഗസ്ഥയുടെ കടമ ചെയ്തതിനാല്‍ അച്ചടക്കം തനിക്ക് പ്രധാനപ്പെട്ട കാര്യമാണെന്നും പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയ്ക്ക് അതാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു. ക്ഷണിച്ചാല്‍ അല്ലാതെ ഒരു സ്ഥലത്തേക്ക് പോകരുതെന്ന പരിശീലനം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അവര്‍ വിഡിയോയില്‍ വ്യക്തമാക്കി. സത്യം ഇതാണ്, അറിയൂ സുഹൃത്തുക്കളേ എന്ന കുറിപ്പോടെയാണ് അവര്‍ വിഡിയോ പങ്കുവച്ചത്.
ശ്രീലേഖയുടെ വാക്കുകള്‍ ഇങ്ങനെ: 'പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്നപ്പോള്‍ എനിക്ക് വേദിയില്‍ ഇരിപ്പിടം ലഭിച്ചത് ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷന്‍മാരില്‍ ഒരാളായത് കൊണ്ടാണ്. എനിക്ക് രാഷ്ട്രീയം പുതിയതാണ്. മുപ്പത്തിമൂന്നര വര്‍ഷം പരിശീലിച്ചതും ചെയ്തതുമൊക്കെ ഒരു പൊലീസ് ഉദ്യോഗസ്ഥയുടെ കടമയയായിരുന്നു. വളരെയധികം വിവിഐപി ഡ്യൂട്ടി ചെയ്തിട്ടുള്ള എനിക്ക് അച്ചടക്കം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പ്രധാനമന്ത്രി വേദിയിലേക്ക് വരുമ്പോള്‍ എനിക്ക് നല്‍കപ്പെട്ടിട്ടുള്ള സ്ഥാനത്ത് ഇരിക്കുക, അവിടെ തന്നെ നിലയുറപ്പിക്കുക എന്നതാണ് പാര്‍ട്ടി പ്രവര്‍ത്തക എന്ന നിലയ്ക്ക് ചെയ്യേണ്ടത് എന്നതാണ് ധരിച്ചിരുന്നത്. അങ്ങോട്ടേക്ക് ക്ഷണിച്ചാലല്ലാതെ പോകരുതെന്ന പരിശീലനം എനിക്ക് ലഭിച്ചിരുന്നതിലാനാകാം ഞാന്‍ എന്‍റെ സ്ഥാനത്ത് മാത്രം ഇരിക്കുകയാണ് ചെയ്തത്. വിവിഐപി എന്‍ട്രന്‍സിലൂടെ വന്ന അദ്ദേഹം അതേ വഴിയില്‍ തിരിച്ച് പോകുമ്പോള്‍ ഞാന്‍ എന്‍റെ സ്ഥാനത്ത് തന്നെയാണ് നിന്നത്. മാധ്യമങ്ങളില്‍ മോശമായ രീതിയില്‍ ഇതേക്കുറിച്ച് പരാമര്‍ശിച്ച് കണ്ടു. ഇതിലാരും വെറുതേ തെറ്റിദ്ധരിക്കേണ്ട. ഞാന്‍ നിങ്ങളുടെ സ്വന്തം ശ്രീലേഖ, എപ്പോഴും ബിജെപിക്കൊപ്പം'.
തിരുവനന്തപുരം കോര്‍പറേഷന്‍റെ മേയര്‍ പദവി തനിക്ക് നിഷേധിക്കപ്പെട്ടതില്‍ നേരത്തെ തന്നെ ശ്രീലേഖ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ഇത് പ്രധാനമന്ത്രിയുള്ള ബിജെപിയുടെ പൊതുസമ്മേളന വേദിയിലും അവര്‍ പ്രകടമാക്കിയിരുന്നു. മേയര്‍ വി.വി.രാജേഷും കെ.സുരേന്ദ്രനും ഉള്‍പ്പടെയുള്ളവര്‍ പ്രധാനമന്ത്രിയെ യാത്രയാക്കുന്നത് കണ്ടിട്ടും ശ്രീലേഖ ആ ഭാഗത്തേക്ക് പോയിട്ടുണ്ടായിരുന്നില്ല. പകരം സ്വന്തം ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് മാറി നില്‍ക്കുകയായിരുന്നു. മോദിക്ക് പുറമെ സംസ്ഥാന നേതാക്കളില്‍ നിന്നും അവര്‍ അകലം പാലിച്ച് മാറി നിന്നു.
തന്നെ തിരഞ്ഞെടുപ്പിന് നിര്‍ത്തിയത് കൗണ്‍സിലറായി മല്‍സരിക്കാന്‍ വേണ്ടിയല്ല, മേയറാക്കാമെന്ന വാഗ്ദാനത്തിന്‍റെ പുറത്താണ്. മല്‍സരിക്കാന്‍ ആദ്യം താന്‍ വിസമ്മതിച്ചിരുന്നുവെന്നും താനാകും തിരഞ്ഞെടുപ്പിന്‍റെ മുഖമെന്നും സ്ഥാനാര്‍ഥികളഅക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട ആളാണെന്നുമാണ് വിചാരിച്ചതെന്നുമായിരുന്നു മേയര്‍ പദവി നിഷേധിക്കപ്പെട്ടതിന് പിന്നാലെ ശ്രീലേഖയുടെ പ്രതികരണം. കൗണ്‍സിലര്‍ ആകേണ്ട സാഹചര്യത്തില്‍ പാര്‍ട്ടി പറഞ്ഞത് കേട്ടുവെന്നും ആ ചിത്രമാണ് എല്ലായിടത്തും ഉണ്ടായിരുന്നതെന്നും ശ്രീലേഖ അന്ന് പറഞ്ഞു. അവസാന നിമിഷം വരെ താനായിരുന്നു മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടതെന്നും എന്നാല്‍ ഒടുവില്‍ രാജേഷിനെ കേന്ദ്രം തീരുമാനിച്ചുവെന്നുമായിരുന്നു അന്നത്തെ വാക്കുകള്‍. കേന്ദ്ര നേതൃത്വം ഒരു തീരുമാനം എടുക്കുമ്പോള്‍ എതിര്‍ത്ത് നിന്ന് പോടാ പുല്ലേ എന്ന് പറഞ്ഞ് ഇറങ്ങി ഓടാന്‍ പറ്റില്ലെന്നും തന്നെ ജയിപ്പിച്ച ആളുകളോട് കൂറും ആത്മാര്‍ഥതയുമുള്ളത് കൊണ്ട് അഞ്ച് വര്‍ഷത്തേക്ക് കൗണ്‍സിലറായി തുടരുമെന്നും അവര്‍ കുറിച്ചിരുന്നു. ഇത് വാര്‍ത്തയായതോടെ കള്ളക്കഥ പ്രചരിപ്പിക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു ശ്രീലേഖയുടെ വിശദീകരണം. തനിക്ക് അതൃപ്തി ഇല്ലെന്നും അവര്‍ കുറിച്ചു.