ശബരിമലയിലെ വാജിവാഹനക്കൈമാറ്റത്തില്‍ തന്ത്രിക്കും മുന്‍ ദേവസ്വം ബോര്‍ഡിനും കുരുക്കായി 2012ലെ ഉത്തരവ്. വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. ഭൗതികവസ്തുക്കള്‍ ദേവസ്വം സ്വത്തായി സൂക്ഷിക്കണം. ഇവ തന്ത്രിക്ക് കൈമാറാമെന്ന വ്യവസ്ഥ ഉത്തരവിലൂടെ മാറ്റുകയായിരുന്നു.
അതേസമയം, വാജിവാഹനം കൊടുത്തുവിട്ടത് തന്ത്രവിധിപ്രകാരമെന്ന് ബോര്‍ഡ് അംഗമായിരുന്ന അജയ് തറയില്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. 2012 ലെ ഉത്തരവിനെപ്പറ്റി അറിയില്ലെന്നും തന്ത്രിക്ക് കൊടുത്തതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വാജിവാഹനം കൊടുത്തുവിട്ടത് അറിയില്ലെന്നായിരുന്നു മുന്‍ ബോര്‍ഡ് അംഗം കെ.രാഘവന്‍റെ പ്രതികരണം. ബോര്‍ഡിന് മുന്നില്‍ ഇക്കാര്യം ഫയലായി വന്നിട്ടില്ലെന്നും കെ.രാഘവന്‍ വ്യക്തമാക്കി.
അതേസമയം, തന്ത്രിമാരെ മാറ്റി പുതിയ തന്ത്രിമാരെ കൊണ്ടുവരാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് യോഗക്ഷേമ സഭയുടെ ആരോപണം. പുതിയ തന്ത്രിമാരെക്കൊണ്ടുവരാനാണ് നീക്കമെന്ന് യോഗക്ഷേമ സഭ പ്രസിഡന്റ് പി.എന്‍.ഡി.നമ്പൂതിരി പറഞ്ഞു. വാജി വാഹനം തന്ത്രിക്ക് അവകാശപ്പെട്ടതാണ്. ദേവസ്വം ബോര്‍ഡ് തന്നെയാണ് വാജി വാഹനം തന്ത്രിക്ക് നല്‍കിയതും. വാജി വാഹനം മോഷണം പോയെന്ന പരാതി ബോര്‍ഡിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊടിമരം മാറ്റിസ്ഥാപിക്കുമ്പോള്‍ പഴയ കൊടിമരത്തിന് മുകളിലെ വാഹനം ക്ഷേത്രം തന്ത്രിക്ക് അവകാശപ്പെട്ടതെന്നാണ് തന്ത്രസമുച്ചയത്തിന്‍റെ പത്താം അധ്യായത്തില്‍ പറയുന്നതെന്നാണ് മറ്റ് ക്ഷേത്രങ്ങളിലെ തന്ത്രിമാര്‍ പറയുന്നത്. 1971ല്‍ നിര്‍മിച്ച കൊടിമരം മാറ്റി 2017ല്‍ ആണ് ശബരിമലയില്‍ പുതിയ കൊടിമരം സ്ഥാപിക്കുന്നത്. 2017 ഫെബ്രുവരി17ന് ആയിരുന്നു ചടങ്ങുകള്‍. ആ സമയത്ത് ആചാരപ്രകാരം ഔദ്യോഗികമായി വാജി വാഹനം തന്ത്രി കണ്ഠര് രാജീവര്‍ക്ക് കൈമാറിയെന്ന് നിയോഗിച്ച അഭിഭാഷക കമ്മിഷൻ എൻ.ആർ.സി. കുറുപ്പ് വ്യക്തമാക്കിയിരുന്നു. ഈ വാഹനമാണ് ഹൈദരാബാദിലെ വ്യവസായിക്ക് കൈമാറിയതായി ആരോപണം ഉയര്‍ന്നത്. ഇതോടെ വാജിവാഹനം തന്‍റെ വീട്ടിലുണ്ടെന്നും തിരിച്ചെടുക്കണമെന്നും തന്ത്രി ഒക്ടോബര്‍ 17ന് ദേവസ്വം ബോര്‍ഡിന് കത്തു നല്‍കി. പക്ഷേ ദേവസ്വം ബോര്‍ഡ് ഇത് ഏറ്റെടുത്തിരുന്നില്ല. സ്വര്‍ണക്കൊള്ളയില്‍ തന്ത്രി അറസ്റ്റിലായതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘം വാജിവാഹനം തന്ത്രിയുടെ വീട്ടില്‍ നിന്നും ഏറ്റെടുത്തത്.