മന്ത്രി സജി ചെറിയാന്‍റെ വിവാദ പരാമര്‍ശത്തില്‍ സി.പി.എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി. പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഒഴിഞ്ഞുമാറി. പരാമര്‍ശം ദോഷകരമാണെന്നും സജി ചെറിയാന്‍ ശ്രദ്ധിക്കാതെ ഓരോന്ന് പറയുന്നത് ഒഴിവാക്കണമെന്നും നേതൃത്വം. പ്രതിപക്ഷ നേതാവിനെതിരായ എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി നേതാക്കളുടെ വിമര്‍ശനങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ സജി ചെറിയാന്‍റെ പരാമര്‍ശം ഇടയാക്കിയെന്നും പാര്‍ട്ടി വിലയിരുത്തല്‍. 

Also Read: കാസര്‍കോടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കുക; ധ്രുവീകരണമറിയാം: വിവാദപരാമര്‍ശവുമായി മന്ത്രി

ഇതിനിടെ വിവാദ പരാമര്‍ശത്തില്‍ മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പൊലീസ് മേധാവിക്ക് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബിനു ചുള്ളിയില്‍ ആണ് പരാതി നല്‍കിയത്. 

തദ്ദേശ തിരഞ്ഞെടുപ്പിൽ വർഗീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ടോയെന്ന് കാസർകോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേര് നോക്കിയാൽ അറിയാമെന്നായിരുന്നു മന്ത്രിയുടെ വാക്കുകള്‍.  എൻഎസ്എസ്-എസ്എൻഡിപി സഹകരണം സിപിഎമ്മിന്റെ സോഷ്യൽ എൻജിനീയറിങ്ങിന്റെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

കാസർകോട് മുനിസിപ്പാലിറ്റിയിലും മലപ്പുറത്തെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ജയിച്ചുവന്നവരുടെ പേര് വായിച്ചുനോക്കൂ. സമുദായത്തിനു ഭൂരിപക്ഷം ഇല്ലാത്തവർ എവിടെനിന്നാലും ജയിക്കാൻ പറ്റാത്ത സ്ഥിതിയുണ്ടാകും. കേരളത്തെ ഉത്തർപ്രദേശും മധ്യപ്രദേശും ആക്കാൻ ശ്രമിക്കരുത്–മന്ത്രി പറഞ്ഞു. കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ നയിച്ച കേരളയാത്രയുടെ സമാപനച്ചടങ്ങിൽ വി.ഡി.സതീശൻ നടത്തിയ പ്രസംഗത്തെയും മന്ത്രി വിമർശിച്ചു. വർഗീയ ചേരിതിരിവുണ്ടാക്കി ന്യൂനപക്ഷത്തിന്റെ വോട്ടു പിടിക്കാൻ കഴിയുമോയെന്ന അടവാണു സതീശൻ നടത്തിയത്. പ്രസ്താവന പിൻവലിച്ചു സതീശൻ മാപ്പു പറയണം.കാറിൽ കയറ്റിയെന്നും ഷാൾ പുതപ്പിച്ചുവെന്നും സതീശൻ പറഞ്ഞു. ഷാൾ പുതപ്പിച്ചുവെന്ന് ഉദ്ദേശിച്ചത് എൻഎസ്എസ് ജനറൽ സെക്രട്ടറിയെ ആണോ? ആരോഗ്യനില മോശമായ സുകുമാരൻ നായരെ കാണാനാണ് മുഖ്യമന്ത്രി പെരുന്നയിൽ പോയത്. പ്രായമായ ആളല്ലേ വെള്ളാപ്പള്ളി. അദ്ദേഹത്തെ കാറിൽ കയറ്റാതെ ഇറക്കിവിടണമായിരുന്നോ?

ആർഎസ്എസിന്റെ മറുഭാഗം പറയുന്നത് മുസ്‌ലിം ലീഗ് ആണെന്നും അവർ ഒരു വിഭാഗത്തെ വർഗീയമായി ചിന്തിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും സജി ചെറിയാൻ ആരോപിച്ചു.

ENGLISH SUMMARY:

Saji Cherian controversy has caused displeasure within the CPM state leadership due to his remarks. The leadership believes that his comments are detrimental and distracting from other important issues.